-->
തിരുവനന്തപുരം/കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് വീണ്ടും സ്‌ത്രീവിഷയത്തില്‍ കുടുങ്ങി മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. മന്ത്രിയുടെ വിവാഹേതരബന്ധം കണ്ടെത്തിയതിനേത്തുടര്‍ന്ന് ഭാര്യ ബിന്ദു മേനോന്‍ നല്‍കിയ പരാതി പോലീസ് അവഗണിച്ചെന്നാണ് ആരോപണം. മന്ത്രിയും ജീവനക്കാരും ചേര്‍ന്ന് ബിന്ദുവിനെ ആക്രമിച്ചെന്നും അവര്‍ക്കെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു. സംസ്‌ഥാന വൈസ് പ്രസിഡന്റ് എം.ജെ. യദുകൃഷ്‌ണന്‍ ഡി.ജി.പിക്കു പരാതി നല്‍കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.
തനിക്ക് ഒന്നല്ല, 5000 പ്രണയമുണ്ടെന്നു തുറന്നടിച്ച് ഗണേഷ്‌കുമാര്‍ പിന്നീട് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. ഭാര്യയുടെ പരാതിയെക്കുറിച്ചുള്ള ചോദ്യത്തിന്, 'വട്ട് മൂത്താല്‍ ആര്‍ക്കും 112-ല്‍ വിളിക്കാം' എന്നായിരുന്നു മറുപടി. ഇതില്‍ പ്രകോപിതയായ മന്ത്രിയുടെ ഭാര്യ ആരോപണം പരസ്യമായി ഉന്നയിച്ച് മാധ്യമങ്ങളോടു പ്രതികരിച്ചു. സമാനമായ ആരോപണമുന്നയിച്ച ആദ്യഭാര്യ യാമിനി തങ്കച്ചിയുമായി ബന്ധം പിരിഞ്ഞശേഷം 2014-ലാണ് ഗണേഷ്‌കുമാര്‍ ബിന്ദു മേനോനെ വിവാഹം കഴിച്ചത്.
വാളകത്തെ വീട്ടിലെ കിടപ്പറയില്‍ മന്ത്രിയെ മറ്റൊരു സ്‌ത്രീക്കൊപ്പം കണ്ടെന്നും അതിന്റെ ചിത്രങ്ങള്‍ തെളിവായുണ്ടെന്നും ബിന്ദു മേനോന്‍ പറഞ്ഞു. ചിത്രങ്ങളെടുത്ത മൊബൈല്‍ ഫോണ്‍ മന്ത്രിയുടെ ജീവനക്കാര്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് തന്റെ ബന്ധുകൂടിയായ മുന്‍ ഡി.ജി.പി: ആര്‍. ശ്രീലേഖയെ വിവരമറിച്ചെന്നും അവര്‍ വ്യക്‌തമാക്കി. ശ്രീലേഖയാണ് പോലീസിന്റെ ടോള്‍ഫ്രീ നമ്പറായ 112-ല്‍ വിളിച്ച് പരാതിപ്പെടാന്‍ നിര്‍ദേശിച്ചത്. വിവാഹശേഷം ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. 2019-ല്‍ വലിയ പ്രശ്‌നമുണ്ടായപ്പോഴും ശ്രീലേഖയെ വിവരമറിയിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് ആരെയും അറിയിക്കാതെ വാളകത്തെ വീട്ടിലെത്തിയതെന്നു ബിന്ദു പറഞ്ഞു. അവിടെ കിടപ്പറയില്‍ കണ്ടകാര്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. എല്ലാ ചിത്രങ്ങളും തന്റെ കൈയിലുണ്ട്. ചിലര്‍ ഇടപെട്ട് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതോടെയാണ് ശ്രീലേഖയെ വിളിച്ച് ഉപദേശം തേടിയത്. ശ്രീലേഖ നിര്‍ദേശിച്ചതനുസരിച്ച് 112-ല്‍ വിളിച്ച് പരാതിപ്പെട്ടു. പോലീസ് സ്‌ഥലത്തെത്തിയെങ്കിലും വീട്ടിലേക്കു കയറാന്‍ പ്രദീപ് എന്നയാള്‍ സമ്മതിച്ചില്ല. പോലീസ് വരുന്നതിനു മുമ്പേ സ്‌ത്രീയെ അവിടെനിന്നു മാറ്റി. ഗണേഷ്‌കുമാര്‍ വീടിനുള്ളിലേക്ക് ഓടിപ്പോയി. യാമിനി തങ്കച്ചിയാണോ എന്നാണ് പോലീസ് ചോദിച്ചത്. സാറിനൊരു തെറ്റുപറ്റിയെന്നു പറഞ്ഞ് മന്ത്രിയുടെ സ്‌റ്റാഫ് മനോജ് തന്റെ കാലില്‍ വീണു. അതിന്റെയെല്ലാം തെളിവ് കൈയിലുണ്ട്. ഗണേഷ്‌കുമാര്‍ രണ്ടുമാസമായി മൊബൈല്‍ ഫോണില്‍ തന്നെ ബ്ലോക്ക് ചെയ്‌തിരിക്കയാണ്. മാപ്പ് പറഞ്ഞിരുന്നെങ്കില്‍ താനൊന്നും വെളിപ്പെടുത്തില്ലായിരുന്നു. അത് ചെയ്യാതെ തനിക്കെതിരേ പത്രസമ്മേളനം നടത്തി. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മകളേയും താന്‍ അറിയിച്ചിരുന്നെന്നു ബിന്ദു പറഞ്ഞു.
ഒന്നല്ല, അയ്യായിരം പ്രണയമുണ്ടെന്നു ഗണേഷ്
കൊല്ലം: തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കാതെയും പ്രണയത്തിന്റെ മഹത്വം വര്‍ണിച്ചും മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. തനിക്ക് ഒന്നല്ല, അയ്യായിരം പ്രണയങ്ങളുണ്ടെന്നും പ്രണയമില്ലാത്തവന്‍ പൊട്ടനാണെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രിയുടെ മറുപടി.
എല്ലാവര്‍ക്കും പ്രണയമുണ്ട്. ചിലര്‍ ഒളിച്ചുവയ്‌ക്കുന്നു. ചിലര്‍ പരസ്യമായി പറയുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രണയമുണ്ടായിരുന്നത് ജവഹര്‍ലാല്‍ നെഹ്‌റുവിനാണ്. രാജീവ് ഗാന്ധി പ്രണയിച്ചാണ് കല്യാണം കഴിച്ചത്. ഗണേഷ്‌കുമാറിനു പ്രണയമുണ്ടോയെന്ന ചോദ്യം മാധവിക്കുട്ടിക്കു പ്രണയമുണ്ടോയെന്ന് ചോദിക്കുന്നതു പോലെയാണ്. ഗണേഷ്‌കുമാറിന് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. പ്രണയം ഇല്ലാത്തവന്‍ പൊട്ടനാണ്. അവന് തലയ്‌ക്കെന്തെങ്കിലും അസുഖം കാണും. കോണ്‍ഗ്രസും യു.ഡി.എഫുമാണ് ആരോപണങ്ങള്‍ക്കു പിന്നില്‍. ബി.ജെ.പിയും അതില്‍ പങ്കാളിയാണ്. പത്തനാപുരം നിയോജകമണ്ഡലത്തില്‍ ഇത്തരം കഥകള്‍ ഏശില്ല. 2001-ലെ തെരഞ്ഞെടുപ്പുകാലത്ത് തന്നെക്കുറിച്ചു പറയാത്ത അസഭ്യങ്ങളില്ല. അന്ന് ഭാര്യയായിരുന്ന സ്‌ത്രീ 25 പേജുള്ള പുസ്‌തകം അച്ചടിച്ച് തനിക്കെതിരേ വിതരണം ചെയ്‌തു.
ഇതൊന്നും കേരളജനതയ്‌ക്ക് ആവശ്യമില്ല. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ഒന്നടങ്കം തന്നോടൊപ്പമാണ്. എപ്പോഴും ശത്രുക്കള്‍ വീടിനുള്ളില്‍നിന്നാണ്. ആരാണ് ഈ ശ്രീലേഖ? അവര്‍ക്ക് മേയറാകാന്‍ പറ്റാത്തതിന്റെ കുശുമ്പാണ്. വട്ട് മൂത്താല്‍ ആര്‍ക്കും 112-ല്‍ വിളിക്കാം. താന്‍ വന്‍ഭൂരിപക്ഷത്തോടെ പത്തനാപുരത്തു വിജയിക്കുമെന്നും ഗണേഷ്‌കുമാര്‍ അവകാശപ്പെട്ടു.