-->
ഉംറ തീർത്ഥാടനം സംബന്ധിച്ച സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹജ്ജ്–ഉംറ മന്ത്രാലയം നിർണായക തീരുമാനം കൈക്കരിച്ചു. ഉംറ മേഖലയിൽ പ്രവർത്തിക്കുന്ന വിദേശ ട്രാവൽ ഏജൻസികളിൽ ചിലത് ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, ആകെ 5,800 അംഗീകൃത ഏജൻസികളിൽ നിന്ന് 1,800 എണ്ണത്തിന്റെ കരാറുകൾ 2026 ഫെബ്രുവരി 1 മുതൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
മന്ത്രാലയം സ്വീകരിച്ച ഈ നടപടി പുതിയ ഉംറ വിസകൾ അനുവദിക്കുന്ന പ്രക്രിയയിലേക്കു മാത്രമാണ് ബാധകമാകുന്നത്. നിലവിൽ വിസ കൈവശമുള്ളവർക്കും യാത്രാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയവർക്കും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. അവരുടെ യാത്രയും അനുബന്ധ സേവനങ്ങളും തടസ്സമില്ലാതെ തുടരുമെന്നും മന്ത്രാലയം ഉറപ്പുനൽകി.
സേവനങ്ങളിലെ പോരായ്മകൾ പരിഹരിക്കാനും നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാനുമായി ബന്ധപ്പെട്ട ഏജൻസികൾക്ക് 10 ദിവസത്തെ ഗ്രേസ് പീരിയഡ് അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ ആവശ്യമായ മെച്ചപ്പെടുത്തലുകൾ നടപ്പാക്കിയാൽ, അവരുടെ കരാറുകൾ വീണ്ടും പ്രാബല്യത്തിൽ വരുത്തുന്നതായിരിക്കും. എന്നാൽ അനുവദിച്ച സമയപരിധി അവസാനിച്ചിട്ടും വീഴ്ചകൾ പരിഹരിക്കപ്പെടാത്ത പക്ഷം, കർശനമായ നിയമനടപടികളിലേക്ക് നീങ്ങുമെന്ന് ഹജ്ജ്–ഉംറ മന്ത്രാലയ വക്താവ് ഡോ. ഖസ്സാൻ അൽ നുഐമി അറിയിച്ചു. തീർത്ഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കലും ഉംറ സംവിധാനത്തോടുള്ള വിശ്വാസം ശക്തിപ്പെടുത്തലുമാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ സേവനദാതാക്കളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി വ്യക്തമായ മാനദണ്ഡങ്ങളും ശക്തമായ നിരീക്ഷണ സംവിധാനങ്ങളും തുടർന്നും നടപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.