-->
മസാജ് സെന്ററില്‍ പോയ യുവതിക്ക് സ്പാ ചെയ്യുന്നതിനായി എത്തിയത് പുരുഷന്‍. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള യുഷിമാന്‍ ഹൈടെക് മസാജ് സെന്ററില്‍ ഡിസംബര്‍ 12നാണ് സംഭവം നടന്നത്. പുരുഷന്‍ പറ്റില്ലെന്നു പറഞ്ഞപ്പോള്‍ മാനേജര്‍ പരിഹസിച്ചതായും യുവതി പരാതി ഉന്നയിച്ചു. ഹുവാങ് എന്ന യുവതിയാണ് മസാജ് സെന്ററിലെ ദുരനുഭവം പങ്കുവച്ചത്.
മസാജ് ചെയ്യാന്‍ വരുന്നത് പുരുഷനാണെന്നറിയാതെ വസ്ത്രം അഴിച്ചുമാറ്റി ഇരിക്കുകയായിരുന്നു ഹുവാങ്. തോളിലും കഴുത്തിലും മസാജ് ചെയ്യുന്നതിനായാണ് ഹുവാങ് എത്തിയത്. ആ സമയത്ത് ഒരു വനിതാ മാനേജര്‍ വന്ന് അവരുടെ മേല്‍ ഒരു ടവല്‍ എടുത്തിട്ടു. ഉടന്‍തന്നെ മറ്റൊരാള്‍ അകത്തു കയറി. അത് പുരുഷനാണെന്ന് അപ്പോഴാണ് തനിക്ക് മനസിലായതെന്ന് ഹുവാങ് പറഞ്ഞു. തുടര്‍ന്ന് പുരുഷന്‍ മസാജ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് യുവതി മാനേജരെ അറിയിച്ചു. എന്നാല്‍ എന്തുകൊണ്ട് പുരുഷ തെറപ്പിസ്റ്റ് പറ്റില്ലെന്നായിരുന്നു മാനേജരുടെ മറുചോദ്യം. വിവസ്ത്രയായിരിക്കുമ്പോള്‍ പുരുഷന്‍ മുറിയില്‍ കയറുന്നത് അംഗീകരിക്കാനാകില്ലെന്ന് യുവതി മറുപടിയും നല്‍കി.
എന്നാല്‍ മാനേജര്‍ തന്നെ പരിഹസിക്കുകയായിരുന്നെന്നും ഹുവാങ് വ്യക്തമാക്കി. 'നിങ്ങള്‍ക്ക് വിവരമില്ലേ. പുരുഷ ഡോക്ടര്‍മാരില്ലേ? ഫൂട് മസാജര്‍മാരില്‍ പുരുഷന്മാരില്ലേ അതുപോലെ കണ്ടാല്‍ മതി. പുരുഷ തെറപിസ്റ്റ് ചെറുപ്പക്കാരനും ആകര്‍ഷണമുള്ളവനുമാണ്, നിങ്ങള്‍ക്ക് അയാളുടെ അമ്മയുടെ പ്രായമുണ്ട്, അതിനാല്‍ ഒന്നും പേടിക്കണ്ട' എന്നായിരുന്നു മാനേജരുടെ മറുപടിയെന്നും ഹുവാങ് പറയുന്നു.സ്ത്രീകള്‍ വേണം എന്ന് പ്രത്യേകം പറയാത്തതിനാലാണ് പുരുഷന്മാരെ അയച്ചതെന്നും മാനേജര്‍ അറിയിച്ചു. അവസാനം പോലീസിനെ വിളിക്കും എന്ന് പറഞ്ഞപ്പോഴാണ് ഒരു വനിതാ തെറപിസ്റ്റിനെ അയച്ചതെന്നും അവര്‍ വ്യക്തമാക്കി.