-->
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2025 - 26 സീസണ്‍ ഫെബ്രുവരി 14-ന് ആരംഭിക്കാനിരിക്കെ, ലീഗിന്റെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം ഫാന്‍കോഡ് സ്വന്തമാക്കി. ജിയോസ്റ്റാര്‍, കൊല്‍ക്കത്ത ആസ്ഥാനമായുള്ള ആനന്ദബസാര്‍ പത്രിക എന്നീ പ്രമുഖരെ മറികടന്നാണ് ഡ്രീം സ്‌പോര്‍ട്‌സിന്റെ ഉടമസ്ഥതയിലുള്ള ഫാന്‍കോഡ് ഈ നേട്ടം കൈവരിച്ചത്.
ഫെബ്രുവരി 2-നാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫാന്‍കോഡിന്റെ ബിഡ് അംഗീകരിച്ചത്. ലീഗിന്റെ നിര്‍മ്മാണ ചുമതലകള്‍ കെ.പി.എസ് സ്റ്റുഡിയോസ് നിര്‍വ്വഹിക്കും. എഫ്.എസ്.ഡി.എല്ലുമായുള്ള ദീര്‍ഘകാല പങ്കാളിത്തം അവസാനിച്ചതിന് ശേഷം, ഐ.എസ്.എല്ലിന്റെ വാണിജ്യപരമായ നിലനില്‍പ്പിനെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു.
ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ്, സി.എ.എഫ്.എ നേഷന്‍സ് കപ്പ്, ഇന്ത്യയുടെ ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ എന്നിവ വിജയകരമായി സംപ്രേക്ഷണം ചെയ്ത പാരമ്പര്യം ഫാന്‍കോഡിനുണ്ട്. എന്നാല്‍ ഫാന്‍കോഡിന്റെ വരവ് ഇന്ത്യന്‍ ഫുട്‌ബോള്‍ വിപണിയില്‍ പുതിയ പ്രതീക്ഷ നല്‍കുന്നു.
തുടക്കത്തില്‍ ഐ.എസ്.എല്ലിന്റെ വാണിജ്യ അവകാശങ്ങള്‍ക്കായി ആരും ബിഡ് സമര്‍പ്പിക്കാതിരുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. ഇത് ലീഗിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ചും സ്‌പോണ്‍സര്‍ഷിപ്പുകളെക്കുറിച്ചും ആശങ്കയ്ക്ക് കാരണമായി. എന്നാല്‍ ഇപ്പോള്‍ ഫാന്‍കോഡും കെ.പി.എസ് സ്റ്റുഡിയോസും എത്തിയതോടെ മികച്ച നിലവാരത്തിലുള്ള സംപ്രേക്ഷണം തന്നെയുണ്ടാകും.