-->
മലയാളികള്‍ക്ക് ഏറ്റവും ചിരപരിചിതമായ ജീവിതസാഹചര്യങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുകയും സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള അതുല്യകലാകാരനായിരുന്നു ശ്രീനിവാസന്‍. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ വെള്ളിത്തിരയില്‍ വിവിധ വേഷങ്ങളില്‍ ശ്രീനിവാസന്‍ തിളങ്ങി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും സാമൂഹ്യ വിമർശനങ്ങള്‍ ഉന്നയിച്ചും ശ്രീനിവാസന്‍ സിനിമകള്‍ മലയാളിമനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ദൈനംദിന ജീവിതത്തില്‍ ശ്രീനിവാസന്‍ സിനിമകളിലെ സംഭാഷണങ്ങള്‍ ഉപയോഗിക്കാത്ത മലയാളികള്‍ ഇല്ലെന്നു തന്നെ പറയാം.
മലയാളസിനിമയില്‍ ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത ഈ അതുല്യപ്രതിഭയുടെ വേര്‍പാട് കുടുംബത്തിനെയും സഹപ്രവര്‍ത്തകരെയും ആരാധകരെയുമൊക്കെ നൊമ്പരത്തിലാഴ്ത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ്, ഫാസില്‍, പൃഥ്വിരാജ്, പാര്‍ത്ഥിപന്‍, സത്യന്‍ അന്തിക്കാട്, ദിലീപ്, അജു വര്‍ഗീസ്, നിവിന്‍ പോളി തുടങ്ങി നിരവധി താരങ്ങള്‍ ശ്രീനിവാസനെ അവസാനമായി കാണാന്‍ എത്തിയിരുന്നു. എന്നും പ്രിയപ്പെട്ടവരായ മോഹൻലാലും മമ്മൂട്ടിയുമായിരുന്നു ആദ്യം ഓടിയെത്തിയത്. അന്ന് വരാന്‍ പറ്റാത്ത സുരേഷ്ഗോപിയും പിന്നീട് വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു.
എന്നാല്‍ ജയറാം എന്തു കൊണ്ട് വന്നില്ല എന്ന ചോദ്യം പലയിടത്തു നിന്നും വന്നു. ശ്രീനിവാസന്റെ മരണശേഷം നടൻ ജയറാമിന് എതിരെ വലിയ രീതിയില്‍ ഉള്ള സൈബർ അറ്റാക്കും വന്നു.
ഇപ്പോഴിതാ ഇക്കാര്യത്തിലുള്ള ജയറാമിന്റെ പ്രതികരണമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ദിവസങ്ങളായി ഈ ഷൂട്ടിംഗ് നടക്കുന്നതിനിലാണ് തനിക്ക് പോവാന്‍ പറ്റാത്തതെന്നും ഈ ഷൂട്ട് നിര്‍ത്തി പോവാന്‍ പറ്റാത്ത സാഹചര്യമായിരുന്നെന്നും അല്ലെങ്കില്‍ തീര്‍ച്ചയായും താൻ പോയെനെയെന്നും ജയറാം പറഞ്ഞു.
‘‘ഇവിടെ ഷൂട്ടിംഗ് മദ്രാസില്‍ നടക്കുന്നതു കൊണ്ട് അത് നിര്‍ത്തി പോകാന്‍ പറ്റാത്ത അവസ്ഥ വന്നതു കൊണ്ടാണ്. അല്ലെങ്കില്‍ തീര്‍ച്ചയായും പോയേനേ. മനസ്സു കൊണ്ട് ഒരുപാടൊരുപാട് പ്രാര്‍ത്ഥനകള്‍. സത്യം പറഞ്ഞാല്‍ എന്താണ് പറയേണ്ടത് എന്നത് എനിക്കറിയില്ല. അത്രയും സങ്കടമാണ്...’’ ജയറാം പറഞ്ഞു.
എന്നാല്‍ ഈ വീഡിയോ കൂടി വന്നതോടെ വിമര്‍ശനങ്ങളും കൂടി. ‘പാർഥിപൻ ഫ്ലൈറ്റ് പോലും ഇല്ലാഞ്ഞിട്ട് റിസ്ക് എടുത്തു വന്നു, താങ്കള്‍ ആദരാഞ്ജലികൾ പോലും ഇട്ടിട്ടില്ല, 24 മണിക്കൂറും ഷൂട്ടിംഗ് ഉണ്ടാവില്ല. വിചാരിച്ചാല്‍ കൊച്ചിയിലേക്ക് ഫ്ലൈറ്റ് പിടിക്കാമായിരുന്നു. വരണമെന്ന് തീരുമാനിച്ചാല്‍ വരാന്‍ പറ്റുമായിരുന്നു. പാര്‍ത്ഥിപന്‍ എങ്ങനെയാണ് വന്നതെന്ന് കണ്ടുപഠിക്ക്, നന്ദികെട്ടവന്‍...’ എന്നതടക്കം കമന്റുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇത് പഴയ വീഡിയോയാണെന്നും വി.എസ് അച്യൂതാനന്ദന്‍ മരിച്ച സമയത്തുള്ളതാണെന്നും ചിലര്‍ കുറിക്കുന്നുണ്ട്. എഐയുടെ അതിപ്രസരമുള്ളതു കൊണ്ട് ഇത് വിശ്വസിക്കണോ വേണ്ടയോ എന്ന ആശങ്കയിലാണ് ആരാധകര്‍.