-->
റീല്‍ ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ അഴുക്കുചാലില്‍ വീണ 22-കാരിയെ അതിവിദഗ്ധമായി രക്ഷപ്പെടുത്തി ഡല്‍ഹി പോലീസ്. നജഫ്ഗഡിലെ വീടിന് സമീപമുള്ള തുറന്ന അഴുക്കുചാലിലേക്കാണ് യുവതി കാല്‍വഴുതിവീണത്. ആഴമേറിയ ചാലിലെ മലിനജലത്തില്‍ കഴുത്തോളം മുങ്ങിയ നിലയിലായിരുന്നു യുവതി. സഹായത്തിനായി നിലവിളിച്ച യുവതിയെ, പട്രോളിംഗിനിടെ ശബ്ദം കേട്ടെത്തിയ പോലീസ് സംഘമാണ് രക്ഷപ്പെടുത്തിയത്. പോലീസ് ഉദ്യോഗസ്ഥര്‍ കൈകോര്‍ത്തുപിടിച്ചും കയര്‍ നല്‍കിയും അതീവ പ്രയത്‌നത്തിലൂടെയാണ് യുവതിയെ കരയ്‌ക്കെത്തിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ ഡല്‍ഹി പോലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വൈറലാകുന്ന ദൃശ്യങ്ങളില്‍ കയറില്‍ തൂങ്ങി കരയ്ക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ പലതവണ യുവതി വീണ്ടും മലിനജലത്തിലേക്ക് വീഴുന്നത് കാണാം. താന്‍ അപകടകരമായ സ്റ്റണ്ടുകള്‍ ചെയ്യുകയായിരുന്നില്ലെന്നും, മറിച്ച് പ്രദേശത്തെ അഴുക്കുചാലുകള്‍ മാലിന്യം നിറഞ്ഞ് അടഞ്ഞുപോകുന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വീഡിയോ എടുക്കുകയായിരുന്നുവെന്നും യുവതി പിന്നീട് വ്യക്തമാക്കി.
വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പൊതുയിടം വൃത്തിയായി സൂക്ഷിക്കണമെന്ന യുവതിയുടെ സന്ദേശത്തെയും ഉദ്ദേശശുദ്ധിയെയും ചിലര്‍ അഭിനന്ദിച്ചപ്പോള്‍, സ്വന്തം സുരക്ഷ അവഗണിച്ച് ഇത്തരം ചിത്രീകരണങ്ങള്‍ക്ക് മുതിര്‍ന്നതിനെ മറ്റുചിലര്‍ വിമര്‍ശിച്ചു. കൃത്യസമയത്ത് ഇടപെട്ട് ജീവന്‍ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.