-->
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തു നില്‍ക്കേ സീറ്റ് നിര്‍ണ്ണയം സംബന്ധിച്ച കാര്യത്തില്‍ ധാരണയാകാനുള്ള ശ്രമത്തിലാണ് മുന്നണികളിലെ കക്ഷികള്‍ തമ്മില്‍. ഇതില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമെന്ന് കരുതുന്ന പേരാമ്പ്രയുടെ കാര്യത്തില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം. പേരാമ്പ്ര സീറ്റ് വിട്ടുനല്‍കണമെന്ന കോണ്‍ഗ്രസ് ആവശ്യം തള്ളി മുസ്ലീം ലീഗ്.
പേരാമ്പ്ര സീറ്റ് കിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ സൂചന നല്‍കി. സീറ്റ് ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം ഇതോടെ പാളിയിരിക്കുകയാണ്. ഗുരുവായൂര്‍ സീറ്റിന്റെ കാര്യത്തിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കെ മുരളീധരനു ആണെങ്കില്‍ മാത്രം വിട്ടു നല്‍കാമെന്നാണ് മുസ്ലീം ലീഗിന്റെ നിലപാട്. പകരം പട്ടാമ്പിയാണ് ലീഗ് ചോദിക്കുന്നത്.
അതിനിടെ മുല്ലപ്പള്ളിരാമചന്ദ്രന്‍ മത്‌സരിക്കുന്നതിനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യവും കോണ്‍ഗ്രസ് പരിശോധിക്കുകയാണ്. അധികാരക്കൊതി മാറിയില്ല എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇനിയും വിശ്രമജീവിതം തുടരട്ടെ എന്നുമാണ് പോസ്റ്റില്‍ ഉള്ളത്. മുക്കാളി, ചോമ്പാല പരിസരങ്ങളില്‍ സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍. എന്നാല്‍ മുല്ലപ്പള്ളി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹത്തിന് എവിടെ വേണമെങ്കിലൂം മത്സരിക്കാമെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.
പോസ്റ്റര്‍ ഒട്ടിച്ചതില്‍ ഡിസിസി പ്രസിഡന്റ് നേരിട്ട് അന്വേഷണം നടത്തുകയാണെന്നും മുല്ലപ്പള്ളിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് എതിരെയും നടപടി ഉണ്ടാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ ജന്മനാട്ടില്‍ പോലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യവും ഉണ്ടായിരുന്നു.