-->
അഹമ്മദാബാദ്: എയര്‍ ഇന്ത്യ 171 വിമാനദുരന്തവുമായി ബന്ധപ്പെട്ട് കുടുംബങ്ങള്‍ക്ക് കൈമാറിയ മൃതദേഹാവശിഷ്ടങ്ങള്‍ മാറിപ്പോയതായി റിപ്പോര്‍ട്ട്. വ്യക്തിത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് ആവശ്യമായി വന്നിരിക്കുകയാണെന്നാണ് വിവരം. യുകെയിലേക്ക് അയച്ച മൃതദേഹങ്ങളുമായി ബന്ധപ്പെട്ടാണ് ആരോപണം പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്. വിമാനത്തിലെ വിദേശസഞ്ചാരികളുമായി ബന്ധപ്പെട്ട് യു.കെ.യിലേക്ക് അയയ്ക്കപ്പെട്ട മൃതദേഹങ്ങള്‍ മാറിപ്പോയെന്നും മറ്റുള്ളവരുടെ മൃതദേഹമാണ് വന്നതെന്നുമാണ് ആക്ഷേപം.
തനിക്ക് വന്ന പെട്ടിയില്‍ ഉണ്ടായിരുന്നത് മറ്റാരുടേയോ മൃതദേഹമാണെന്നതിനാല്‍ ഒരു കുടുംബവും ബന്ധുക്കളും സംസ്‌ക്കാരചടങ്ങ് തന്നെ ഉപേക്ഷിക്കാന്‍ നിര്‍ബ്ബിതരായിരിക്കുകയാണെന്ന് വിവരമുണ്ട്. അടുത്തയാഴ്ച നടക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുകെ സന്ദര്‍ശനത്തിനിടയില്‍ ഇക്കാര്യം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഔദ്യോഗികമായി ഉന്നയിച്ചേക്കുമെന്നും വിവരമുണ്ട്. തങ്ങളുടെ വിലാസത്തില്‍ എത്തിച്ചേര്‍ന്ന പെട്ടികളില്‍ ഒന്നില്‍ തന്റെ ബന്ധുവിന് പകരം മറ്റൊരാളുടെ മൃതദേഹമായിരുന്നെന്ന് യു.കെയിലെ ഒരു കുടുംബം പരാതിപ്പെട്ടതായി മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു കേസില്‍ ഒരാളുടെ മൃതദേഹത്തിന് പകരം പെട്ടിയില്‍ ഒന്നിലധികം ശരീരങ്ങള്‍ ഉണ്ടായിരുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ ഏതാണ് തങ്ങളുടെ മൃതദേഹം എന്നറിഞ്ഞത് കഴിഞ്ഞ ആഴ്ചാവസാനം ആയിരുന്നു.
അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പേയ വിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ അനേകം വിദേശികളും ഉണ്ടായിരുന്നു. 261 പേര്‍ മരണപ്പെട്ടതില്‍ 52 പേര്‍ യു.കെ. പൗരന്മാരായിരുന്നു. ഇപ്പോള്‍ രണ്ടുകേസാണ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ പലരും സംസ്‌ക്കരിച്ച മൃതദേഹം ആരുടേതായിരുന്നു എന്ന കാര്യത്തില്‍ ഇപ്പോള്‍ പലര്‍ക്കും സംശയം ഉയര്‍ന്നിരിക്കുകയാണ്. ഇന്റര്‍ വെസ്റ്റ് ലണ്ടന്‍ കൊറോണറായ ഡോ. ഫിയോണ വില്‍കോക്സ് ഇരയുടെ ഡിഎന്‍എയും അവരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ സാമ്പിളുകളും തമ്മില്‍ പൊരുത്തപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ഈ പിശക് വെളിപ്പെട്ടത്. ഇതോടെയാണ് വിഷയം ശ്രദ്ധയിലേക്ക് വന്നതും.