-->
വാഷിംഗ്ടണ്‍: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ചുമത്തിയിരുന്ന പരസ്പരപൂരകമായനികുതി 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി അമേരിക്ക കുറച്ചു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന 25 ശതമാനം നികുതി നീക്കം ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു.
അധികമായി ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം നികുതി ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ നീക്കം ചെയ്യും. റഷ്യന്‍ ഫെഡറേഷനില്‍ നിന്നുള്ള എണ്ണ നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തുമെന്ന് ഇന്ത്യ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ട്രംപ് ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നു. ഇന്ത്യ അമേരിക്കന്‍ ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമെന്നും, 'അടുത്ത 10 വര്‍ഷത്തേക്ക് പ്രതിരോധ സഹകരണം വിപുലീകരിക്കുന്നതിനായി സമ്മതിച്ചിട്ടുണ്ടെന്നും' ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തതായും, ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്ക് മേലുള്ള നികുതി കുറയ്ക്കുന്ന വ്യാപാര കരാര്‍ ഉണ്ടാക്കിയതായും ട്രംപ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ഉത്തരവ് വരുന്നത്.
വെള്ളിയാഴ്ച വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രത്യേക സംയുക്ത പ്രസ്താവന പ്രകാരം, ചില വിമാനങ്ങള്‍ക്കും അവയുടെ ഭാഗങ്ങള്‍ക്കും മേലുള്ള നികുതി ഒഴിവാക്കുന്നതും കരാറിലെ മറ്റ് നിബന്ധനകളില്‍ ഉള്‍പ്പെടുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍, വിമാനങ്ങള്‍, വിമാന ഭാഗങ്ങള്‍, അമൂല്യ ലോഹങ്ങള്‍, സാങ്കേതിക ഉല്‍പ്പന്നങ്ങള്‍, കോക്കിംഗ് കോള്‍ എന്നിവയിലായി ഏകദേശം 500 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യ ലക്ഷ്യമിടുന്നതായും പ്രസ്താവനയില്‍ പറയുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെ ചൊല്ലി അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ നികുതി 50 ശതമാനമാക്കിയത്് കഴിഞ്ഞ വര്‍ഷം അവസാനത്തോടെയായിരുന്നു.
ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയെച്ചൊല്ലി മാസങ്ങളായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്കാണ് ഇതോടെ അയവ് വരുന്നത്. റഷ്യ നടത്തുന്ന യുദ്ധത്തിന് ഇന്ത്യയുടെ എണ്ണ ഇറക്കുമതി പണം നല്‍കി സഹായിക്കുന്നു എന്നതായിരുന്നു വാഷിംഗ്ടണിന്റെ നിലപാട്.
പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള അടുത്ത സൗഹൃദം പുനഃസ്ഥാപിക്കാനും ഈ കരാര്‍ സഹായിക്കുന്നു.
18 ശതമാനം എന്ന ഈ നികുതി നിരക്ക്, സമാന മേഖലയിലെ മറ്റ് എതിരാളികളേക്കാള്‍ അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ചെറിയൊരു മുന്‍തൂക്കം നല്‍കുമെന്ന് ഏഷ്യ സൊസൈറ്റി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ വൈസ് പ്രസിഡന്റ് വെന്‍ഡി കട്‌ലര്‍ പറഞ്ഞു. ഈ മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്ക് 19 മുതല്‍ 20 ശതമാനം വരെയാണ് നികുതി ചുമത്തിയിരിക്കുന്നത്.