-->
ലണ്ടന്‍: ഇന്ത്യ-യു.കെ. സ്വതന്ത്ര വ്യാപാര കരാറിനെതിരേ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനം. കരാര്‍കൊണ്ട് ബ്രിട്ടന് ഒരു നേട്ടവുമില്ലെന്നും എന്നാല്‍, ഇന്ത്യയ്‌ക്കു നേട്ടമാണെന്നും ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന ചര്‍ച്ചയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ വിമര്‍ശിച്ചു. കരാര്‍ സാമ്പത്തിക, വ്യാപാര സന്തുലനം ഉറപ്പാക്കുന്നില്ല. ബ്രിട്ടനിലെ തൊഴിലോ ബിസിനസുകളോ ഈ കരാറുകൊണ്ട് സുരക്ഷിതമല്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറിനും ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രഖ്യാപിച്ച കരാറിനും മുമ്പേ ഒപ്പിട്ടതാണ് ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാര്‍.
'നല്ല എരിവുള്ള കറിയാണ് ഇന്ത്യയില്‍നിന്നു പ്രതീക്ഷിച്ചത്. പക്ഷേ, കിട്ടിയതു നനഞ്ഞ പപ്പടമാണ്.'-കരാറിനെ വിമര്‍ശിച്ചുകൊണ്ട് കണ്‍സര്‍വേറ്റീവ് എംപി ആന്‍ഡ്രൂ ഗ്രിഫിത്ത് പറഞ്ഞു. കരാര്‍ ഇന്ത്യയ്‌ക്കു മാത്രമാണ് അനുകൂലമെന്നും വിമര്‍ശനം. എന്നാല്‍, ബ്രിട്ടീഷ് കമ്പനികള്‍ ഈ കരാറിനെ കാണുന്നത് ''നല്ല തന്തൂരി' ആയാണെന്ന് യു.കെ. വ്യാപാരമന്ത്രി ക്രിസ് ബ്രയന്റ് തിരിച്ചടിച്ചു. ഇന്ത്യ വളര്‍ന്നുവരുന്ന ഉപഭോക്‌തൃവിപണിയാണെന്നും ബ്രിട്ടീഷ് കമ്പനികളെ കാത്തിരിക്കുന്നത് ശോഭനമായ ഭാവിയാണെന്നും മന്ത്രി പറഞ്ഞു. 2050 ല്‍ ഉയര്‍ന്ന വരുമാനമുള്ള 100 കോടിയിലധികം ഉപഭോക്‌താക്കളുള്ള രാജ്യമാകും ഇന്ത്യയെന്നും ബ്രയന്റ് പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് കുറഞ്ഞ വിലയുള്ള ഉല്‍പന്നങ്ങള്‍ വരുന്നത് ബ്രിട്ടീഷ് കമ്പനികളുടെ വരുമാനത്തെ ബാധിക്കുമെന്നാണു കരാറിനെതിരേയുള്ള പ്രധാനവിമര്‍ശനം. പല തൊഴില്‍ മേഖലയിലും കുറഞ്ഞ വേതനത്തിന് ഇന്ത്യക്കാരെ നിയമിക്കാന്‍ കഴിയും.
ഇത് ബ്രിട്ടീഷ് പൗരന്മാരുടെ ജോലിസാധ്യതയെ ബാധിക്കുമെന്നും ആന്‍ഡ്രൂ ഗ്രിഫിത്ത് വിമര്‍ശിച്ചു.
യു.കെ. സേവനങ്ങളെ, പ്രത്യേകിച്ച് നിയമ സേവനങ്ങളെ പിന്തുണയ്‌ക്കുന്നതിനുള്ള വ്യവസ്‌ഥകള്‍ ഉള്‍പ്പെടുത്താന്‍ കെയര്‍ സ്‌റ്റാര്‍മര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണു കരാറിനെതിരായ മറ്റൊരു വിമര്‍ശനം. മറ്റൊരു രാജ്യത്തിനുമില്ലാത്ത ആനുകൂല്യങ്ങളാണ് സ്വതന്ത്ര വ്യാപാരക്കരാര്‍ വഴി ബ്രിട്ടന്‍ ഇന്ത്യയ്‌ക്ക് കൊടുത്തതെന്ന് കണ്‍സര്‍വേറ്റീവ് എം.പിമാര്‍ വിമര്‍ശിച്ചു.
കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ഇന്ത്യയും യു.കെയും സ്വതന്ത്ര വ്യാപാരക്കരാറില്‍ ഒപ്പുവച്ചത്. 2030 ല്‍ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കി 112 ബില്യന്‍ ഡോളറില്‍ എത്തിക്കുകയാണു പ്രധാന ലക്ഷ്യം.