-->
ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാരകരാര്‍ സംബന്ധിച്ച കാര്യത്തില്‍ ധാരണയായി. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള താരിഫ് 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്തി അമേരിക്കയില്‍ നിന്നും വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങുമെന്നും ട്രംപ് പറഞ്ഞിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപാണ് ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മോദിയുമായി ഫോണില്‍ സംസാരിച്ചതിന് തൊട്ടുപിന്നാലെ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. പിഴത്തീരുവയും ഒഴിവാക്കി. മോദിയെ ഉറ്റ സുഹൃത്ത് എന്നും രാജ്യത്തെ ശക്തനായ നേതാവെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ഈ നടപടി മൂലം റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. കരാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിരീകരിക്കുകയും ട്രംപിന് നന്ദി പറയുകയും ചെയ്തിട്ടുണ്ട്.
താരിഫ് കുറയ്ക്കുമെന്ന് അറിഞ്ഞതില്‍ സന്തോഷമെന്നും രാജ്യത്തെ 140 കോടി ജനങ്ങളുടെ പേരില്‍ ട്രംപിന് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ലോകത്തെ രണ്ട് വലിയ സമ്പദ് വ്യവസ്ഥകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും മോദി കുറിച്ചു. ട്രംപിന്റെ നേതൃപാടവം ലോക സമാധാനത്തിനും സുസ്ഥിരതയ്ക്കും ഗുണകരമാകും.
ട്രംപിന്റെ പ്രഖ്യാപനത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. അതേസമയം വിഷയം പാര്‍ലമെന്റില്‍ ഇന്ന് വലിയ ബഹളത്തിനിടയാക്കുമെന്നാണ് സൂചനകള്‍. നേരത്തേ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യാ - പാകിസ്താന്‍ സംഘര്‍ഷത്തില്‍ ഇടപെട്ടു പരിഹരിച്ചു എന്ന ട്രംപിന്റെ അവകാശവാദം വലിയ വിവാദം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് വ്യാപാരകരാറുമായി ബന്ധപ്പെട്ട പുതിയകാര്യവും പുറത്തുവന്നിരിക്കുന്നത്. മോദി ട്രംപിന് കീഴടങ്ങിയെന്നാണ് കോണ്‍ഗ്രസിന്റ ആക്ഷേപം.