-->
കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐഎം നേതാക്കള്‍ക്ക് എതിരേ വിമര്‍ശിച്ച് പുസ്തകം ഇറക്കിയതിന് പിന്നാലെ സംരക്ഷണം ആവശ്യപ്പെട്ട് വി. കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതിയില്‍. പയ്യന്നൂര്‍ ടൗണില്‍ ഫെബ്രുവരി 4 ന് നടക്കാനിരിക്കുന്ന പുസ്തകപ്രകാശന പരിപാടിയ്ക്ക് പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
കണ്ണൂര്‍ പോലെയുള്ള സിപിഐഎം ഉരുക്കുകോട്ടയില്‍ പാര്‍ട്ടിക്കെതിരേ ഉയരുന്ന ശബ്ദങ്ങള്‍ക്ക് രാഷ്ട്രീയമായും കായികമായും എതിര്‍പ്പ് നേരിടേണ്ടി വരുന്ന സാഹചര്യത്തിലാണ് കുഞ്ഞികൃഷ്ണന്‍ സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഗാന്ധിപാര്‍ക്കില്‍ വിശിഷ്ടാതിഥികളെയും സമൂഹത്തിലെ മാന്യവ്യക്തികളെയും വിളിച്ചു നടത്തുന്ന പുസ്തക പ്രകാശന ചടങ്ങിന് നേരെ ഏതെങ്കിലും രീതിയിലുള്ള എതിര്‍പ്പുകളും അക്രമങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന ആശങ്കയാണ് സംരക്ഷണം ആവശ്യപ്പെടാനുള്ള കാരണം.
കണ്ണൂരിലെ പ്രാദേശിക പാര്‍ട്ടിനേതാക്കള്‍ക്കെതിരേ രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. പരോളിലിറങ്ങിയ പ്രതിയടക്കമുള്ള ആള്‍ക്കാര്‍ പ്രതിഷേധ മാര്‍ച്ച് വീട്ടിലേക്ക് നടത്തുകയും വീടിന് മുന്നില്‍ പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ എംഎല്‍എ യുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ അക്രമം ഉണ്ടാകുകയും ചെയ്തിരുന്നു.
ഈ പശ്ചാത്തലമെല്ലാം മുന്‍ നിര്‍ത്തിയാണ് ഹൈക്കോടതിയില്‍ സംരക്ഷണ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം തന്നെ കണ്ണൂരിലെ വെള്ളൂരില്‍ കുഞ്ഞികൃഷ്ണന് അനുകൂലമായി ഫ്‌ളെക്‌സുകള്‍ ഉയരുന്ന സ്ഥിതി സിപിഐഎമ്മിനെയും ഞെട്ടിച്ചിട്ടുണ്ട്. വെള്ളൂര്‍ ലോക്കലിലെ കിഴക്കുമ്പാടാണ് പുതിയതായി ഫ്‌ളക്‌സ് ഉയര്‍ന്നിരിക്കുന്നത്. നിങ്ങള്‍ കാട്ടിയ പാതയിലൂടെ മുമ്പോട്ട് എന്നാണ് ഫ്‌ളക്‌സിലെ വാചകം. വിവാദത്തെ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ സിപിഐഎം ബ്രാഞ്ച് യോഗങ്ങള്‍ നടത്താനുള്ള നീക്കത്തിലാണ്.