-->
വിവാഹാഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് റാപ്പര്‍ വേടന്‍. വേടനും പ്രതിശ്രുത വധു നവമി ലതയും സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പങ്കിട്ടത്. ഇന്നാണ് വേടന്റെയും നവമിയുടെയും റജിസ്റ്റര്‍ വിവാഹം. തൃശൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസില്‍ വെച്ചാണ് ഇരുവരും വിവാഹിതരാകുന്നത്.
എഴുത്തുകാരിയാണ് നവമി ലത. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. പൊതുവേദികളില്‍ വേടനൊപ്പം നവമി ലതയും എത്താറുണ്ടായിരുന്നു. 2025 ല്‍ വേടന്‍ പുറത്തിറക്കിയ മോണലോവ എന്ന പാട്ട് തന്റെ കാമുകിക്ക് വേണ്ടി എഴുതിയതാണെന്ന് മുന്‍പ് വേടന്‍ വെളിപ്പെടുത്തിയിരുന്നു. കാമുകിക്കുളള സമ്മാനമാണ് മോണലോവ എന്നാണ് വേടന്‍ പറഞ്ഞത്. കാമുകിയെ മോണലോവ അഗ്നിപര്‍വതത്തോട് ഉപമിച്ചാണ് വേടന്‍ പാട്ട് എഴുതിയത്. ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ ദനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ധര്‍മശാലയില്‍ സര്‍ക്കാര്‍ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലില്‍ വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ. വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം പരസ്യപ്പെടുത്തിയത്. പിന്നീട് വേടനും ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.