Thursday, March 12, 2026 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 09.30 AM

'പറക്കുന്ന ബുള്‍ഡോഗ്' : പതിറ്റാണ്ടുകള്‍ക്കിപ്പുറം ലോകത്തിലെ ഏറ്റവും വലിയ തേനീച്ചയെ കണ്ടെത്തി ശാസ്ത്രലോകം

wallaces, giant, bee

ലോകത്തിലെ ഏറ്റവും വലിയ തേനീച്ചയാണ് പറക്കുന്ന ബുള്‍ഡോഗ് അഥവാ വാലസ് ജയന്റ് ബീ. ഭീമാകാരമായ വലുപ്പം കൊണ്ട് വ്യത്യസ്തനായ ഇവ പതിറ്റാണ്ടുകളോളം ശാസ്ത്രജ്ഞര്‍ക്കും പര്യവേക്ഷകര്‍ക്കും പിടികൊടുക്കാതെ അപ്രത്യക്ഷമായിരുന്നു. ബ്രിട്ടിഷ് പ്രകൃതിശാസ്ത്രജ്ഞന്‍ ആല്‍ഫ്രഡ് റസല്‍ വാലസ് 160ലധികം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇവയെ ആദ്യമായി കണ്ടെത്തിയത്.

ഈ ഇനത്തിലെ പെണ്‍തേനീച്ചകള്‍ക്ക് 1.5 ഇഞ്ച് (3.8 സെന്റിമീറ്റര്‍) വരെ നീളമുണ്ടാകും; സാധാരണ തേനീച്ചകളെക്കാള്‍ നാലിരട്ടി വലുപ്പം. ചിറകുകള്‍ക്ക് 2.5 ഇഞ്ച് (6.3 സെന്റിമീറ്റര്‍) വരെ വിരിവുണ്ട്. വലിയ താടിയെല്ലുകളും കവചം പോലെയുള്ള കറുത്ത ശരീരവും ഇവയ്ക്കുണ്ട്. ഭയപ്പെടുത്തുന്ന മൂളലും വാലസ് ജയന്റ് ബീ പുറപ്പെടുവിക്കും. ഇന്തൊനീഷ്യയിലെ നോര്‍ത്ത് മൊളുക്കാസ് ദ്വീപില്‍ നിന്നാണ് ഇവയെ വീണ്ടും കണ്ടെത്തിയത്.

ഇന്തൊനീഷ്യയിലെ, പ്രത്യേകിച്ച് നോര്‍ത്ത് മൊളുക്കാസിലെ, താഴ്ന്ന പ്രദേശങ്ങളിലുള്ള വനങ്ങളില്‍ മാത്രമാണ് ഈ തേനീച്ചകള്‍ കാണപ്പെടുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്ന ഇനം തേനീച്ചയാണ് ഇത്. അതായത്, സാധാരണ തേനീച്ചകളെപ്പോലെ ഇവ കൂടുകള്‍ നിര്‍മിച്ച് കൂട്ടമായി ജീവിക്കാറില്ല. ഇവയുടെ കൂട് സാധാരണ തേനീച്ചക്കൂടുകള്‍ പോലെയല്ല. സജീവമായ ചിതല്‍പ്പുറ്റുകളിലാണ് പറക്കുന്ന ബുള്‍ഡോഗ് കൂടൊരുക്കുന്നത്. തങ്ങളുടെ വലിയ താടിയെല്ലുകള്‍ ഉപയോഗിച്ച് മരക്കറ ചുരണ്ടിയെടുത്ത് കൂടിന്റെ ഉള്‍ഭാഗം പൊതിഞ്ഞ്, വെള്ളം കയറാത്ത സുരക്ഷിതമായ ഒരിടം തങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി നിര്‍മിക്കുന്നു. ഈ കൂടുനിര്‍മാണരീതി ഇരപിടിയന്മാരില്‍ നിന്നും പ്രതികൂല കാലാവസ്ഥയില്‍ നിന്നും തേനീച്ചയ്ക്ക് സംരക്ഷണം നല്‍കുന്നു.

ഐയുസിഎന്‍ ചുവപ്പുപട്ടിക പ്രകാരം 'വംശനാശ ഭീഷണി നേരിടാന്‍ സാധ്യതയുള്ള' വിഭാഗത്തിലാണ് വാലസ് ജയന്റ് ബീയെ നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വനനശീകരണം, മരംമുറിക്കല്‍, കൃഷി എന്നിവ ഇവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് നിരന്തരമായ ഭീഷണി ഉയര്‍ത്തുന്നു. നിയമവിരുദ്ധമായ വന്യജീവി കടത്തും ഒരു വലിയ ആശങ്കയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW