Sunday, March 15, 2026 Last Updated 14 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 12.58 PM

നടിയെ ആക്രമിച്ച കേസ്; സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി സ്വീകരിച്ചു, ദിലീപിന് നോട്ടീസ്

uploads/news/2026/03/829411/dileep-case.jpg

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. കേസിലെ പ്രതിയായിരുന്ന ദിലീപ് ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വിചാരണക്കോടതിയുടെ ഗുരുതര വീഴ്ചകള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കമുള്ള ആറ് പ്രതികള്‍ക്ക് മാത്രമാണ് വിചാരണക്കോടതി ശിക്ഷ നല്‍കിയത്. എന്നാല്‍ ഗൂഢാലോചനാക്കുറ്റം തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ഏട്ടാം പ്രതി ദിലീപ് അടക്കമുള്ള ഏഴ് മുതല്‍ പത്ത് വരെയുള്ള പ്രതികളെ വെറുതെ വിട്ടിരുന്നു. 300 പേജുള്ള അപ്പീല്‍ സ്വീകരിച്ച കോടതി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

വിചാരണക്കോടതി വിധിയെ നിശിതമായി വിമര്‍ശിച്ചായിരുന്നു പ്രോസിക്യൂഷന്റെ അപ്പീല്‍. വിധി ക്രിമിനല്‍ നടപടികളുടേയും സ്വാഭാവിക നീതിയുടെയും ലംഘനമാണെന്നും പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ സമൂഹത്തിന് യുക്തമായ സന്ദേശമായിരിക്കണമെന്നും ദിലീപ് ഉള്‍പ്പെടെ പ്രതികളെ വിറുതെവിട്ടത് നിയമ വിരുദ്ധമാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കുറ്റവിമുക്തരാക്കപ്പെട്ട ദിലീപ് അടക്കമുള്ള നാല് പ്രതികള്‍ക്ക് നെടുമ്പാശേരി എസ്എച്ച്ഒ മുഖേന നോട്ടീസ് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷന്‍ നല്‍കിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസാണിത്. 2017 ഫെബ്രുവരി പതിനേഴിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് കേസിലെ അഞ്ചും ആറും പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW