-->
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ രണ്ടുപേര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത് ഗുരുതരകുറ്റം. കേസില്‍
പ്രീതി ഒന്നാം പ്രതിയും വന്ദന രണ്ടാം പ്രതിയുമാണ്. മനുഷ്യക്കടത്തും നിര്‍ബ്ബന്ധിത മതപരിവര്‍ത്തനവുമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. അതേസമയം ഇവരുടെ ജാമ്യാപേക്ഷ ഇന്ന് നല്‍കില്ല എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് മതപുരോഹിതരും സന്യാസ സമൂഹവും. പെണ്‍കുട്ടികളുടെ മൊഴികള്‍ ഏതുവിധത്തിലാണെന്ന് അറിഞ്ഞ ശേഷമായിരിക്കും ശേഷമുള്ള നീക്കം നടത്തുക.
പെണ്‍കുട്ടികള്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി ഏതു വിധത്തിലാണെന്ന് വ്യക്തതതയില്ല. കുട്ടികളുടെ മാതാപിതാക്കളുടെയും പെണ്‍കുട്ടികളുടേയും മൊഴി നല്‍കിയിരിക്കുന്നത് എങ്ങിനെയാണെന്നത് അറിഞ്ഞ ശേഷമായിരിക്കും നീക്കം നടത്തുക. നിലവില്‍ ഇവര്‍ക്കെതിരേ എടുത്തിരിക്കുന്ന കേസില്‍ കാണിച്ചിരിക്കുന്ന വകുപ്പ് നിലനില്‍ക്കുന്നതല്ലെന്നതാണ് സന്യാസസമൂഹം ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ സിഎസ്്‌ഐ വിഭാഗത്തില്‍ പെടുന്നവരാണ് മൂന്ന് കുട്ടികളും. അവരെ ഏതു മതത്തിലേക്കാണ് പരിവര്‍ത്തനം ചെയ്യിച്ചതെന്ന് വ്യക്തമാക്കുന്നതെന്നും പെണ്‍കുട്ടികളുമായി യാത്രയ്ക്ക് ട്രയിന്‍ പോലെയുള്ള പൊതുഗതാഗത സംവിധാനമാണ് ഉപയോഗപ്പെടുത്തിയത്. അത് എങ്ങിനെ മനുഷ്യക്കടത്താകും എന്നും ഇവര്‍ ചോദിക്കുന്നു. അതുപോലെ വെള്ളിയാഴ്ച രാവിലെ നടന്ന സംഭവത്തില്‍ കേസെടുത്തത് വൈകിട്ടാണെന്നും ചൂണ്ടിക്കാട്ടുന്നു.
അറസ്റ്റിലായിരിക്കുന്ന കന്യാസ്ത്രീകള്‍ ഇപ്പോള്‍ ദുര്‍ഗ് ജയിലിലാണ് ഉള്ളത്. ഇവര്‍ക്ക് ജാമ്യംതേടിയുള്ള നീക്കങ്ങള്‍ ഇന്നു നടത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും തീരുമാനം ഇപ്പോള്‍ താല്‍ക്കാലികമായി മാറ്റിയിരിക്കുകയാണ്. തിരുവസ്ത്രം അണിഞ്ഞ് പുറത്തുപോലും പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും സന്യാസസമൂഹം ആരോപിക്കുന്നു.