-->
കഴിഞ്ഞ കുറച്ചു നാളുകളായി തമിഴ് സിനിമാ ലോകത്തെ അമ്പരപ്പിക്കുന്ന വാര്‍ത്തകളാണ് ഇളയ ദളപതി വിജയ് ആരാധകര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്നതായിരുന്നു പ്രേക്ഷകരെ ഞെട്ടിച്ച ആദ്യത്തെ വാര്‍ത്ത, തന്റെ സിനിമാജീവിതം അവസാനിപ്പിച്ച് മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായി മാറുന്നു എന്നതായി അടുത്ത വാര്‍ത്ത. അതിനു പിന്നാലെയാണ് നടനും ടിവികെ അധ്യക്ഷനുമായ വിജയിയുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം വിവാഹമോചനം ആവശ്യപ്പെട്ട് അയച്ച നോട്ടീസും അതിനോടനുബന്ധിച്ച് ഉയർന്നുവന്ന വിവാദങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞത്.
വിജയ്ക്ക് ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്നാണ് ഈ ഹർജിയിലെ പ്രധാന ആരോപണം. സംഗീതയുടെ ഹർജിയിലെ വിവരങ്ങള്‍ പ്രകാരം, ഈ നടിയുമായി ബന്ധം പുലർത്തരുതെന്ന് വിജയിയോട് പലതവണ ആവശ്യപ്പെട്ടിരുന്നെന്നും, എന്നാല്‍ ഇരുവരും ഒരുമിച്ച് വിദേശയാത്രകള്‍ നടത്തുകയും ആ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തെന്നും ഹർജിയില്‍ ആരോപിച്ചിരുന്നു. ഈ വിവരങ്ങള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ, പരാമർശിക്കപ്പെട്ട നടി തൃഷയാണെന്ന തരത്തിലുള്ള ശക്തമായ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.
ഇപ്പോഴിതാ ഭാര്യ സംഗീത സ്വർണ്ണലിംഗവുമായുള്ള വിവാഹമോചന വാർത്തകൾ നിറയുന്നതിനിടെ, തൃഷ കൃഷ്ണനോടൊപ്പം വിജയ് ഒരു വിവാഹസത്കാരത്തില്‍ പങ്കെടുത്ത വീഡിയോയാണ് വൈറലായി മാറുന്നത്. നടി തൃഷയുമായി ചേർത്ത് പ്രചരിക്കുന്ന ‘അവിഹിത ബന്ധം’ എന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്ന തരത്തിലാണ് ഇവര്‍ രണ്ടാളും ഒരു പൊതുവേദിയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പ്രമുഖ നിർമ്മാതാവ് കല്‍പ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തിലാണ് ഇവര്‍ രണ്ടാളും പങ്കെടുത്തത്. ഈ ദൃശ്യങ്ങള്‍ അതിവേഗം പ്രചരിക്കുകയും പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തിട്ടുണ്ട്.
വിവാഹസല്‍ക്കാര വേദിയില്‍ ഒരേ കാറിലെത്തിയ താരങ്ങള്‍ സമാന നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. വലിയൊരു ബൊക്കയും കൈയില്‍ പിടിച്ചാണ് വിജയ് എത്തിയത് വധൂവരന്മാർക്ക് ആശംസകള്‍ നേർന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം കുശലാന്വേഷണങ്ങള്‍ നടത്തി ഏറെ നേരം സമയം ചെലവഴിച്ചതിനു ശേഷമാണ് രണ്ടാളും വേദി വിട്ടത്. ഇരുവരുടെയും പരസ്പരമുള്ള ഇടപെടലുകളും പുഞ്ചിരി നിറഞ്ഞ ദൃശ്യങ്ങളും വൈറലായി മാറിയിട്ടുണ്ട്. എന്നാല്‍, ഈ വിഷയത്തില്‍ ഇതുവരെയും വിജയിയോ തൃഷയോ ഔദ്യോഗികമായി യാതൊരു പ്രതികരണവും നടത്താൻ തയ്യാറായിട്ടില്ല.
ഈ ഒത്തുചേരല്‍, വിജയ്-തൃഷ ബന്ധത്തെക്കുറിച്ചുള്ള മുൻകാല ഊഹാപോഹങ്ങള്‍ക്ക് പുതിയ മാനം നല്‍കിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നിലവിലുള്ള ഊഹാപോഹങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള നിരവധി അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. താരങ്ങള്‍ക്കെതിരെ വ്യക്തിപരമായ വിമർശനങ്ങളും സദാചാരപരമായ ചോദ്യങ്ങളും ഉയരുന്നുണ്ട്.
എന്നാല്‍ ഇതിനെ പിന്തുണയ്ക്കുന്നവരും കുറവല്ല. ‘വിജയിയും തൃഷയും ദീർഘകാലമായി സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരാണ്, നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചവരാണ്, ഒരു പ്രമുഖ സിനിമാ നിർമ്മാതാവിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതില്‍ അസ്വാഭാവികതയില്ല...’, ‘ഇരുവരും നല്ല സുഹൃത്തുക്കളാണ് ഇങ്ങനെയൊരു ചടങ്ങില്‍ ഒരുമിച്ചെത്തിയതില്‍ എന്താണ് തെറ്റ്...’ എന്ന് വാദിച്ച് താരങ്ങളെ പിന്തുണയ്ക്കുന്ന ഒരു വിഭാഗവും സമൂഹത്തിലുണ്ട്.
താരങ്ങളുടെ പൊതുജീവിതത്തെയും അവർ നേരിടുന്ന സാമൂഹികവും ധാർമ്മികവുമായ ചോദ്യങ്ങളെയും കുറിച്ചുള്ള ചർച്ചകള്‍ക്ക് കൂടുതല്‍ തീവ്രത പകർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും ഈ വിഷയത്തില്‍ നിയമപരമായ നടപടികളും പൊതുജനങ്ങളുടെ പ്രതികരണങ്ങളും സജീവമായി നിലനില്‍ക്കുമെന്നാണ് സിനിമാ നിരീക്ഷകർ വിലയിരുത്തുന്നത്.
ഫെബ്രുവരി 27-നാണ് ചെങ്കല്‍പെട്ട് കുടുംബകോടതിയില്‍ സംഗീതയുടെ ഹർജി ഫയല്‍ ചെയ്യപ്പെട്ടത്. ഈ കേസില്‍, ഏപ്രില്‍ 20-ന് വിജയ് കോടതിയില്‍ ഹാജരാകണമെന്നാണ് നോട്ടീസിലെ പ്രധാന നിർദേശം. നോട്ടീസില്‍ സംഗീത നിരവധി കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും, ‘ഒരു നടിയുമായുള്ള അവിഹിത ബന്ധം’ എന്ന പരാമർശമാണ് ഏറ്റവും കൂടുതല്‍ ചർച്ചകള്‍ക്ക് വഴിയൊരുക്കിയത്. തൃഷയാണ് ആ നടിയെന്ന് ഇതിനു പിന്നാലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അതോടെ ഇരുവരും മുമ്പ് ഒരുമിച്ച് പങ്കെടുത്ത പരിപാടികളുടെയും സിനിമകളിലെ രംഗങ്ങളുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഈ സമയത്ത് വീണ്ടും വൈറലാകുകയും ഈ ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു.
നേരത്തെ വിജയ്‌യുടെ ദാമ്പത്യം തകരാൻ കാരണം തൃഷയാണെന്ന് ആരോപിച്ച് നടന്റെ ആരാധകർ തൃഷയ്ക്കു നേരെ സൈബർ ആക്രമണം നടത്തിയിരുന്നു. അതേസമയം ചെങ്കല്‍പേട്ട് കുടുംബ കോടതിയില്‍ സംഗീത ഫയല്‍ ചെയ്ത വിവാഹമോചന ഹർജിയില്‍ ഏപ്രില്‍ 20-ന് നേരിട്ട് ഹാജരാകാൻ വിജയ്‌യോട് കോടതി നിർദേശിച്ചിട്ടുണ്ട്.
വിവാഹമോചന ഹർജിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് വിജയ്‌യ്ക്കെതിരെ സംഗീത ഉന്നയിച്ചിരിക്കുന്നത്. 2021 മുതല്‍ തങ്ങള്‍ അകന്നു കഴിയുകയാണെന്നും ഒരു പ്രമുഖ നടിയുമായുള്ള വിജയ്‍യുടെ ബന്ധമാണ് ഇതിന് കാരണമെന്നും ഹർജിയില്‍ സംഗീത ആരോപിച്ചിട്ടുണ്ട്. ഈ ബന്ധം തിരിച്ചറിഞ്ഞ സംഗീതയോട് ബന്ധം അവസാനിപ്പിക്കാമെന്നു വിജയ് ഉറപ്പു നല്‍കിയെന്നും എന്നാല്‍ വീണ്ടും അത് തുടരുകയായിരുന്നുവെന്നും ആരോപിക്കുന്നു.
1954-ലെ സ്‌പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം. ഈ നിയമത്തിലെ 27(1)(എ), 27(1)(ഡി) വകുപ്പുകള്‍ പ്രകാരമാണ് സംഗീത വിവാഹമോചനത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹേതരബന്ധം, ക്രൂരത എന്നീ കാരണങ്ങളാല്‍ വിവാഹമോചനം തേടാൻ അനുവദിക്കുന്ന വകുപ്പുകളാണ് ഇത്.
1999 ഓഗസ്റ്റ് 25-നാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. മകൻ ജേസണ്‍ സഞ്ജയ്, മകള്‍ ദിവ്യ സാഷ എന്നിവർ നിലവില്‍ അമ്മയ്ക്കൊപ്പമാണ് നില്‍ക്കുന്നതെന്നാണ് സൂചനകള്‍. വിജയ്‌യുടെ രാഷ്ട്രീയ പരിപാടികളില്‍ നിന്നും കുടുംബ ചടങ്ങുകളില്‍ നിന്നും ഇവർ വിട്ടുനില്‍ക്കുന്നത് ആരാധകർക്കിടയില്‍ നേരത്തെ തന്നെ ചർച്ചയായിരുന്നു. ഇതിനിടെ കേസ് ഒത്തുതീർപ്പാക്കാൻ വിജയ്‍യുടെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, സംഗീത ഹർജി പിൻവലിച്ചിട്ടില്ല.