Thursday, March 12, 2026 Last Updated 4 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 02.15 PM

വൃത്തിഹീനമായ ശുചിമുറി, വിമാനം മുഴുവന്‍ ദുര്‍ഗന്ധവും മോശം ഭക്ഷണവും: അച്ഛനും മകള്‍ക്കും 1.5 ലക്ഷം രൂപ എയര്‍ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

air-india, compensation, poor, flight, experience

യാത്രയ്ക്കിടെയുണ്ടായ മോശം അനുഭവങ്ങളെത്തുടര്‍ന്ന് എയര്‍ ഇന്ത്യ അച്ഛനും മകള്‍ക്കും 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. വിമാനത്തിലെ തകര്‍ന്ന സീറ്റുകള്‍, വൃത്തിഹീനമായ ശുചിമുറികള്‍, കൂടാതെ വിമാന ജീവനക്കാരുടെ മോശം പെരുമാറ്റം എന്നിവയാണ് കോടതിയുടെ ഈ കടുത്ത നടപടിക്ക് കാരണമായത്. യാത്രക്കാരില്‍ നിന്ന് വലിയ തുക ഈടാക്കിയിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ വിമാനക്കമ്പനി പരാജയപ്പെട്ടുവെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ഉപഭോക്താക്കളുടെ പരാതികള്‍ പരിഗണിച്ച കോടതി, അവര്‍ക്കുണ്ടായ മാനസിക വിഷമത്തിനും ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമായാണ് ഈ തുക അനുവദിച്ചത്.

2023 സെപ്റ്റംബറില്‍ ആയിരുന്നു സംഭവം. ശൈലേന്ദ്ര ഭട്‌നാഗറും മകളും 15 മണിക്കൂര്‍ നീണ്ട യാത്രയാണ് നടത്തിയത്. യാത്രയിലുടനീളം തങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടതായി ഇവര്‍ കോടതിയെ അറിയിച്ചു. തകരാറിലായ സീറ്റുകള്‍, പ്രവര്‍ത്തിക്കാത്ത കോള്‍ ബട്ടണുകള്‍, ഇന്‍ഫ്‌ലൈറ്റ് എന്റര്‍ടൈന്‍മെന്റ് സ്‌ക്രീനുകള്‍ പ്രവര്‍ത്തിക്കാതിരിക്കുക തുടങ്ങിയവയായിരുന്നു പ്രധാന പ്രശ്‌നങ്ങള്‍. കൂടാതെ, വൃത്തിഹീനമായ ശൗചാലയങ്ങള്‍, വിമാനത്തിനുള്ളിലെ ദുര്‍ഗന്ധം, നിലവാരമില്ലാത്ത ഭക്ഷണം എന്നിവയെക്കുറിച്ചും പരാതിയില്‍ വിശദീകരിക്കുന്നു. യാത്രക്കിടെ ജീവനക്കാരോട് പരാതിപ്പെട്ടിട്ടും അവര്‍ പ്രതികരിച്ചില്ലെന്നും ഇത് തങ്ങളെ മാനസികമായി തളര്‍ത്തിയെന്നും പരാതിക്കാര്‍ പറഞ്ഞു.

വിമാനം യാത്രയ്ക്ക് മുന്‍പുള്ള എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയതാണെന്നും, ബിസിനസ് ക്ലാസിലേക്ക് സീറ്റ് അപ്‌ഗ്രേഡ് ചെയ്യാത്തതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നും എയര്‍ ഇന്ത്യ വാദിച്ചു. എന്നാല്‍, പരാതിക്കാരന്‍ മുന്‍പ് അയച്ച നോട്ടീസിന് മറുപടി നല്‍കാത്ത എയര്‍ ഇന്ത്യയുടെ നടപടിയെ കമ്മീഷന്‍ വിമര്‍ശിച്ചു. എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള മൗനം പരാതിയിലെ സത്യസന്ധതയെ ശരിവെക്കുന്നതാണെന്ന് കമ്മീഷന്‍ വിലയിരുത്തി. മാനസിക വിഷമത്തിനും പീഡനത്തിനും പകരമായി പിതാവിനും മകള്‍ക്കും 50,000 രൂപ വീതം നല്‍കാന്‍ കോടതി ഉത്തരവിട്ടു.

കൂടാതെ, കോടതി ചിലവുകള്‍ക്കായി 50,000 രൂപ കൂടി നല്‍കുന്നതോടെ ആകെ നഷ്ടപരിഹാര തുക 1.5 ലക്ഷം രൂപയാകും. ടിക്കറ്റ് നിരക്കായ 3.18 ലക്ഷം രൂപ പൂര്‍ണ്ണമായും തിരികെ നല്‍കണമെന്ന ആവശ്യം യാത്ര പൂര്‍ത്തിയാക്കിയതിനാല്‍ കമ്മീഷന്‍ അനുവദിച്ചില്ല. എങ്കിലും, 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഡിജിസിഎ നിശ്ചയിച്ചിട്ടുള്ള സേവന നിലവാരം പുലര്‍ത്താന്‍ വിമാനക്കമ്പനികള്‍ ബാധ്യസ്ഥരാണെന്ന് കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW