-->
കൊല്ലം : ശബരിമലസ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രധാനപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ജയിലില്‍ നിന്നും പുറത്തേക്ക്. കേസില്‍ എസ്‌ഐടി കുറ്റപത്രം നല്‍കാതെ 90 ദിവസം പൂര്‍ത്തിയായതോടെ സ്വാഭാവിക ജാമ്യം കിട്ടിയിരിക്കുകയാണ്. ഇന്ന് തന്നെ ഉണ്ണികൃഷ്ണന്‍ പോറ്റിയും പുറത്തേക്ക്. നേരത്തേ ദ്വാരപാലക കേസില്‍ ജാമ്യം കിട്ടിയ പോറ്റിക്ക് കട്ടിളപ്പടി കേസിലാണ് ഇപ്പോള്‍ ജാമ്യം കിട്ടിയത്.
കര്‍ശന ഉപാധികളോട് കൂടിയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ദ്വാരപാലകശില്‍പത്തിലെയും ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണത്തിന്റെയും രണ്ടു കുറ്റങ്ങളിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രതി ചേര്‍ത്തിരിക്കുന്നത്. ദ്വാരപാലക ശില്‍പ്പ കേസില്‍ നേരത്തെ പോറ്റിക്ക് ജാമ്യം ലഭിച്ചെങ്കിലും കട്ടിളപ്പാളികേസില്‍ ജയിലില്‍ തുടരുകയായിരുന്നു. ഈ കേസിലും ഇപ്പോള്‍ ജാമ്യം കിട്ടിയിരിക്കുകയാണ്. അതേസമയം കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ ഇ.ഡി. ചോദ്യം ചെയ്യും.
സര്‍ക്കാരിനും ഇത് വലിയ സമ്മര്‍ദ്ദമാകും. മുഖ്യമന്ത്രിയുടെ ഓഫീസും ആഭ്യന്തരവകുപ്പും എസ്‌ഐടിയെ നിയന്ത്രിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. യുഡിഎഫ് ഉന്നയിച്ച ആരോപണം ശരിയായെന്ന് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്. എസ്‌ഐടിയ്ക്ക് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നെന്ന പ്രതിപക്ഷ ആരോപണത്തിന് ഇതോടെ കരുത്തു കൂടും. പ്രതികള്‍ക്ക് ഇനി തെളിവുകള്‍ എളുപ്പം നശിപ്പിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന ആരോപണം.
ഉണ്ണികൃഷ്ണന്‍ പോറ്റി കൂടി പുറത്തിറങ്ങിയതോടെ എസ്്‌ഐടിയ്ക്ക് മുന്നിലും സാങ്കേതിക തടസ്സമുണ്ട്. ഇതുവരെ കേസില്‍ തൊണ്ടി മുതല്‍ കണ്ടെത്താന്‍ കഴിയാത്തത് എസ്‌ഐടിയ്ക്ക് വലിയ തിരിച്ചടിയാണ്. തൊണ്ടിമുതല്‍ കിട്ടാത്ത സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും തിരിച്ചടിയാകുമെന്ന കണ്ടെത്തലിലാണ് ഈ കേസില്‍ എസ്‌ഐടി കുറ്റപത്രം നല്‍കാന്‍ വൈകുന്നതിന് കാരണം. കുറ്റപത്രം ഇനിയും വൈകിയാല്‍ മുന്‍ സിപിഐഎം നേതാവ് കൂടിയായ എ പ്തമകുമാറും ഉടന്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നതാണ് വിലയിരുത്തല്‍.