-->
ശബരിമല: കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ശബരിമല തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടര്‍ന്ന് പതിനെട്ടാംപടി ഇറങ്ങി തിരുമുറ്റത്തെ ആഴിയില്‍ അഗ്‌നി പകര്‍ന്നതോടെ ഇരുമുടിക്കെട്ടെന്തി പതിനെട്ടാം പടിക്ക് താഴെ കാത്തുനിന്ന തീര്‍ഥാടകര്‍ പടി ചവിട്ടി സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ ആരംഭിച്ചു. നടതുറന്ന ഇന്ന് നല്ല തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്.
ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാവില്ല. നാളെ കുംഭമാസ പുലരിയില്‍ അഞ്ചിന് നട തുറക്കും. നാളെ പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനം, പതിവ് അഭിഷേകം തുടങ്ങിയ പൂജകള്‍ക്കുശേഷം, തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഗണപതിഹോമം, നെയ്യഭിഷേകം, അഷ്‌ടാഭിഷേകം, ഉഷപൂജ, കലശപൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നീ ചടങ്ങുകള്‍ക്കുശേഷം ഉച്ചയ്‌ക്ക് നടയടക്കും. തുടര്‍ന്ന് വെകിട്ട് 4 ന് നടതുറക്കും. 6.30 ന് ദീപാരാധനയ്‌ക്കുശേഷം, പടിപൂജ, പുഷ്‌പ്പാഭിഷേകം, അത്താഴപൂജ എന്നീ ചടങ്ങുകളും നടക്കും. രാത്രി പത്തിന് ഹരിവരാസനം പാടി നട അടക്കും. കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി 17 ന് രാത്രി ശബരിമല നടയടക്കും.