-->
ദോഹ: മടപ്പള്ളി ഗവണ്മെന്റ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ ഖത്തറിലെ കൂട്ടായ്മയായ ജിമാക് (GMAQ) പ്രൗഢഗംഭീരമായ ചടങ്ങുകളോടെ പ്രവർത്തനമാരംഭിച്ചു. വക്രയിലെ ഡി.പി.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഖത്തർ തൊഴിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഖാലിദ് അബ്ദുൽറഹ്മാൻ അൽഫഖ്റു ഉദ്ഘാടനം നിർവഹിച്ചു.മടപ്പള്ളി കോളേജ് പൂർവ വിദ്യാർത്ഥി കൂടിയായ പ്രമുഖ പ്രവാസി വ്യവസായി ഡോ. ഗോകുലം ഗോപാലൻ സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തു.
വിവിധ മേഖലകളിൽ നൽകിയ നിസ്തുല സംഭാവനകൾ പരിഗണിച്ച് ഡോ. ഗോകുലം ഗോപാലനെ ചടങ്ങിൽ ആദരിച്ചു. ഖാലിദ് അബ്ദുൽറഹ്മാൻ അൽ ഫഖ്റു ഉപഹാരം സമർപ്പിച്ചു. ഓർഗനൈസിങ് കൺവീനർ ശ്രീനാഥ് പറമ്പത്ത് പൊന്നാടയണിയിച്ചു. ഡോ. ഗോകുലം ഗോപാലൻ തന്റെ പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും കോളേജ് കാലത്തെ ഓർമ്മകളും പങ്കുവെച്ചത് സദസ്സിന് വേറിട്ട അനുഭവമായി.
ഖത്തറിൽ 40 വർഷം പൂർത്തിയാക്കിയ പൂർവ വിദ്യാർത്ഥികളായ എം.വി. സിറാജുദ്ദീൻ, കെ.കെ. യൂസഫ്, എം.വി. അബൂതയ്യിബ്, പി. ഹമീദ് എന്നിവരെ ആദരിച്ചു. മണികണ്ഠൻ (ICC), ഷാനവാസ് ബാവ (ICBF), അൻവർ ഹുസൈൻ (റേഡിയോ മലയാളം), എബ്രഹാം ജോസഫ് (ICC) എന്നിവർ മെമെന്റോകൾ വിതരണം ചെയ്തു.'റീകണക്ട്' എന്ന പേരിൽ തയ്യാറാക്കിയ സോവനീർ മുഖ്യ പ്രായോജകരായ കോൺകോർഡ് ഗ്രൂപ്പ് സാരഥി ജുബീഷ് പ്രകാശനം ചെയ്തു.
ജിമാക് പ്രസിഡന്റ് ഫൈസൽ കേളോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർമാൻ ആഷിഖ് അഹ്മദ് സ്വാഗതവും ജനറൽ സെക്രട്ടറി ബിജു നന്ദിയും പറഞ്ഞു.വിജേഷ് ഗോപാൽ, ചിത്ര അരുൺ, വിഷ്ണു വർദ്ധൻ തുടങ്ങിയവർ നയിച്ച സംഗീത വിരുന്നും ജിമാക്അംഗമായ സുധൻ കൈവേലിയുടെ ഹാസ്യ പ്രകടനവും പരിപാടിക്ക് മാറ്റ് കൂട്ടി.
ഷഫീക്ക് അറക്കൽ