-->
അടിമാലി: അറുപത്തിമൂന്നു ലക്ഷം മുടക്കി മൂന്നു കുടുംബങ്ങള്‍ക്ക് മനോഹരമായി ഒരുക്കിയ മൂന്നു വീടുകളുടെ താക്കോലുകള്‍ ഇന്നു കൈമാറും. വ്യത്യസ്തമായ മാതൃക വിളിച്ചോരുന്ന വിധത്തിലാണ് അടിമാലി കൊല്ലമ്മാവുടി കെ.എന്‍ പ്രസാദും (കെ.എന്‍.പി പ്രസാദ്) ഇദ്ദേഹത്തിന്റെ കുടുംബവും പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന വിധത്തിലാണ് കിടപ്പാടവും ഭൂമിയും നല്‍കുന്ന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
അന്തിയുറങ്ങാന്‍ ഒരു തുണ്ട് ഭൂമിയോ കിടപ്പാടമോ ഇല്ലാത്ത നിര്‍ധനരായ മൂന്ന് വ്യത്യസ്ത മതവിഭാവങ്ങളില്‍ ഉള്ളവര്‍ക്കായാണ് ഇവ സമ്മാനിക്കുന്നത്. ഇരുമ്പുപാലം-മെഴുകുംചാല്‍- 200 ഏക്കര്‍ ബൈപ്പാസ് റോഡില്‍ അടിമാലി ടൗണിന് സമീപത്തായാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. സമീപ മേഖലകളില്‍ അഞ്ചു സെന്റ് ഭൂമി വീതമാണ് മൂന്നു കുടുംബങ്ങള്‍ക്കുമായി ഇവര്‍ കണ്ടെത്തിയത്. മൂന്നിടത്തും ഒരേ സമയം കെട്ടിട നിര്‍മാണം ആരംഭിച്ചിരുന്നു. എട്ടു മാസം എടുത്ത് ഒരേ മാതൃകയില്‍ പണികളും പൂര്‍ത്തിയാക്കി.
21 ലക്ഷം രൂപയാണ് ഭൂമി ഉള്‍പ്പടെ ഓരോ കുടുംബങ്ങള്‍ക്കുമായി ചെലവഴിച്ചത്. സിറ്റൗട്ടും രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയുമടക്കം 710 ചതുരശ്ര അടിയാണ് ഓരോ വീടിനുമുള്ളത്. വിശാലമായ മുറ്റത്തോടുകൂടി പൊതുവഴി സൗകര്യം ഉള്‍പ്പടെയുള്ള വീടുകളുടെ പെയിന്റിങ് സഹിതം പൂര്‍ത്തിയാക്കി മോടിപിടിപ്പിച്ചാണ് സ്‌നേഹഭവനങ്ങള്‍ കൈമാറുന്നത്. നിര്‍ധനരായ മൂന്ന് കുടുംബങ്ങളെ കണ്ടെത്തുന്നതും വിവിധ സമുദായ നേതാക്കളാണ്. എസ്.എന്‍.ഡി.പി യോഗം അടിമാലി ശാഖ നിശ്ചയിച്ച കുടുംബത്തിന് ഒരു ഭവനം കൈമാറും.
സെന്റ് ജൂഡ് ടൗണ്‍ പള്ളി വികാരിയുടെ നേതൃത്വത്തില്‍ കണ്ടെത്തിയ മറ്റൊരു കുടുംബത്തിനാണ് രണ്ടാമത്തെ വീട് നല്‍കുക. ടൗണ്‍ ജുമാ മസ്ജിദ് ഇമാമിന്റെ നേതൃത്വത്തില്‍ ഭരണസമിതി കണ്ടെത്തിയ കുടുംബത്തിന് മൂന്നാമത്തെ വീടും കൈമാറും. പണി പൂര്‍ത്തിയാക്കിയ വീടുകള്‍ക്ക് ചുറ്റുമതില്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ മതങ്ങളുടെ വിശ്വാസമനുസരിച്ച് തന്നെയാണ് പ്രാര്‍ത്ഥനകള്‍ പൂര്‍ത്തിയാക്കിയാണ് മൂന്ന് വീടുകള്‍ക്കും കട്ടിളവയ്പും നടന്നത്.
അടിമാലി ക്ഷേത്രം മേല്‍ ശാന്തി അജിത് മഠത്തുംമുറി, ഉസ്ദാദ് നൗഫല്‍ ബാഖവി, സെന്റ് ജൂഡ് ചര്‍ച്ച് വികാരി ജോര്‍ജ് പാട്ടത്തേക്കുഴി എന്നിവര്‍ ചേര്‍ന്ന് മൂന്നു വീടുകളുടെയും മതാചരപ്രകാരം ഏഴുമാസം മുമ്പ് കട്ടിള വെയ്പ് ചടങ്ങ് നടത്തിയിരുന്നു. ഇന്നു നടക്കുന്ന ലളിതമായ താക്കോല്‍ ദാന ചടങ്ങിനും സവിശേഷതകള്‍ ഏറെയാണ്. പ്രചരണങ്ങളോ ആര്‍ഭാടങ്ങളോ ഇല്ല. വിവിധ സാമുദായിക സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തുള്ളവര്‍ ചടങ്ങിന് സാക്ഷികളാകും. ലളിതമായ സ്‌നേഹവിരുന്നും ഒരുക്കും. പ്രസാദിന്റെ കുടുംബത്തില്‍ മറ്റൊരു സവിശേഷതയുമുണ്ട്.
കാന്തല്ലൂരില്‍ ബിസിനസ് നടത്തുമ്പോള്‍ 2006 ല്‍ ഇദ്ദേഹത്തിനും കുടുംബത്തിനുമായി അടിമാലി പൂഞ്ഞാര്‍കണ്ടത്ത് പുതിയ വീട് വാങ്ങിയിരുന്നു. ഇവിടെ താമസമാക്കുന്നതിന് മുന്‍പ് തന്നെ കാന്തല്ലൂരിലെ നിര്‍ധന കുടുംബത്തിന് മനോഹരമായ വീട് നിര്‍മിച്ചു നല്‍കിയിരുന്നു. മകളുടെ വിവാഹത്തിന് മുന്നോടിയായി നിര്‍ധന പെണ്‍കുട്ടിയുടെ വിവാഹത്തിന് സ്വര്‍ണാഭരണങ്ങളും പണവും നല്‍കി. കോവിഡിന്റെ പ്രതിസന്ധിഘട്ടത്തില്‍ ആയിരുന്നു മകന്റെ വിവാഹം. സാധു കുടുംബത്തിന് ഒരു വീട് നല്‍കണമെന്ന ആഗ്രഹം അന്ന് നടന്നില്ല. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ മൂന്നു കുടുംബങ്ങള്‍ക്കായി മനോഹരമായ സ്‌നേഹഭവനം പണി പൂര്‍ത്തിയാക്കി കൈമാറുന്നത്.
ഭൂമിയും പുതിയ വീടും അടങ്ങുന്ന വസ്തുവിന്റെ തീരാധാരവും ഇന്ന് കുടുംബത്തിന് കൈമാറും. പക്ഷേ വീട് വില്‍പന നടത്താന്‍ ഇവര്‍ക്ക് അവകാശം ഉണ്ടായിരിക്കില്ല. തലമുറയായി മാറി ഉപയോഗിക്കാനാകും. എന്നെങ്കിലും ഒരുകാലത്ത് ഇവര്‍ക്ക് വേണ്ടെന്നു തോന്നിയാല്‍ അതാത് മതവിഭാഗത്തെ വിവരം അറിയിച്ചാല്‍ അര്‍ഹരായ മറ്റൊരു സാധു കുടുംബത്തിന് വീട് കൈമാറുന്നതിനുള്ള വ്യവസ്ഥകളും ആധാരത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതും സവിശേഷതയാണ്.