-->
ചെന്നൈ: തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സൂപ്പര്‍താരം വിജയ്ക്ക് തിരിച്ചടി. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം മറച്ചുവെച്ചെന്നാ രോപിച്ച് ആദായനികുതി വകുപ്പ് ചുമത്തിയ 1.50 കോടി രൂപയുടെ പിഴ ചോദ്യം ചെയ്ത് നടന്‍ വിജയ് സമര്‍പ്പിച്ച റിട്ട് ഹര്‍ജി വെള്ളിയാഴ്ച കോടതി തള്ളി. ഈ സാമ്പത്തിക വര്‍ഷത്തില്‍ വിജയ് 15 കോടി രൂപയുടെ അധിക വരുമാനം നേടിയെന്നും അത് കൃത്യമായി വെളിപ്പെടുത്തിയില്ലെന്നാണ് ആദായനി കുതി വകുപ്പിന്റെ കണ്ടെത്തല്‍.
2015 സെപ്റ്റംബറില്‍ വിജയിയുടെ വസതിയില്‍ നടന്ന ആദായനികുതി പരിശോധനയെത്തുടര്‍ന്നാണ് ഈ പിഴ ചുമത്തിയത്. പിഴ ഉത്തരവിനെതിരെ 2022-ലാണ് വിജയ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം ഹര്‍ജിയില്‍ വാദം കേട്ട് വിധി പറയാന്‍ മാറ്റിവെച്ച ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി വെള്ളിയാഴ്ച വിധി പ്രസ്താവിച്ചു. ഹര്‍ജി തള്ളിയ കോടതി, സമയപരിധി ഒഴികെയുള്ള മറ്റ് കാരണങ്ങള്‍ ഉന്നയിച്ച് ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാന്‍ വിജയിക്ക് അനുമതി നല്‍കി.
2015 സെപ്റ്റംബറില്‍ വിജയ്‌യുടെ വസതിയില്‍ നടന്ന ആദായനികുതി പരിശോധനയില്‍ നിന്നാണ് ഈ കേസിന്റെ തുടക്കം. 2017 ഡിസംബറില്‍ അസസ്‌മെന്റ് ഓര്‍ഡര്‍ പുറപ്പെടുവിക്കുകയും 2018 ഡിസംബറില്‍ പിഴ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഈ അസസ്‌മെന്റിനെ വിജയ് ഇന്‍കം ടാക്‌സ് കമ്മീഷണര്‍ക്ക് (അപ്പീല്‍) മുമ്പാകെ ചോദ്യം ചെയ്യുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ വകുപ്പ് ഐടിഎടിയില്‍ നല്‍കിയ അപ്പീലിലാണ് വിധി വന്നത്.