-->
ദോഹ :ആരോഗ്യവും കായികക്ഷമതയും ജീവിതചര്യയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ ഖത്തർ ഇന്ന് പതിനഞ്ചാമത് ദേശീയ കായിക ദിനം ആഘോഷിക്കുന്നു. "കായികം ഞാൻ തിരഞ്ഞെടുത്തു" (I Chose Sport) എന്ന കരുത്തുറ്റ പ്രമേയത്തിലാണ് 2026-ലെ കായിക ദിനം അരങ്ങേറുന്നത്. രാജ്യം മുഴുവൻ ഒരു വലിയ കായിക വേദിയായി മാറുന്ന ഇന്ന്, സ്വദേശികളും വിദേശികളും ഒരുപോലെ പങ്കുചേരുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പുലർച്ചെ മുതൽ തന്നെ ആസ്പയർ സോൺ, എജ്യൂക്കേഷൻ സിറ്റി, ലുസൈൽ, കോർണിഷ് എന്നിവിടങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കായിക വിനോദങ്ങളിൽ പങ്കുചേരാൻ എത്തിത്തുടങ്ങി. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2012 മുതൽ ആരംഭിച്ച ഈ കായിക മാമാങ്കം, ഓരോ വർഷവും കൂടുതൽ പങ്കാളിത്തത്തോടെയാണ് രാജ്യം ഏറ്റെടുക്കുന്നത്.
രാജ്യത്തുടനീളം 800-ലധികം കായിക വിനോദങ്ങളാണ് സംഘടി പ്പിച്ചിട്ടുള്ളത്.ആസ്പയർ സോൺ, എജ്യൂക്കേഷൻ സിറ്റി, ഖത്തർ യൂണിവേഴ്സിറ്റി, ഫിഫ വേൾഡ് കപ്പ് സ്റ്റേഡിയങ്ങൾ, ലുസൈൽ, അൽ ബിദ്ദ, കടാറ, മുശൈരിബ്, പേൾ ഖത്തർ എന്നിവയാണ് പ്രധാന വേദികൾ.ഈ വർഷം മുൻ വർഷങ്ങളേക്കാൾ കൂടുതൽ ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് (കഴിഞ്ഞ വർഷം (2025) 2,15,506 പേർ കായിക പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു).ദേശീയ കായിക ദിന സമിതിയുടെ കണക്കുകൾ പ്രകാരം, ഖത്തറിൽ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്.
ഷഫീക്ക് അറക്കൽ