Wednesday, March 11, 2026 Last Updated 7 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 05.30 PM

‘പോക്കറ്റിൽ 25 രൂപയുമായി തൃശൂരില്‍ നിന്ന് യാത്ര തുടങ്ങിയ ആണ്‍കുട്ടി; ബെൽബോയിയിൽ നിന്ന് ആഗോള ഐക്കണായി മാറിയ കഥ...’ മിസ്റ്റര്‍ കുട്ടന്റെ കഥ പങ്കിട്ട് ഷെഫ് പിള്ള

കേരളത്തിന്റെ രുചിക്കൂട്ടുകളുടെ പെരുമ ലോകമെങ്ങും വിളമ്പിയ പാചകവിദഗ്ദ്ധനാണ് ഷെഫ് സുരേഷ് പിള്ള. ഇപ്പോഴിതാ ​തൃശൂരില്‍ നിന്ന് ബെല്‍ബോയിയായി യാത്ര തുടങ്ങിയ മിസ്റ്റര്‍ കുട്ടന്‍ എങ്ങനെയാണ് ഒരു ആഗോള ഐക്കണായി മാറിയതെന്ന് കുറിക്കുകയാണ് ഷെഫ് പിള്ള.
uploads/news/2026/01/820379/Untitled-6.jpg
Chef Pillai shares inspiring story of mr.kuttan (Image Source: Instagram)

കേരളീയ വിഭവങ്ങളുടെ പെരുമ ലോകമെങ്ങും വിളമ്പിയ പാചകവിദഗ്ദ്ധനാണ് ഷെഫ് സുരേഷ് പിള്ള. സ്നേഹം വാരി വിതറിയാണ് ഷെഫ് സുരേഷ് പിള്ളയുടെ ഓരോ ചുവടുകളും നടന്നു കയറിയത്. താഴെ തട്ടിൽ നിന്ന് നടന്നു വന്ന് വലിയ ഹോട്ടൽ ശ്രംഖലകളിൽ ഷെഫ് ആയി പിന്നീട് സ്വന്തമായി ഐഡന്റി നേടിയെടുത്ത പാചകവിദഗ്ദ്ധനാണ് ഷെഫ് പിള്ള.
ലണ്ടനിലെ പതിനാല് വര്‍ഷത്തെ പ്രശസ്തമായ പാചകജീവിതത്തിനു ശേഷം, റസ്റ്ററന്റ് ഷെഫ് പിള്ള എന്ന ബ്രാൻഡിൽ കേരളത്തിലങ്ങോളം സുരേഷ് പിള്ള റസ്റ്ററന്റ് ശൃംഖല നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും ചാനല്‍ ഷോ കളിലും റിയാലിറ്റി ഷോ കളിലുമെല്ലാം പ്രത്യക്ഷപ്പെടാറുള്ള ഷെഫ് പിള്ളയുടെ സിഗ്നേച്ചര്‍ രുചിക്കൂട്ടുകള്‍ ആസ്വദിക്കണമെന്ന് ആഗ്രഹിക്കാത്ത മലയാളികളില്ല. സോഷ്യല്‍ മീഡിയയിലൂടെ രുചിക്കൂട്ടുകള്‍ മാത്രമല്ല പ്രചോദനം നല്‍കുന്ന പല സാധാരണക്കാരുടെയും ജീവിതാനുഭവങ്ങളും ഷെഫ് പിള്ള പങ്കിടാറുണ്ട്.
ഇപ്പോഴിതാ മിസ്റ്റര്‍ കുട്ടന്‍ എന്ന കൊട്ടാരപ്പാട്ട് ചാട്ടുക്കുട്ടൻ എന്ന ബെല്‍ബോയിയുടെ പ്രചോദാത്മകമായ കഥ കുറിക്കുകയാണ് ഷെഫ് പിള്ള. യഥാർത്ഥ ആതിഥ്യമര്യാദ എന്താണെന്ന് ലോകത്തെ പഠിപ്പിച്ച ഒരു മലയാളിയുടെ കഥയാണിതെന്നും ഒരു ബെൽബോയിയിൽ നിന്ന് ഒരു ആഗോള ഐക്കണിലേക്ക് മിസ്റ്റര്‍ കുട്ടന്‍ എത്തിയത് എങ്ങനെയാണെന്നുമാണ് ഷെഫ് പിള്ള കുറിച്ചിരിക്കുന്നത്.
‘‘മിസ്റ്റർ കുട്ടൻ.
ഒരു മലയാളി....നമ്മൾ അറിയാതെ പോയ മഹാനായ ഒരു മലയാളി...
1938-ൽ, പോക്കറ്റിൽ 25 രൂപയുമായി ഒരു ആൺകുട്ടി തൃശ്ശൂരിൽ നിന്ന് പുറപ്പെട്ടു. മനസ്സിൽ ഭയവും, അന്തസ്സോടെ ജീവിക്കുക എന്ന ഒരു ലളിതമായ ഉദ്ദേശ്യവും മാത്രം.
അവന് മാതാപിതാക്കളെ നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു, ജീവിതം തന്നെ എവിടേക്ക് കൊണ്ടുപോകുമെന്ന് അവനറിയില്ലായിരുന്നു. അങ്ങനെ അവൻ കടൽ കടന്ന് ഇന്നത്തെ ശ്രീലങ്കയായ സിലോണിൽ എത്തി.
അവന്റെ പേര് കൊട്ടാരപ്പാട്ട് ചാട്ടുക്കുട്ടൻ.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വളരെ മുമ്പ്, 1942-ൽ, കൊളംബോയിലെ പ്രശസ്തമായ ഗാലെ ഫേസ് ഹോട്ടലിൽ അയാൾക്ക് ജോലി ലഭിച്ചു.
വെയിറ്ററായി അദ്ദേഹം ആരംഭിച്ചു. പിന്നീട് ഒരു ബെൽബോയ് ആയി. ഒടുവിൽ, ഒരു ഡോർമാനായി... പക്ഷേ അദ്ദേഹം യഥാർത്ഥത്തിൽ എന്തായി മാറി...അത് വളരെ വലുതായിരുന്നു.
മിസ്റ്റർ കുട്ടന്, ആതിഥ്യം ഒരിക്കലും ഒരു ജോലി വിവരണമായിരുന്നില്ല...രാജകുടുംബമായാലും ആദ്യമായി യാത്ര ചെയ്യുന്ന ആളായാലും എല്ലാ അതിഥികളെയും ഒരേ ബഹുമാനത്തോടെയാണ് പരിഗണിച്ചത്.
ഒരു പുഞ്ചിരിയും കണ്ണിലേക്ക് നോക്കിയുള്ള സംസാരവും കൈകൾ കൂപ്പിയുള്ള നില്‍പ്പും... ഹൃദയത്തിൽ നിന്ന് പറഞ്ഞ ഒരു വാക്കും, ‘ആയുബോവൻ...’
വർഷങ്ങൾ കടന്നുപോയി...പതിറ്റാണ്ടുകൾ കടന്നുപോയി..രാജാക്കന്മാർ വന്നു, പ്രസിഡന്റുമാർ വന്നു. കലാകാരന്മാർ, എഴുത്തുകാർ, ലോക നേതാക്കൾ വന്നു.
പക്ഷേ എല്ലാവരും ഓർത്തത് ഒരേ കാര്യം തന്നെയായിരുന്നു, അദ്ദേഹത്തിന്റെ പുഞ്ചിരി.
70 വർഷത്തിലേറെയായി അദ്ദേഹം ഒരേ ഹോട്ടലിൽ ജോലി ചെയ്തു. ലക്ഷക്കണക്കിന് അതിഥികളെ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര യാത്രാ മാസികകളുടെ കവറുകളിൽ പ്രത്യക്ഷപ്പെട്ടു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയതും ഏറ്റവും പ്രിയപ്പെട്ടതുമായ ഹോട്ടൽ ജീവനക്കാരിൽ ഒരാളായി.
ശ്രീലങ്ക അദ്ദേഹത്തെ ആഘോഷിച്ചു...ലോകം അദ്ദേഹത്തെ അഭിനന്ദിച്ചു...എന്നാൽ കേരളത്തിൽ തിരിച്ചെത്തിയപ്പോൾ, നമ്മളിൽ വളരെ കുറച്ചുപേർക്ക് മാത്രമേ അദ്ദേഹത്തിന്റെ കഥ അറിയൂ.
1920 ഫെബ്രുവരി 15 ന് ജനിച്ച ശ്രീ കുട്ടൻ 2014 നവംബർ 18 ന് 94 വയസ്സുള്ളപ്പോൾ അന്തരിച്ചു.
ഇത് ഒരു വെയിറ്ററുടെ കഥയല്ല...യഥാർത്ഥ ആതിഥ്യമര്യാദ എന്താണെന്ന് ലോകത്തെ പഠിപ്പിച്ച ഒരു മലയാളിയുടെ കഥയാണിത്.
തൃശൂർ മുതൽ കൊളംബോ വരെ...ഒരു ബെൽബോയിയിൽ നിന്ന് ഒരു ആഗോള ഐക്കണിലേക്ക്.
മിസ്റ്റർ കുട്ടൻ.
ലോകം ഓർക്കുന്ന ഒരു മലയാളി...നമ്മളും ഓർക്കേണ്ട ഒരാൾ...’’ എന്നാണ് ഷെഫ് പിള്ള മിസ്റ്റര്‍ കുട്ടന്റെ ചിത്രം പങ്കിട്ട് വൈകാരികമായി കുറിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW