-->
കൊച്ചി: വന്‍ വിവാദമായി മാറിയ എലപ്പുള്ളി ബ്രൂവറിയില്‍ ഒയാസിസ് കമ്പനിക്ക് നല്‍കിയ സര്‍ക്കാരിന്റെ അനുമതി ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ അനുമതി നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമെന്നും നടപടിക്രമങ്ങള്‍ പാലിച്ച് പുതിയ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയായിട്ടാണ് വിധി മാറിയിരിക്കുന്നത്. ജലക്ഷാമം അതിരൂക്ഷമായ പ്രദേശത്ത് ബ്രൂവറി വരുന്നതുമായി ബന്ധപ്പെട്ടാണ് ഒയാസിസ് കമ്പനിക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്.
ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതും കൃഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നായിരുന്നു നേരത്തെ പദ്ധതിക്കെതിരെ ഉയര്‍ന്ന പ്രധാനവിമര്‍ശനം. ബ്രൂവറി നിര്‍മ്മിക്കുന്നതിനായി എലപ്പുള്ളിയില്‍ 26 ഏക്കര്‍ സ്ഥലമാണ് ഒയാസിസ് കമ്പനി വാങ്ങിയത്. ജലക്ഷാമം ചൂണ്ടിക്കാണിച്ച് പദ്ധതിക്കെതിരെ നാട്ടുകാര്‍ രംഗത്ത് വന്നതോടെയാണ് വിഷയം ശ്രദ്ധ നേടിയത്. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് പദ്ധതി അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്.
ഇതിന് പിന്നാലെ പദ്ധതിക്കെതിരെ എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി രംഗത്ത് വന്നിരുന്നു. ഇടതുമുന്നണിയിലും ബ്രൂവറി വിഷയം അഭിപ്രായ ഭിന്നതകള്‍ക്ക് വഴിതെളിച്ചിരുന്നു. എലപ്പുള്ളി ബ്രൂവറി പ്രാബല്യത്തില്‍ വരുന്നതില്‍ ശക്തമായ എതിര്‍പ്പ് സിപിഐയും ആര്‍ജെഡിയും അറിയിച്ചിരുന്നു. പദ്ധതി നിഗൂഢമാണെന്നായിരുന്നു സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബ്രൂവറി സമരം നടന്ന എലപ്പുള്ളി, പുതുശ്ശേരി പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് തിളക്കമുള്ള വിജയം നേടിയിരുന്നു. ബ്രൂവറിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം തകര്‍ന്നതായി സിപിഐഎം വ്യക്തമാക്കിയിരുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ എങ്ങനെയാണ് ഇത്തരമൊരു വിഷയത്തില്‍ സര്‍ക്കാരിന് അനുമതി നല്‍കാന്‍ കഴിയുക എന്നും ബിനോയ് വിശ്വം ചോദിച്ചത്.