-->
നടനും തമിഴക വെട്രി കഴകം ( ടിവികെ) അധ്യക്ഷനുമായ വിജയ്‌ക്കെതിരെ പാര്‍ട്ടി അംഗവും നേതാവുമായ രഞ്ജന നാച്ചിയാര്‍. 25 വര്‍ഷത്തെ ദാമ്പത്യബന്ധം വേര്‍പിരിയുന്ന സാഹചര്യത്തില്‍, വിജയ് നടത്തുന്ന പൊതു ഇടപെടലുകള്‍ തെറ്റായ മാതൃകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.
മഹാബലിപുരത്ത് നടന്ന വനിതാ ദിന ചടങ്ങില്‍ വിജയ് നടത്തിയ പ്രസംഗമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. തന്റെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ അത്ര കാര്യമാക്കേണ്ടതില്ല എന്ന് വിജയ് പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. ഇത് ഭാര്യ സംഗീതയെയും കുടുംബത്തെയും അനാദരിക്കുന്നതാണെന്ന് രഞ്ജന ചൂണ്ടിക്കാട്ടി.
നിര്‍മാതാവ് കല്‍പാത്തി സുരേഷിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ വിജയ് നടി തൃഷയ്‌ക്കൊപ്പം എത്തിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇത് ശരിയായ രീതിയല്ലെന്ന് രഞ്ജന തുറന്നടിച്ചു.' വിവാഹമോചന കേസ് നിലനില്‍ക്കേ ഇത്തരത്തില്‍ മറ്റൊരു നടിയുമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് തലമുറയ്ക്ക് നല്‍കുന്നത് മോശം സന്ദേശമാണ്. തമിഴ്‌നാടിന്റെ നേതാവാകാന്‍ ആഗ്രഹിക്കുന്നൊരാള്‍ ആദ്യം സ്വന്തം വീട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം' അവര്‍ എഎന്‍ഐയോട് പ്രതികരിച്ചു.
ഫെബ്രുവരി 27-നാണ് ചെങ്കല്‍പേട്ട് കുടുംബകോടതിയില്‍ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. നോട്ടീസില്‍ സംഗീത നിരവധി കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും, ' ഒരു നടിയുമായുളള അവിഹിത ബന്ധം' എന്ന പരാമര്‍ശമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. തൃഷയാണ് ആ നടിയെന്ന് ഇതിനു പിന്നാലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇത്തരം ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുന്നതിനിടെയാണ് തൃഷയോടൊപ്പം വിജയ് വിവാഹസത്കാരത്തില്‍ പങ്കെടുത്തത്. വിവാഹസല്‍ക്കാര വേദിയില്‍ ഒരേ കാറിലെത്തിയ താരങ്ങള്‍ സമാന നിറങ്ങളിലുളള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഈ ഒത്തുചേരല്‍, വിജയ് - തൃഷ ബന്ധത്തെക്കുറിച്ചുളള മുന്‍കാല ഊഹാപോഹങ്ങള്‍ക്ക് പുതിയ മാനം നല്‍കിയെന്നാണ് പൊതുവെയുളള വിലയിരുത്തല്‍. അതേസമയം സംഗീത ഫയല്‍ ചെയ്ത വിവാഹമോചന ഹര്‍ജിയില്‍ ഏപ്രില്‍ 20-ന് നേരിട്ട് ഹാജരാകാന്‍ വിജയ്‌യോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.