Saturday, March 14, 2026 Last Updated 24 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 04.14 PM

‘ദിവസം ശരാശരി 2500-3000 രൂപ വരുമാനം, ചില മാസങ്ങളില്‍ 70,000 രൂപ വരെ; മുഹ്‌സിൻ...നീ ഒരു പ്രചോദനമാണ്...’ വൈറൽ കുറിപ്പുമായി ഷെഫ് പിള്ള

പാചകവിദഗ്ധനായ ഷെഫ് പിള്ള സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പലര്‍ക്കും പ്രചോദനമായിട്ടുണ്ട്. ഇപ്പോഴിതാ യാത്രയ്ക്കിടെ കണ്ടുമുട്ട ഒരു ബിടെക് ബിരുദധാരിയെക്കുറിച്ചുള്ള ഷെഫ് പിള്ളയുടെ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.
Chef Pillai, B.Tech graduate Uber Driver muhsin
Chef Suresh Pillai share inspiring journey of muhsin (Image Source: Instagram)

പാചകലോകത്ത് തന്റെ സിഗ്നേച്ചര്‍ പതിപ്പിച്ച ഷെഫ് പിള്ള എന്ന സുരേഷ് പിള്ള ഭക്ഷണപ്രേമികള്‍ക്ക് ഏറെയിഷ്ടമുള്ള ​പാചകവിദഗ്ധനാണ്. ഷെഫ് പിള്ളയുടെ സിഗ്നേച്ചർ വിഭവങ്ങള്‍ ഇഷ്‌ടപ്പെടാത്ത മലയാളികള്‍ ചുരുക്കമാണെന്നു തന്നെ പറയാം. ഷെഫ് പിള്ളയുടെ വിഭവങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത നാടന്‍ വിഭവങ്ങളുടെ തനിമ ഒട്ടും കുറയാതെ പുത്തൻ രുചികള്‍ കൂടി യോജിപ്പിച്ച്‌ പരീക്ഷിക്കുന്ന വിഭവങ്ങളാണ്. ലോകപ്രശസ്തി നേടിയ വിഭവങ്ങള്‍ സിനിമകളില്‍ പോലും എടുത്തു പറയപ്പെട്ടിട്ടുണ്ട്.
ടെലിവിഷന്‍ ഷോകളിലൂടെ ഇപ്പോള്‍ ഷെഫ് പിള്ള പ്രേക്ഷകര്‍ക്ക് കുറേക്കൂടി സുപരിചിതനായിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ അനുഭവ കഥകള്‍ പങ്കുവയ്ക്കുന്ന പിള്ളയുടെ കുറിപ്പുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണ് അദ്ദേഹത്തിന് ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം ഉള്ളത്. പാചകത്തെക്കുറിച്ച് മാത്രമല്ല താന്‍ കണ്ടുമുട്ടുന്ന വ്യത്യസ്തരായ ആളുകളെക്കുറിച്ചും, അനുഭവങ്ങളെക്കുറിച്ചും പ്രചോദനമായ വ്യക്തികളെക്കുറിച്ചും, നല്ല വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലകളെക്കുറിച്ചും, സൗഹൃദങ്ങളെക്കുറിച്ചും, തന്റെ ജീവനക്കാരെക്കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കിടാറുണ്ട്. വളരെ സാധാരണക്കാരായ പല വ്യക്തികളും ഷെഫ് പിള്ളയുടെ വാക്കുകളിലൂടെ ആളുകളറിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ താന്‍ യാത്രയ്ക്കിടെ കണ്ടുമുട്ട ഒരു ബിടെക് ബിരുദധാരിയെക്കുറിച്ചുള്ള ഷെഫ് പിള്ളയുടെ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. കൊച്ചിയില്‍ ഷെഫ് പിള്ള സഞ്ചരിച്ച ഊബറിലെ ഡ്രൈവറെക്കുറിച്ചാണ് പോസ്റ്റ്. 21 വയസ് മാത്രം പ്രായമുള്ള കാക്കനാട് സ്വദേശി മുഹ്‌സിൻ എന്ന ചെറുപ്പക്കാരനാണത്. മുഹ്‌സിൻ ബി-ടെക് വിദ്യാർത്ഥിയാണെന്നും തന്റെ പഠനച്ചെലവുകള്‍ക്കായി വാരാന്ത്യത്തിലും അവധി ദിവസങ്ങളിലും അവൻ ഊബർ ഓടിക്കുന്നുണ്ടെന്നും ഷെഫ് പിള്ള കുറിച്ചു. എല്ലാത്തിനും ഒഴിവുകഴിവുകള്‍ പറയുന്നവരുള്ള ഈ കാലത്ത് കഷ്‌ടപ്പെടാൻ മനസുണ്ടെങ്കില്‍ വഴികള്‍ എപ്പോഴും ഉണ്ടാകുമെന്നും കഴിഞ്ഞ നാല് വർഷമായി പഠനത്തിനായി ഒരു രൂപ പോലും മുഹ്‌സിൻ വീട്ടില്‍ നിന്ന് വാങ്ങിയിട്ടില്ലെന്നും ഷെഫ് പിള്ളയുടെ കുറിപ്പിലുണ്ട്.
‘‘പരിശ്രമമുള്ളിടത്ത്, എപ്പോഴും അവസരമുണ്ട്...
ഇന്ന് കൊച്ചിയില്‍ ഒരു ഊബർ യാത്ര. യാത്രയ്ക്കിടയില്‍ ഡ്രൈവറുമായി നല്ലൊരു പരിചയം കൂടി.
മുഹ്‌സിൻ...വീട് - കാക്കനാട്...വയസ് - 21...ഫൈനല്‍ ഇയർ ബിടെക് വിദ്യാർത്ഥി.
യാത്രയ്ക്കിടയില്‍ കുറേ സംസാരിച്ചു.
വെക്കേഷൻ സമയത്തും വാരാന്ത്യങ്ങളിലും ചേട്ടന്റെ കാറെടുത്ത് ഊബർ ഓടിക്കും. രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ.
ദിവസം ശരാശരി 2500-3000 രൂപ വരുമാനം...ഇന്ധനച്ചെലവ് ഏകദേശം 800 രൂപ...ചില മാസങ്ങളില്‍ 70,000 രൂപ വരെ കൈവരുമത്രേ.
പിന്നെ അവൻ പറഞ്ഞ ഒരു വാക്ക്…
എന്നെ നിശ്ശബ്ദനാക്കി. കഴിഞ്ഞ നാല് വർഷമായി കോളേജ് ഫീസിന് വീട്ടില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഊബർ തുടങ്ങുന്നതിന് മുമ്പും പല പാർട്ട്‌-ടൈം ജോലികള്‍ ചെയ്തിട്ടുണ്ട്.
ഞാൻ ചോദിച്ചു:
‘ഇതിനിടയില്‍ പഠനം മാനേജ് ചെയ്യാൻ ബുദ്ധിമുട്ടില്ലേ?’
മുഹ്‌സിൻ ചിരിച്ചുകൊണ്ട് പറഞ്ഞു:
‘പഠിത്തമൊക്കെ ഉഷാറായി പോകുന്നു. നാട്ടില്‍ ജോലി ഇല്ലെന്ന് പറയുന്നത് പലപ്പോഴും ഒരു എസ്ക്യൂസ്‌ ആണ്. കഷ്ടപ്പെടാൻ മനസ്സുണ്ടെങ്കില്‍ വഴികള്‍ എപ്പോഴും ഉണ്ടാകും...’ കുട്ടിത്തം വിട്ടുമാറാത്ത മുഖം...പക്ഷേ വാക്കുകളില്‍ അസാധാരണമായ പക്വതയും ആത്മവിശ്വാസവും....ഇത്തരം യുവാക്കളാണ് നമ്മുടെ നാടിന്റെ യഥാർത്ഥ ശക്തിയും ഭാവിയും. മുഹ്‌സിൻ...നീ ഒരു പ്രചോദനമാണ്...’’ മുഹ്സിനൊപ്പമുള്ള ചിത്രം പങ്കിട്ട് ഷെഫ് പിള്ള കുറിച്ചു. പോസ്റ്റിനു താഴെ നിരവധി പേരാണ് മുഹ്സിന് ആശംസകളും പ്രാര്‍ത്ഥനകളും പ്രചോദനമാണെന്നും കുറിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW