-->
ദോഹ: അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ മാരത്തണ്‍എന്‍ഡ്യൂറന്‍സ് റണ്ണറും കൊമേഴ്‌സ്യല്‍ പൈലറ്റുമായ ക്യാപ്റ്റന്‍ ദീപക് മഹാജനെ
ഖത്തറിലെ ഓയിൽ ഗ്യാസ് മേഖലയിലെ പ്രമുഖ മാൻപവർ സ്ഥാപനമായ ഖത്തര്‍ ടെക്ആദരിച്ചു. ദീർഘദൂര ഓട്ടമത്സരങ്ങളിൽ കൈവരിച്ച അതുല്യ നേട്ടങ്ങളും ഫിറ്റ്‌നസിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും മുൻനിർത്തിയാണ് ആദരം നൽകിയത്. ഖത്തര്‍ ടെക് ഓഫീസില്‍ നടന്ന അനുമോദന ചടങ്ങില്‍ ക്യാപ്റ്റന്‍ മഹാജന് ഫലകവും അഭിനന്ദനപത്രവും ഖത്തർ ടെക് എം ഡി ജെബി കെ ജോൺ സമ്മാനിച്ചു.
കഠിനമായ വ്യോമയാന തൊഴില്‍ ജീവിതത്തിനിടയിലും കര്‍ശനമായ പരിശീലനത്തിലൂടെ കായികരംഗത്ത് ഉന്നത നേട്ടങ്ങള്‍ കൈവരിക്കുന്നതിലൂടെ യുവതലമുറയ്ക്ക് മാതൃകയായ വ്യക്തിത്വമാണ് ക്യാപ്റ്റന്‍ മഹാജനെന്ന് ജെബി കെ ജോൺ പറഞ്ഞു. ലോകത്തിന്റെ വിവിധ കോണുകളിൽ നടന്ന മാരത്തണുകളും അൾട്രാ എൻഡ്യൂറൻസ് റേസുകളും വിജയകരമായി പിന്നിട്ട ക്യാപ്റ്റൻ ദീപക് മഹാജൻ, മനസ്സിന്റെ ശക്തിയും ദൃഢനിശ്ചയവും എത്രത്തോളം മനുഷ്യനെ മുന്നോട്ട് നയിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ്.സമർപ്പണം, സഹനം, ഉറച്ച ലക്ഷ്യബോധം എന്നിവയാണ് അദ്ദേഹത്തിന്റെ യാത്രയെ വ്യത്യസ്തമാക്കുന്നതെന്നും ജെബി.കെ ജോൺ അഭിപ്രായപെട്ടു.
മൂന്ന് ഭൂഖണ്ഡങ്ങളില്‍ മാരത്തണ്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി അപൂര്‍വ നേട്ടം കൈവരിച്ച ക്യാപ്റ്റന്‍ മഹാജന്‍, ഏഴ് ഭൂഖണ്ഡങ്ങളിലും മാരത്തണ്‍ ഓടി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടംനേടുക എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ്.ഇത്തരം നേട്ടങ്ങൾ കൈവരിക്കുന്നവരെ ആദരിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലി, വ്യക്തിപരമായ മികവ്, സമൂഹത്തെ പ്രചോദിപ്പിക്കുന്ന മൂല്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഖത്തർ ടെക്കിന്റെ ദർശനത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ശാസ്ത്രീയമായ പരിശീലനവും ഉറച്ച ദൃഢനിശ്ചയവും ഉണ്ടെങ്കിൽ തൊഴിലും വ്യക്തിപരമായ ആസക്തികളും ഒരുപോലെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്നത് ക്യാപ്റ്റൻ മഹാജൻ തന്റെ ജീവിതത്തിലൂടെ തെളിയിച്ചിട്ടുണ്ടെന്നും, ഇത്തരത്തിലുള്ള മാതൃകകൾ സമൂഹം ആഘോഷിക്കപ്പെടേണ്ടതാണെന്നും ജെബി കെ ജോൺ കൂട്ടിച്ചേർത്തു.
മറുപടി പ്രസംഗത്തില്‍ ലഭിച്ച അംഗീകാരത്തിന് ഖത്തര്‍ ടെക്കിന് നന്ദി അറിയിച്ച ക്യാപ്റ്റന്‍ ദീപക് മഹാജന്‍ ഉയര്‍ന്ന ഉത്തരവാദിത്വമുള്ള തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശരീര-മാനസിക ആരോഗ്യസംരക്ഷണം അത്യന്താപേക്ഷിതമാണെന്നും കായിക പരിശീലനം അതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുവെന്നും പറഞ്ഞു. യുവാക്കള്‍ കായികവ്യായാമത്തെ താല്‍ക്കാലിക അഭിരുചിയായി കാണാതെ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ദീപക് ആഹ്വാനം ചെയ്തു. നിത്യവും എന്തെങ്കിലും കായിക വ്യായാമത്തിലേര്‍പ്പെടുകയും നല്ല ആരോഗ്യത്തേടെ സന്തോഷകരമായ ജീവിതം ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ മീഡിയപ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കങ്ങര മുഖ്യാ തിഥിയായിരുന്നു. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ ക്യാപ്റ്റന്‍ മഹാജന്‍ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും, തിരക്കേറിയ ജോലി ജീവിതത്തിനിടയിലും ഏവര്‍ക്കും ഓടാന്‍ കഴിയുമെന്ന് അദ്ദേഹം പൊതുജനങ്ങളെ ബോധവത്കരിക്കുകയാണെന്നും ഡോ. അമാനുല്ല പറഞ്ഞു.യുവാക്കളും യുവ പ്രൊഫഷണലുകളും തൊഴിലും കായിക അഭിരുചികളും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശക്തമായ മാതൃകയാണ് ക്യാപ്റ്റന്‍ മഹാജന്‍ എന്നും ഡോ: അമാനുള്ള പറഞ്ഞു.
തുടര്‍ന്ന് നടന്ന സംവാദത്തില്‍, എന്‍ഡ്യൂറന്‍സ് പരിശീലനം, പ്രചോദനം, പരിമിതികളെ മറികടക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്യാപ്റ്റന്‍ മഹാജന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു.ഖത്തർ ടെക് ഓപറേഷന്‍സ് മാനേജര്‍ ബിനു കുര്യാക്കോസ്, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ജോബി ജോണ്‍, ജീസ് ജെബി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി
ഷഫീക്ക് അറക്കൽ