-->
കണ്ണൂര്‍: സിപിഐഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണനെ തള്ളി സിപിഐഎം. ബഹുജനമദ്ധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നതും വാസ്തവവിരുദ്ധവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് എതിരാളികള്‍ക്ക് കടന്നാക്രമിക്കാന്‍ രാഷ്ട്രീയ ആയുധം നല്‍കുന്ന പ്രവര്‍ത്തി അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് ആക്ഷേപം.
തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ മാധ്യമങ്ങളുടെയും രാഷ്ട്രീയ ശത്രുക്കളുടെയും കോടാലികൈയ്യായി മാറുന്ന തരത്തിലാണ് കുഞ്ഞികൃഷ്ണന്റെ പ്രവര്‍ത്തി. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സിപിഐഎം വിശദീകരിച്ചു. നേരത്തേ ഈ വിഷയത്തില്‍ കമ്മീഷന്‍ പരിശോധന നടത്തി നല്‍കിയ റിപ്പോര്‍ട്ട് ജില്ലാകമ്മറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണെന്നും പാര്‍ട്ടി പറയുന്നു.
2021 ല്‍ ഉയര്‍ന്നുവന്ന ആക്ഷേപത്തെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി നിശ്ചയിച്ച കമ്മീഷന്‍ പരിശോധന നടത്തുകയും, കമ്മീഷന്റെ റിപ്പോര്‍ട്ട് പാര്‍ട്ടി ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് ചില സംഘടന നടപടികള്‍ സ്വീകരിച്ചതുമാണ്. സമയ ബന്ധിതമായി വരവ്-ചിലവ് കണക്ക് അവതരിപ്പിക്കുന്നതിലുള്ള വീഴ്ച അല്ലാതെ വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതുമാണെന്നും പാര്‍ട്ടി പറഞ്ഞു.
പാര്‍ട്ടി ജില്ലാ കമ്മിറ്റിയും, പാര്‍ട്ടി പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയും നിശ്ചയിച്ച കമ്മീഷനുകള്‍ ഉയര്‍ന്ന ആക്ഷേപങ്ങളെക്കുറിച്ച് പല ഘട്ടങ്ങളിലയി അന്വേഷിക്കുകയും അതത് കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തതാണ്. ഈ ചര്‍ച്ചയിലും, തീരുമാനങ്ങളിലും വി. കുഞ്ഞികൃഷ്ണനും പങ്കാളിയായതാണെന്നും സിപിഐഎം വിശദീകരിച്ചു.
പാര്‍ട്ടി ജില്ലാ കമ്മിറ്റി നിശ്ചയിച്ച കമ്മീഷനും വിഷയം അന്വേഷിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതാണ്. വിഭാഗീയ ലക്ഷ്യങ്ങളോടെയുള്ള ബോധപൂര്‍വ്വം ഉന്നയിക്കപ്പെട്ട തെറ്റായ ആരോപണങ്ങള്‍ എന്നായിരുന്നു കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വി. കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതും പിന്നീട് ഇദ്ദേഹം തന്നെ തെറ്റുപറ്റിയെന്ന് പറഞ്ഞതുമാണെന്നും പാര്‍ട്ടി പറഞ്ഞു.
പാര്‍ട്ടിയിലെ അഴിമതി നേതൃത്വത്തെ നേരിട്ടറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പാര്‍ട്ടി ഫണ്ട് തിരിമറിയില്‍ പയ്യന്നൂര്‍ എംഎല്‍എക്കെതിരെ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നുമായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം. ടി ഐ മധുസൂദനന്‍ എംഎല്‍എ അടക്കമുള്ളവര്‍ പാര്‍ട്ടി ഫണ്ടില്‍ വന്‍ തിരിമറി നടത്തി. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ ക്രമക്കേട് നടത്തി.
കെട്ടിട നിര്‍മ്മാണ ഫണ്ടിനായുള്ള രസീത് മധുസൂദനന്‍ വ്യാജമായി നിര്‍മ്മിച്ചു. കെട്ടിട നിര്‍മ്മാണത്തിനായി സഹകരണ ജീവനക്കാരുടെ ഇടയില്‍ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ലെന്നും വരവിലും ചെലവിലും ക്രമക്കേട് നടത്തിയെന്നുമായിരുന്നു വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചത്.