-->
ജോലിസ്ഥലത്ത് തൊഴിലാളികള്‍ പ്രത്യേകിച്ചും സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ പലപ്പോഴും ചര്‍ച്ചചെയ്യപ്പെടാറുണ്ട്. അത്തരത്തിലുള്ള ഒരു അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. 15 മാസം പ്രായമുള്ള മകള്‍ തീരെ വയ്യാതെ ആശുപത്രിയിലായിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ മാനേജരുടെ പെരുമാറ്റത്തെ കുറിച്ചാണ് യുവതി റെഡ്ഡിറ്റില്‍ കുറിച്ചിരിക്കുന്നത്.
ബെംഗളൂരുവില്‍ കസ്റ്റമര്‍ സര്‍വീസ് പ്രൊഫഷണലാണ് യുവതി. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവരുടെ കുഞ്ഞിന് പെട്ടെന്ന് അപസ്മാരം ഉണ്ടായത്. പിന്നീട് നാല് ദിവസത്തോളം മാറാത്ത പനിയുമായിരുന്നു. തന്റെ ഉറ്റ സുഹൃത്തു കൂടിയാണെന്ന് കരുതിയിരുന്ന മാനേജരോടാണ് ഈ ഘട്ടത്തില്‍ യുവതി സഹായം അഭ്യര്‍ത്ഥിച്ചത്. എന്നാല്‍, മറ്റൊരു ജീവനക്കാരന്‍ അവധിയിലാണെന്നും അതിനാല്‍ അവധി നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു മാനേജരുടെ മറുപടി. മകളുടെ ആരോഗ്യനില അങ്ങേയറ്റം മോശമാണെന്ന് അറിയിച്ചപ്പോള്‍, മറ്റൊരാളെ നേരത്തെ ലോഗിന്‍ ചെയ്യാന്‍ ഏര്‍പ്പാടാക്കിയിട്ട് കുറച്ച് മണിക്കൂറുകളെങ്കിലും ജോലി ചെയ്യൂ എന്നായിരുന്നത്രെ നിര്‍ദ്ദേശം.
ബുധനാഴ്ചയോടെ കുഞ്ഞിന്റെ നില കൂടുതല്‍ വഷളായി. തുടര്‍ന്ന് യുവതി വീണ്ടും അവധി ആവശ്യപ്പെട്ടു. എന്നാല്‍ അപ്പോഴും 'ഹാഫ് ഡേ' എങ്കിലും ജോലി ചെയ്യണമെന്നായിരുന്നു മാനേജരുടെ നിര്‍ദ്ദേശം. ഒടുവില്‍ കുടുംബമാണ് വലുതെന്ന് വച്ച് യുവതി ജോലി വിടാന്‍ തീരുമാനിക്കുകയായിരുന്നു. 'എന്റെ മകളേക്കാള്‍ വലുതല്ല ഈ ലോകത്ത് മറ്റൊന്നും. അവധിക്ക് വേണ്ടി എനിക്ക് വിശദീകരണം നല്‍കേണ്ടി വരരുത്, വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരരുത്' എന്നും യുവതി തന്റെ പോസ്റ്റില്‍ കുറിച്ചു.
അതുപോലെ, യുവതിയുടെ ഭര്‍ത്താവിനോട് അദ്ദേഹത്തിന്റെ ഓഫീസ് കാണിച്ച നിലപാടും ചര്‍ച്ചയായി. കുഞ്ഞിന്റെ ചികിത്സയ്ക്കായി അവധി ചോദിച്ച ഭര്‍ത്താവിനോട് അദ്ദേഹത്തിന്റെ മാനേജര്‍ വളരെ അനുഭാവപൂര്‍വ്വമാണ് പെരുമാറിയത്. കുഞ്ഞ് സുഖമില്ലാതെ ഇരിക്കുമ്പോള്‍ എന്തിനാണ് നീ ജോലി ചെയ്യുന്നതെന്ന് പോലും അദ്ദേഹം ചോദിച്ചതായി യുവതി പറയുന്നു. സ്ഥാപനത്തിലെ മികച്ച പ്രകടനം നടത്തുന്ന ജീവനക്കാരിയായിട്ടും തനിക്ക് ലഭിച്ച ഈ അനുഭവം കണ്ണുതുറപ്പിക്കുന്നതാണെന്നും, ഇനി മുതല്‍ ജോലിയോടുള്ള തന്റെ മനോഭാവം മാറുമെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
നിരവധിപ്പേരാണ് മാനേജരെ വിമര്‍ശിച്ചുകൊണ്ട് പോസ്റ്റിന് കമന്റ് നല്‍കിയത്. 'മനുഷ്യരെ കേവലം വിഭവങ്ങളായി കാണാതെ മനുഷ്യരായി കാണുന്ന ഒരു ലോകമുണ്ടാകുമെന്ന് പ്രത്യാശിക്കാം' എന്ന് ഒരാള്‍ കുറിച്ചു. 'സ്ഥാപനങ്ങളിലെ പോളിസികളും സഹാനുഭൂതിയുമെല്ലാം പേപ്പറില്‍ മാത്രമാണെന്നത് കയ്‌പേറിയ യാഥാര്‍ത്ഥ്യമാണ്' എന്നായിരുന്നു മറ്റൊരു പ്രതികരണം.