-->
ഓള്‍ഡ് ട്രാഫോര്‍ഡ്: പുതിയ പരിശീലകന്‍ മൈക്കല്‍ കാരിക്കിന് കീഴില്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടര്‍ച്ചയായി മൂന്നാമത്തെ മത്സരത്തിലും ആവേശകരമായ ജയം നേടിയെടുത്തു. ഇഞ്ചുറി ടൈമില്‍ ബെഞ്ചമിന്‍ സെസ്‌കോ നേടിയ ഗോളിലൂടെ ഫുള്‍ഹാമിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം നേടിയത്്.
മൈക്കല്‍ കാരിക്കിന് കീഴില്‍ യുണൈറ്റഡ് നേടുന്ന തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ആദ്യ പകുതിയില്‍ കാസെമിറോയും രണ്ടാം പകുതിയില്‍ മാത്യൂസ് ക്യൂണയും ഗോള്‍ നേടിയതോടെ യുണൈറ്റഡ് അനായാസ വിജയം നേടുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ കളിയുടെ അവസാന നിമിഷങ്ങള്‍ നാടകീയമായിരുന്നു. 85-ാം മിനിറ്റില്‍ റൗള്‍ ജിമെനെസ് പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കി. പിന്നാലെ സ്റ്റോപ്പേജ് ടൈമില്‍ കെവിന്‍ തൊടുത്ത വെടിയുണ്ട പോലെയുള്ള ഷോട്ട് വലയുടെ മൂലയില്‍ തറച്ചതോടെ ഫുള്‍ഹാം സമനില പിടിച്ചു. എന്നാല്‍ ഒമ്പത് മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിന്റെ അവസാനത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്ന് സെസ്‌കോ നേടിയ ഗോള്‍ യുണൈറ്റഡിന് ആവേശകരമായ വിജയം സമ്മാനിച്ചു.
യുണൈറ്റഡിന് ലഭിച്ച ഒരു പെനാല്‍റ്റി റദ്ദാക്കിയതും ഫുള്‍ഹാമിന്റെ ഒരു ഗോള്‍ അനുവദിക്കാതിരുന്നതും ഉള്‍പ്പെടെ രണ്ട് ദീര്‍ഘമായ വാര്‍ പരിശോധനകള്‍ മത്സരത്തിലുണ്ടായി. മുന്‍ പരിശീലകന്‍ റൂബന്‍ അമോറിമിന് തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ നേടാന്‍ 36 മത്സരങ്ങള്‍ വേണ്ടിവന്നപ്പോള്‍, കാരിക്ക് വെറും മൂന്ന് മത്സരങ്ങള്‍ കൊണ്ട് ആ നേട്ടം സ്വന്തമാക്കി. ഇതോടെ യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തി.