-->
തിരുവനന്തപുരം: ക്രൈസ്തവരുടെ മതവികാരത്തെ അവഹേളിക്കുന്ന കണ്ടന്റുകള്‍ക്കെതിരേ നിയമനടപടി ഉറപ്പാക്കണമെന്നും ദളിത്, നാടാര്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണവും തദ്ദേശ സ്ഥാപനങ്ങളില്‍ പദ്ധതി വിഹിതവും വേണമെന്ന് ശുപാര്‍ശ. ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റേതാണ് കണ്ടെത്തല്‍.
ക്രൈസ്തവ വിശ്വാസത്തെയും ആചാരങ്ങളെയും അവഹേളിക്കുന്ന സിനിമകള്‍, പ്രസിദ്ധീകരണം, ചിത്രങ്ങള്‍, എഴുത്ത് എന്നിവയ്ക്ക് എതിരേ നിയമനടപടി സ്വീകരിക്കണമെന്നും ജനസംഖ്യയ്ക്ക് അനുസരിച്ച് തദ്ദേശസ്ഥാപന പദ്ധതി വിഹിതത്തിന്റെ നിശ്ചിത ശതമാനം ദളിത്, നാടാര്‍ ക്രൈസ്തവ വിഭാഗങ്ങളുടെ ക്ഷേമത്തിനായി കൂടി വിനിയോഗിക്കണമെന്നും തീരപ്രദേശം ഉള്‍പ്പെടുത്തി പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുമ്പോള്‍ തീരദേശം അഞ്ചുകിലോമീറ്റര്‍ എങ്കിലും ഉള്‍പ്പെടുത്തണമെന്നും പറയുന്നു.
ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്‌കൂളുകളില്‍ (എല്‍.പി., യു.പി., എച്ച്.എസ്.) പഠിക്കുന്ന കുട്ടികള്‍ക്ക് ഉപരിപഠനത്തിന് അടുത്ത് സൗകര്യമില്ലെങ്കില്‍ നിലവിലെ സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യണം. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അധ്യക്ഷരായി റൊട്ടേഷന്‍ ക്രമത്തില്‍ ക്രൈസ്തവരെയും നിയമിക്കണം, പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിപവര്‍ത്തനത്തിന് വിധേയരാക്കുന്ന കേന്ദ്രങ്ങള്‍ ഉണ്ടോയെന്നു പോലീസ് പരിശോധിക്കണം. ഉണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരേ നിയമനടപടിയെടുക്കണം.
പുതിയവ്യവസ്ഥ പ്രകാരം ക്രിസ്ത്യാനി അല്ലാത്ത ഒരാളെ പള്ളിയില്‍ സഭാശുശ്രൂഷനടത്തി വിവാഹം കഴിപ്പിക്കേണ്ട സ്ഥിതിയുണ്ട്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇത്തരം വിവാഹം നടത്താമെന്നിരിക്കെ പുരോഹിതനെക്കൊണ്ട് നിര്‍ബ്ബന്ധിതമായി വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കാനും ചെയ്തില്ലെങ്കില്‍ ശിക്ഷിക്കാനുമുള്ള വ്യവസ്ഥ മതസ്വാതന്ത്ര്യത്തിനെതിരും വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ്. അതിനാല്‍ കേരളാ മാര്യേജ് രജിസ്‌ട്രേഷന്‍ ബില്‍ 2020 നടപ്പാക്കരുത്.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതും പുതിയതു പണിയാന്‍ കഴിവില്ലാത്തതുമായ പള്ളികളുടെ കെട്ടിടം പുതുക്കാന്‍ സഹായം നല്‍കണം,
കേരളത്തിലെ ആംഗ്ലോ-ഇന്ത്യന്‍ വിഭാഗക്കാരുടെ പാര്‍പ്പിടപ്രശ്‌നം, തൊഴിലില്ലായ്മ, വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ എന്നിവ പഠിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സിയെ നിയോഗിക്കണം.
സമുദ്രനിരപ്പില്‍നിന്ന് താഴെയുള്ള കുട്ടനാടിന് പ്രത്യേകപദവി നല്‍കി പാര്‍പ്പിടപദ്ധതി നടപ്പാക്കണം, മറ്റുസംസ്ഥാനങ്ങളില്‍ മത്സ്യബന്ധനയാനങ്ങള്‍ക്ക് പെര്‍മിറ്റ് ഫീസ് 5000 രൂപവരെയാണ്. കേരളത്തില്‍ 52,000 രൂപവരെയും. ഇത് മറ്റുസംസ്ഥാനങ്ങളുടേതിന് സമാനമാക്കണം