-->
ഹരിയാനയില്‍ നിന്നും പുറത്തുവരുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാകുന്നത്. ഹരിയാനയിലെ റെവാരിയില്‍ നിന്നുള്ള ഒരു യുവാവ്, പോലീസ് വീട്ടിലുള്ളപ്പോള്‍ തന്നെയും തന്റെ കുടുംബാഗങ്ങളെയും തല്ലാന്‍ ഭാര്യ, 25 ഓളം ബന്ധുക്കളെ വിളിച്ച് വരുത്തിയെന്നും പോലീസുകാര്‍ നോക്കി നില്‍ക്കെ അവര്‍ തങ്ങളെ തല്ലിയ ശേഷം വീട്ടിലുള്ള സ്വര്‍ണവുമായി കടന്നെന്നും പരാതിപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇത്. വീഡിയോ അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ പോലീസിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. അക്രമണം നടക്കുമ്പോള്‍ സംഭവ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നിട്ടും ഇടപെടാതിരുന്നതിനെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു.
ലാത്തിയും പിന്നില്‍ പിടിച്ച് നില്‍ക്കുന്ന പോലീസുകാരനില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തല്ല് കഴിഞ്ഞ് ഭാര്യയും ബന്ധുക്കളും പോയതിന് ശേഷമുള്ള വീഡിയോയായിരുന്നു അത്. വീട് മൊത്തം അടിച്ച് തകര്‍ത്തതായി വീഡിയോയില്‍ വ്യക്തമാണ്. അലമാരയില്‍ നിന്നും തുണികളെല്ലാം വലിച്ച് പുറത്തിട്ടിരിക്കുന്നു. പാത്രങ്ങളും പൊട്ടിയ കുപ്പി ചില്ലുകളും മുറികളില്‍ ചിതറിക്കിടക്കുന്നതും വീഡിയോയില്‍ കാണാം. ഭാര്യ ബന്ധുക്കളെ വീട്ടിലേക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് വഴക്ക് ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. തര്‍ക്കം പിന്നീട് അക്രമാസക്തമായി. പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നിട്ടും അനുവാദമില്ലാതെ വീട്ടില്‍ കയറിയ സംഘം ഭത്താവിന്റെ പാത്രമായ അച്ഛനമ്മമാരെ മര്‍ദ്ദിച്ച് വീട്ടുപകരണങ്ങള്‍ തകര്‍ത്തു. ഒടുവില്‍ സ്വര്‍ണവുമായി മടങ്ങിയെന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുകയും പുരുഷന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന ഏകം ന്യായ് ഫൗണ്ടേഷന്റെ എക്‌സ്, ഇന്‍സ്റ്റാഗ്രാം ഹാന്റിലുകളിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ സമ്മിശ്ര പ്രതികരണവുമായി സമൂഹ മാധ്യമ ഉപയോക്താക്കളെത്തി. ആഭരണങ്ങള്‍ ഭാര്യയുടെത് അല്ലെങ്കില്‍ മോഷണക്കുറ്റം കൂടി ചുമത്തണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. ഇനി അത് സ്ത്രീധനമായി കിട്ടിയതാണെങ്കില്‍ കേസ് ഭര്‍ത്താവിന് എതിരാകുമെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി. പുരുഷന്മാര്‍ ഇക്കാലത്ത് വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. നിങ്ങള്‍ പുരുഷനാണെങ്കില്‍ വിവാഹം കഴിക്കരുത്. വിവാഹ നിരക്കുകള്‍ ഗണ്യമായി കുറയട്ടെ. അങ്ങനെ സംഭവിക്കുമ്പോള്‍ മാത്രമേ സര്‍ക്കാര്‍ ശ്രദ്ധിക്കൂ. മാത്രമല്ല, അവിവാഹിതനാണെങ്കില്‍ പുരുഷന്മാര്‍ക്ക് ലളിതമായ ജീവിതം നയിക്കാന്‍ കഴിയുമെന്നും മറ്റൊരു കാഴ്ചക്കാരന്‍ ചൂണ്ടിക്കാണിച്ചു. പോലീസ് കാവലിലെ കവര്‍ച്ചയെന്നായിരുന്നു മറ്റ് ചിലരുടെ കുറിപ്പുകള്‍.
A case of domestic discord in Dharuhera, Rewari, allegedly escalated into a violent family feud after the wife reportedly called nearly 25 members of her parental family to her matrimonial home. The husband’s family has accused the in-laws of trespassing, attacking them with… pic.twitter.com/amhSqW9E16— Ekamnyaay (@ekamnyaay) January 21, 2026