Friday, March 13, 2026 Last Updated 59 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.35 PM

നഴ്‌സ്‌ സമരത്തില്‍ കോഴിക്കോട്‌ സംഘര്‍ഷം; റോഡ്‌ ഉപരോധിച്ച്‌ പ്രതിഷേധം

uploads/news/2026/03/829312/k6.jpg

കോഴിക്കോട്‌: വേതന വര്‍ധനവുമായി ബന്ധപ്പെട്ട്‌ സമരംചെയ്ുന്ന നഴ്‌സുമാരില്‍ രണ്ടുപേരെ പിരിച്ചുവിട്ട കോഴിക്കോട്‌ ബേബി മെമ്മോറിയല്‍ ആശുപത്രി മാനേജ്‌മെന്റിന്റെ നടപടിക്കെതിരേ പ്രതിഷേധം. എരഞ്ഞിപ്പാലം-മാവൂര്‍ റോഡ്‌ നഴ്‌സുമാര്‍ ഉപരോധിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്നാണ്‌ യുണൈറ്റഡ്‌ നഴ്‌സ്‌ അസോസിയേഷന്റെ (യു.എന്‍.എ) അറിയിപ്പ്‌.
ഇന്നലെ രാവിലെ പത്തോടെ കോഴിക്കോട്‌ കലക്‌ടറേറ്റിനു മുന്നില്‍ നൂറുകണക്കിനു നഴ്‌സുമാര്‍ ധര്‍ണ നടത്തി. ഇതിനിടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സമരാനുകൂലികളായ നഴ്‌സിങ്‌് വിദ്യാര്‍ഥികളും ആശുപത്രി അധികൃതരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സമരത്തിനിറങ്ങിയ നഴ്‌സുമാരെ തടഞ്ഞെന്നും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമായിരുന്നു ആരോപണം. സമരംചെയ്‌തവരെ പിരിച്ചുവിടുമെന്ന്‌ മാനേജ്‌മെന്റ്‌ ഭീഷണിപ്പെടുത്തിയതായും നഴ്‌സുമാര്‍ പറയുന്നു. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ 24 മണിക്കൂറിനുള്ളില്‍ ഹോസ്‌റ്റല്‍ ഒഴിയാന്‍ നോട്ടീസ്‌ നല്‍കി മാനേജ്‌മെന്റ്‌ പ്രതികാര നടപടി സ്വീകരിച്ചെന്നും ആരോപണമുണ്ട്‌.
തുടര്‍ന്നാണ്‌ രണ്ടു കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടത്‌. ഇതോടെ നഴ്‌സുമാര്‍ സമരം ശക്‌തമാക്കുകയും ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തുകയും ചെയ്‌തു. ബി.ജെ.പി-യുവമോര്‍ച്ച നേതാക്കള്‍ ഇതിനിടെ ആശുപത്രിയിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചത്‌ സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചു. ആശുപത്രിക്കു മുന്നിലും റോഡിലും നഴ്‌സുമാര്‍ ഏറെനേരം ഉപരോധം നടത്തി. പോലീസെത്തിയാണു സംഘര്‍ഷം ഒഴിവാക്കിയത്‌.
ഇന്നലെ സമരം ചെയ്യുമെന്ന്‌ കഴിഞ്ഞദിവസം രാത്രിതന്നെ നഴ്‌സുമാര്‍ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നതാണെങ്കിലും രാവിലെ നഴ്‌സുമാരെ തടഞ്ഞുവെച്ച്‌ ജോലി ചെയ്ിപ്പിച്ചതായി യു.എന്‍.എ ഭാരവാഹികള്‍ ആരോപിച്ചു. ഇന്നലെ ജോലി ചെയ്യാത്ത മുഴുവന്‍ സ്‌റ്റാഫുകളെയും ടെര്‍മിനേറ്റ്‌ ചെയ്യുമെന്നാണ്‌ മാനേജ്‌മെന്റിന്റെ ഭീഷണിയെന്നും നഴ്‌സുമാര്‍ പറയുന്നു. അതേസമയം, നഴ്‌സുമാരെ കൈയേറ്റം ചെയ്‌തെന്ന ആരോപണം ആശുപത്രി മാനേജ്‌മെന്റ്‌ തള്ളി. സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്‌മെന്റും യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷനും തമ്മില്‍ ചര്‍ച്ച നടത്തുന്നുണ്ട്‌.
ശമ്പളവര്‍ധനയില്‍ യു.എന്‍.എയുമായി ധാരണയിലെത്താത്ത എറണാകുളം, തൃശൂര്‍, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍ ജില്ലകളിലെ ആശുപത്രികളിലാണ്‌ ഇപ്പോള്‍ സമരം നടക്കുന്നത്‌. മറ്റു ജില്ലകളിലെ ഇരുനൂറോളം സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ വേതനം നല്‍കാമെന്ന ഉറപ്പില്‍ സമരം പിന്‍വലിച്ചിരുന്നു.

മന്ത്രി റിയാസിനുനേരേ കൂകിവിളിച്ച്‌ നഴ്‌സുമാര്‍
കോഴിക്കോട്‌: പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ്‌ റിയാസിനെ കൂകിവിളിച്ചു നഴ്‌സുമാര്‍. ശമ്പളവര്‍ധന ആവശ്യപ്പെട്ടു കലക്‌റ്ററേറ്റിനു മുമ്പില്‍ സമരം ചെയ്‌ത നഴ്‌സുമാരാണു കൂകിവിളിച്ചത്‌.
നവീകരിച്ച മാനാഞ്ചിറ-മലാപ്പറമ്പ്‌ റോഡ്‌ ഉദ്‌ഘാടനശേഷം മന്ത്രിയെയും എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ്‌ ദേവര്‍കോവില്‍, മേയര്‍ ഒ.സദാശിവന്‍ എന്നിവരെയും തുറന്ന ജീപ്പില്‍ നിരവധി ബൈക്കുകളുടെ അകമ്പടിയില്‍ ആനയിച്ചു കൊണ്ടുപോകുമ്പോഴായിരുന്നു പ്രതിഷേധം. റോഡ്‌ ഷോ കടന്നുപോകവെ മന്ത്രി സമരക്കാരെ അഭിവാദ്യംചെയ്‌തു കൈവീശിയ സമയത്തായിരുന്നു കൂകിവിളി. എന്നാല്‍, മന്ത്രി ഗൗനിക്കാതെ റോഡ്‌ ഷോ തുടര്‍ന്നു.
കുറഞ്ഞ വേതനം 40,000 രൂപയാക്കാമെന്ന ധാരണാപത്രത്തില്‍ ഒപ്പുവയ്‌ക്കാന്‍ തയാറാകാത്ത സ്വകാര്യ ആശുപത്രികള്‍ക്കെതിരേയാണ്‌ യുണൈറ്റഡ്‌ നഴ്‌സ്‌ അസോസിയേഷന്റെ (യു.എന്‍.എ) നേതൃത്വത്തില്‍ പ്രതിഷേധം ശക്‌തമാകുന്നത്‌. കോഴിക്കോട്‌ കലക്‌ടറേറ്റിനുമുന്നില്‍ അഞ്ഞൂറോളം നഴ്‌സുമാര്‍ കുത്തിയിരുന്നു പ്രതിഷേധിക്കാനുണ്ടായിരുന്നു.

Ads by Google
Monday 09 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW