-->
ന്യൂഡല്‍ഹി: വിവാദനായകനും ലൈംഗിക കുറ്റവാളിയമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലില്‍ പേരു വന്ന വിഷയം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം. പാര്‍ല്‍മെന്റില്‍ സംഭവം ഇന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉയര്‍ത്തും. കുപ്രസിദ്ധ കുറ്റവാളിയായ എപ്സ്റ്റീനുമായി മോദിക്കുള്ള ബന്ധമെന്താണെന്നു ചോദിക്കും.
തന്റെ ഉപദേശം സ്വീകരിച്ച്, മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുവേണ്ടി 2017ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചുവെന്നും അത് ഗുണം ചെയ്തുവെന്നുമാണ് എപ്സ്റ്റീന്റേതായി പുറത്തുവന്ന മെയിലില്‍ പറയുന്നത്. ഒരു ഇ മെയിലില്‍ മോദിയുടെ പേര് പറയുന്നുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. അതേസമയം ഈ ആക്ഷേപം വിദേശകാര്യ മന്ത്രാലയം തള്ളിയിരിക്കുകയാണ്.
കുപ്രസിദ്ധ കുറ്റവാളിയായ എപ്സ്റ്റീനുമായി മോദിക്കുള്ള ബന്ധമെന്താണെന്നും മെയിലില്‍ പരാമര്‍ശിക്കുന്നതുപോലെ എന്ത് ഉപദേശമാണ് അദ്ദേഹത്തില്‍ നിന്ന് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കും. മെയിലില്‍ എപ്സ്റ്റീന്‍ പരാമര്‍ശിക്കുന്ന 'ഇറ്റ് വര്‍ക്ക്ഡ്' എന്ന പ്രയോഗം അര്‍ത്ഥമാക്കുന്നത് എന്താണെന്നും അത് മോദി വ്യക്തമാക്കണമെന്നുമാണ് ആവശ്യം.
വിഷയം പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസ് നീക്കം നടത്തുമ്പോള്‍ പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് അധിക്ഷേപിക്കുകയാണെന്നാണ് ബിജെപിയുടെ പ്രതികരണം. 2017 ജൂലൈയില്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു എന്നതൊഴിച്ചാല്‍ ഫയലുകളിലെ മറ്റ് സൂചനകളെല്ലാം ഒരു കുറ്റവാളിയുടെ ജല്‍പനമാണെന്നും അത്യന്തം അവജ്ഞതയോടെ അത് തള്ളിക്കളയുന്നുവെന്നുമായിരുന്നു വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളിന്റെ പ്രതികരണം.