-->
ലോകമെമ്പാടും കടലാമകള്‍ വംശനാശഭീഷണി നേരിടുമ്പോള്‍ ലക്ഷദ്വീപില്‍ ഇവയുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്നത് പുതിയ പാരിസ്ഥിതിക പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ദ്വീപിലെ കടലാമകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദ്വീപിന്റെ തീരത്തുള്ള ആഴം കുറഞ്ഞ ഭാഗങ്ങളിലെ (ലഗൂണുകള്‍) കടല്‍പ്പുല്ലുകള്‍ ഇവ വന്‍തോതില്‍ തിന്നുതീര്‍ക്കുന്നത് കടലിലെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു എന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കടല്‍വെള്ളത്തിലെ കാര്‍ബണ്‍ ആഗിരണം ചെയ്യാനും ഓക്‌സിജന്‍ പുറത്തുവിടാനും കഴിവുള്ള ഈ കടല്‍പ്പുല്‍ത്തടങ്ങള്‍ കടലിന്റെ ശ്വാസകോശമായാണ് അറിയപ്പെടുന്നത്. വാണിജ്യപ്രാധാന്യമുള്ള പല മത്സ്യങ്ങളുടെയും പ്രജനന കേന്ദ്രം കൂടിയാണിവ. കൂടാതെ, ശക്തമായ തിരമാലകളില്‍ നിന്ന് തീരത്തെ സംരക്ഷിക്കുന്ന സ്വാഭാവിക മതിലായും കടല്‍പ്പുല്ലുകള്‍ പ്രവര്‍ത്തിക്കുന്നു. കടലാമകള്‍ ഇവ അമിതമായി ആഹാരമാക്കുന്നത് മത്സ്യസമ്പത്തിനെ കുറയ്ക്കാനും കടല്‍ക്ഷോഭം വര്‍ധിക്കാനും ഇടയാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഈ സാഹചര്യം നേരിടാന്‍ കടലാമകളെ ദ്രോഹിക്കാതെ തന്നെ കടല്‍പ്പുല്ലുകളെ സംരക്ഷിക്കുന്ന വിദ്യയാണ് ലക്ഷദ്വീപ് വനം വകുപ്പും നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും ചേര്‍ന്ന് നടപ്പിലാക്കുന്നത്. കടലിനടിയില്‍ ചെറുവേലികള്‍ സ്ഥാപിച്ച് കടലാമകള്‍ക്ക് കടക്കാന്‍ കഴിയാത്ത വിധം സുരക്ഷിതമായ ഇടങ്ങള്‍ ഒരുക്കുകയാണ് ചെയ്യുന്നത്. ഇത്തരം 'വേലികള്‍ക്കുള്ളില്‍' കടല്‍പ്പുല്ലുകള്‍ തഴച്ചുവളരുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ശാസ്ത്രീയ കണ്ടെത്തലുകളും പ്രദേശവാസികളുടെ അറിവും ഉപയോഗപ്പെടുത്തി സുസ്ഥിരമായ ഒരു സംരക്ഷണ പദ്ധതിയാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.