-->
ബിഗ്സ്ക്രീന്‍ മിനിസ്ക്രീന്‍ താരവും രാഷ്ട്രീയനേതാവുമായ കൃഷ്ണകുമാറിന്റെ മകളെന്ന നിലയിലാണ് ദിയ കൃഷ്ണയെ ആളുകള്‍ ആദ്യമായി അറിഞ്ഞതെങ്കിലും പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ തിളങ്ങിയ താരപുത്രിയാണ് ദിയ. തന്റെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും ദിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ആദ്യപ്രണയവും ബ്രേക്കപ്പും പിന്നീടുണ്ടായ പ്രണയവിവാഹവും ഗര്‍ഭിണയായതും പിന്നീട് ഡെലിവറി വ്ലോഗുമടക്കം പങ്കിട്ട് ദിയ ആരാധകരുടെ ഇഷ്ടം നേടി.
സോഷ്യല്‍ മീഡിയ താരം എന്നതിലുപരി ഒരു ബിസിനസ്സ് സംരംഭക കൂടിയാണ് ദിയ കൃഷ്ണ. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിയ ഓ ബൈ ഓസി എന്ന പേരില്‍ തുടങ്ങിയ സ്ഥാപനം ഇന്ന് പറഞ്ഞാലറിയാവുന്ന ബ്രാന്‍ഡായി മാറി. പ്രീമിയം ഇമിറ്റേഷൻ ഓര്‍ണമെന്റ്സും ഡിസൈനര്‍ ഔട്ട്ഫിറ്റുകളുമടക്കം ദിയയുടെ ബ്രാന്‍ഡിലുണ്ട്.
ഇപ്പോഴിതാ ഒരാളില്‍ നിന്ന് തുടങ്ങിയ തന്റെ സംരംഭം 13 ഓളം ജീവക്കാരുള്ള വലിയ ബ്രാന്‍ഡായി മാറിയ സന്തോഷം പങ്കിടുകയാണ് ദിയ കൃഷ്ണ.
നാല് വർഷം മുന്നേ ഒരു ചെറിയ മുറിയിൽ തുടങ്ങിയ സംരംഭം ഇന്ന് പടികള്‍ ഓരോന്നായി കടന്ന് ഒരു ബ്രാൻഡായി മാറിയിരിക്കുകയാണ്.
‘‘4 വർഷം മുൻപ് ഒരു ക്രിസ്മസിന്റെയന്ന് ഞാന്‍ തുടങ്ങിയതാണ് ഓസി. 100 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു മുറിക്കുള്ളിൽ ഞാനും എന്റെ ആഭരണങ്ങളും മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. ഒരുപാട് സ്വപ്നങ്ങളുമായി ഞാൻ എന്റെ ബിസിനസ്സ് ഒറ്റയ്ക്കാണ് കൈകാര്യം ചെയ്തത്, ചിലപ്പോഴൊക്കെ എന്റെ സുഹൃത്തുക്കളും അശ്വിനും എനിക്ക് ജോലിയിൽ സഹായം നൽകി. ആ ചെറിയ മുറിയിൽ എനിക്കുണ്ടായിരുന്ന സ്റ്റോക്ക് ഇതായിരുന്നു. കുറച്ച് എക്സിബിഷനുകളിൽ ഞാൻ പങ്കെടുത്തു. ഞാൻ തന്നെ ഉപഭോക്താക്കളെയെല്ലാം നേരിട്ട് സന്ദർശിച്ചു. ചില ദിവസങ്ങളിൽ എന്റെ സുഹൃത്തുക്കളും സഹായത്തിനായി വന്നു. എനിക്ക് ലഭിച്ച ആദ്യത്തെ കുറച്ച് ഓർഡറുകൾ ഇവയായിരുന്നു. ആ ചെറിയ സ്ഥലത്ത് ഒരു അധിക കസേര ഇടാൻ സ്ഥലമില്ലാത്തതിനാൽ തറയിൽ ഇരുന്നുകൊണ്ട് അവയെല്ലാം പാക്ക് ചെയ്തത് ഞാന്‍ ആസ്വദിച്ചിട്ടുണ്ട്.
ദൈവത്തിന്റെയും എന്റെ കുടുംബങ്ങളുടെയും, അശ്വിന്റെയും സഹായത്താൽ, ബിസിനസ്സിനോടുള്ള എന്റെ അഭിനിവേശത്തോടെ, ഇന്ന് 5000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു 2 നില കെട്ടിടത്തിനുള്ളിലുള്ള എന്റെ സ്റ്റോറിലിരുന്ന് ഞാന്‍ പാക്കിംഗ് പൂർത്തിയാക്കി, ഇന്നെനിക്കൊപ്പം എന്നെ സഹായിക്കാൻ 13 ൽ കൂടുതൽ ജീവനക്കാർ ഉണ്ട്.
വെറുതെയിരുന്ന് അസരങ്ങള്‍ നിങ്ങളുടെ വഴിക്ക് വരാൻ കാത്തിരിക്കരുത്, എഴുന്നേറ്റ് അതിനു വേണ്ടി പരിശ്രമിക്കൂ...’’ എന്ന ക്യാപ്ഷനുകള്‍ നല്‍കിയാണ് ദിയ ഈ വിജയയാത്രയുടെ വീഡിയോ പങ്കിട്ടിരിക്കുന്നത്. 2022 ല്‍ എന്റെ ബിസിനസ്സ് ആരംഭിച്ചത്, നിന്ന് തിരിയാൻ പോലും സ്ഥലമില്ലാത്ത ചെറിയ മുറിയിൽ നിന്ന് തുടങ്ങിയതാണെന്നും യാത്രയിലെ ഓരോ ചുവടും മറക്കാനാവില്ലെന്നുമാണ് ദിയ വീഡിയോയിലൂടെ പങ്കുവച്ചത്. തനിക്ക് ലഭിച്ച ആദ്യത്തെ ഓഡറുകളും, എക്സിബിഷനിലൂടെ തന്റെ പ്രൊഡക്ടുകൾ ആളുകളിലേക്ക് എത്തിച്ചതിന്റെ ഓർമയും ദിയ വീഡിയോയിലൂടെ പങ്കുവെച്ചു.
മുന്‍പൊരിക്കല്‍ താന്‍ എങ്ങനെ ബിസിനസ്സിലേക്ക് എത്തിയെന്ന് ദിയ കൃഷ്ണ പറഞ്ഞിരുന്നു. പഠനം പൂര്‍ത്തിയാക്കി വീട്ടില്‍ തന്നെ ഇരിക്കുന്ന അവസരത്തില്‍, അച്ഛന്റെയും അമ്മയുടെയും വഴക്ക് കേള്‍ക്കാതിരിക്കാന്‍ വീട്ടില്‍ നിന്ന് എങ്ങോട്ടെങ്കിലും മാറി നില്‍ക്കേണ്ടതു കൊണ്ട് തുടങ്ങിയതാണ് ഈ ബിസിനസ് എന്നാണ് ദിയ അന്ന് പറഞ്ഞത്.
അടുത്തകാലത്ത് ദിയയുടെ ബ്രാന്‍ഡ് വാര്‍ത്തകളില്‍ നിറഞ്ഞത്, ഓ ബൈ ഓസിയുമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക തട്ടിപ്പ് കേസിലൂടെയാണ്. ക്യു ആർ കോഡിൽ കൃത്രിമം കാണിച്ച് മൂന്ന് ജീവനക്കാരികൾ പണം തട്ടിയെടുത്തു എന്നായിരുന്നു കേസ്. ദിയ സ്ഥാപനത്തില്‍ സ്ഥാപിച്ച ക്യൂ ആര്‍ കോഡിന് പകരം മറ്റൊന്ന് സ്ഥാപിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. അന്ന് ദിയയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്ത് എത്തി.
66 ലക്ഷം രൂപയായിരുന്നു സ്ഥാപനത്തിൽ നിന്ന് പ്രതികള്‍ തട്ടിയെടുത്തത്. തട്ടിയെടുത്ത പണം പ്രതികള്‍ ആഡംബര ജീവിതത്തിനായി ചെലവഴിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. വിശ്വാസ വഞ്ചന, മോഷണം എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തി.
തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ജീവനക്കാര്‍ കൃഷ്ണകുമാറിനെതിരെയും ദിയയ്ക്കെതിരെയും എതിര്‍പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് കൃഷ്ണകുമാര്‍, ദിയ, സുഹൃത്ത് സന്തോഷ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് ജീവനക്കാരികളുടെ എതിര്‍പരാതിയില്‍ കഴമ്പില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. കവടിയാറിലെ ദിയയുടെ ‘ഓ ബൈ ഓസി’ എന്ന ആഭരണങ്ങളും സാരിയും വില്‍ക്കുന്ന ഓണ്‍ലൈന്‍-ഓഫ് ലൈന്‍ പ്ലാറ്റ്ഫോമിലെ സ്ഥാപനത്തിലാണ് ക്യൂആര്‍ കോഡില്‍ തിരിമറി നടത്തി ജീവനക്കാര്‍ പണം തട്ടിയത്.