-->
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തില്‍ പ്രതികരണവുമായി റഷ്യ. ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങണമെന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തില്‍പെട്ട കാര്യമാണെന്ന് റഷ്യ പ്രതികരിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്താന്‍ സമ്മതിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെയാണ് പ്രതികരണം.
ന്യൂഡല്‍ഹിയുടെ ഏക എണ്ണ വിതരണ രാജ്യം മോസ്‌കോയല്ലെന്നും, തങ്ങളുടെ സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ പുതുമയൊന്നുമില്ലെന്നും ക്രെംലിന്‍ വ്യക്തമാക്കി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അമേരിക്കയില്‍ നിന്നോ വെനസ്വേലയില്‍ നിന്നോ എണ്ണ വാങ്ങുന്നത് പുതിയ കാര്യമല്ലെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
അതേസമയം ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് നിര്‍ത്തുന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും പറഞ്ഞു. 2021 വരെ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 0.2 ശതമാനം മാത്രമായിരുന്നു റഷ്യന്‍ എണ്ണ. എന്നാല്‍ ഉക്രെയ്ന്‍ യുദ്ധത്തിന് ശേഷം ഡിസ്‌കൗണ്ട് നിരക്കില്‍ ലഭിച്ചതോടെ ഇത് വര്‍ധിച്ചു. 2025 പകുതിയോടെ പ്രതിദിനം 20 ലക്ഷം ബാരല്‍ വരെ എത്തിയിരുന്ന ഇറക്കുമതി, ട്രംപിന്റെ താരിഫ് ഭീഷണികളെത്തുടര്‍ന്ന് ഡിസംബറില്‍ 13 ലക്ഷമായും ജനുവരിയില്‍ 11 ലക്ഷമായും കുറഞ്ഞു. അമേരിക്കന്‍ എണ്ണയും റഷ്യന്‍ എണ്ണയും വ്യത്യസ്ത ഗുണനിലവാരമുള്ളവയായതിനാല്‍ റഷ്യന്‍ എണ്ണ പൂര്‍ണ്ണമായും ഒഴിവാക്കി അമേരിക്കന്‍ എണ്ണയിലേക്ക് മാറുന്നത് ഇന്ത്യന്‍ ശുദ്ധീകരണശാലകള്‍ക്ക് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് ഊര്‍ജ്ജ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വ്യാപാര ചര്‍ച്ചകളില്‍ താന്‍ വിജയിച്ചു എന്ന് കാണിക്കാനാണ് ട്രംപ് ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നതെന്നും, എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇങ്ങനെയൊരു തീരുമാനത്തെക്കുറിച്ച് ഇതുവരെ പരാമര്‍ശിച്ചിട്ടില്ലെന്നും റഷ്യന്‍ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നു. റഷ്യയില്‍ നിന്നുള്ള ഹൈഡ്രോകാര്‍ബണ്‍ വ്യാപാരം ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാണെന്നും അന്താരാഷ്ട്ര ഊര്‍ജ്ജ വിപണിയില്‍ സ്ഥിരത നിലനിര്‍ത്താന്‍ ഇത് സഹായിക്കുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു.