-->
അരുണാചല്‍ പ്രദേശിലെ ഉള്‍ക്കാടുകളില്‍ നിന്ന് കണ്ടെത്തിയ പുതിയ തവളയിനത്തിന് അന്തരിച്ച പത്രപ്രവര്‍ത്തകന്‍ ഇ. സോമനാഥിന്റെ പേര്. നേര്‍ത്ത കൈകളുള്ള 2 ഇനം പുതിയ തവളകളെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. 'ഇന്ത്യയുടെ ഫ്രോഗ്മാന്‍' എന്നറിയപ്പെടുന്ന ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി പ്രഫസര്‍ ഡോ. എസ്.ഡി.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം 3 വര്‍ഷത്തിലേറെ നീണ്ട പര്യവേഷണത്തിനൊടുവിലാണ് ഇവയെ കണ്ടെത്തിയത്.
അരുണാചലിലെ തിവാരിഗാവില്‍നിന്നു കണ്ടെത്തിയ ഇനത്തിന് 'ലെപ്‌റ്റോബ്രാച്ചിയം സോമാനി' എന്നാണു പേരിട്ടിരിക്കുന്നത്. മലയാള മനോരമ സീനിയര്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ആയിരുന്നു അന്തരിച്ച ഇ.സോമനാഥ്. അദ്ദേഹത്തിന്റെ സ്മരണാര്‍ഥമാണ് ഇവയ്ക്ക് ആ പേര് നല്‍കിയിരിക്കുന്നത്. പരിസ്ഥിതിസ്‌നേഹിയായിരുന്ന സോമനാഥ് തവളകളെ തേടിയുള്ള എസ്.ഡി.ബിജുവിന്റെ പല പര്യവേഷണ യാത്രകളിലും ഒപ്പമുണ്ടായിരുന്നു.
ഏകദേശം 55 മില്ലീമീറ്റര്‍ നീളമുള്ള ചെറിയ തവളയാണ് ലെപ്‌റ്റോബ്രാച്ചിയം സോമാനി. രണ്ടാമത്തെ ഇനത്തിന്റെ പേര് 'ലെപ്‌റ്റോബ്രാച്ചിയം മെച്ചുക'. അരുണാചല്‍പ്രദേശിലെ മെച്ചുക എന്ന ചെറുപട്ടണവുമായി ബന്ധിപ്പിച്ചാണ് ഈ പേര്.