-->
തമിഴകത്തിന്റെ ഇളയ ദളപതി വിജയ് ആരാധകര്‍ക്ക് അന്നുമിന്നും വലിയ ആവേശമാണ്. താരം തന്റെ സിനിമാ അഭിനയത്തിന് വിശ്രമം നല്‍കി സജീവ രാഷ്ട്രീക്കാരനായി മാറുന്നു എന്ന വാര്‍ത്ത വലിയ സങ്കടത്തോടെയാണ് ആരാധകര്‍ കേട്ടറിഞ്ഞത്. എന്നാല്‍ പിന്നീട് താരത്തിന്റെ ഈ തീരുമാനത്തെ വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുത്തു. തമിഴക വെട്രി കഴകം (ടിവികെ) മേധാവിയുമായ വിജയ് യുടെ അവസാന സിനിമ ജനനായകന്‍ അടുത്ത മാസമാണ് തിയേറ്ററുകളിലെത്തുന്നത്.
വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് യുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വിജയ് തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ടിവികെ അണികള്‍ പറയുന്നുണ്ട്.
ഇപ്പോഴിതാ വിജയ്‌ടെ അച്ഛനും ചലച്ചിത്ര നിർമ്മാതാവുമായ എസ്. എ ചന്ദ്രശേഖർ തന്റെ മകന്റെ സിനിമയെയും രാഷ്ട്രീയ ജീവിതത്തെയും കുറിച്ച് പറയുന്നതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. വിജയ്ക്ക് വേണമെങ്കില്‍ ഇനിയും സിനിമാ അഭിനയം തുടരാമായിരുന്നു എന്നും അഭിനയത്തിൽ തന്നെ ഉറച്ചുനിന്നിരുന്നെങ്കിൽ കുറേ പണമുണ്ടാക്കാമായിരുന്നു എന്നും വിജയ് ജനസേവനമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നുമാണ് എസ്. എ ചന്ദ്രശേഖർ പറയുന്നത്.
‘‘എന്റെ മകൻ വിജയ്... പൊതുവേ, ജീവിതത്തിൽ പണം മാത്രമല്ല കാര്യം. അവന് എളുപ്പത്തിൽ അഭിനയിക്കാനും ധാരാളം പണം സമ്പാദിക്കാനും കഴിയും. ഞാൻ നിങ്ങളുടെ ടിവികെ നേതാവിനെക്കുറിച്ചാണ് സംസാരിക്കുന്നത്. പകരം, അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്നത് തമിഴ്‌നാട്ടിലെ ജനങ്ങളെ സേവിക്കുക എന്നതാണ്. പണത്തേക്കാള്‍ പ്രാധാന്യം വിജയ് സേവനത്തിന് നല്‍കുന്നു. മനസ്സിൽ ഈ ചിന്തയോടെ... അതിന് നിരവധി കാരണങ്ങളുണ്ടാകാം.
അവന്‍ അഭിനയിച്ച സിനിമകള്‍ അതിനൊരു കാരണമാകാം. എം.ജി.ആറിനെ പോലെ ജനനന്മയും സേവനവും പറയുന്ന സിനിമകളിലാണ് വിജയിയും അഭിനയിച്ചത്. അതുകൊണ്ടുതന്നെ ആ സിനിമകള്‍ രണ്ടുപേരെയും സ്വാധാനിച്ചിട്ടുണ്ടാകാം. അത്തരം സിനിമകളില്‍ അഭിനയിച്ച് എം.ജി.ആര്‍ നേതാവായി. പുതിയ തലമുറയില്‍ വിജയ് സമാനമായ വരവാണ് നടത്തുന്നത്...’’ എസ്. എ ചന്ദ്രശേഖര്‍ പറഞ്ഞു.
വിജയിയുടെ പിതാവിനൊപ്പം വേദിയിലുണ്ടായിരുന്ന സംവിധായകൻ എ.ആർ. മുരുഗദോസിന് നന്ദിയും പറഞ്ഞു. തിരക്കഥാ വിവരണത്തിനിടെ വിജയ് വികാരഭരിതനായ ഒരേയൊരു സംവിധായകൻ മുരുഗദോസ് മാത്രമാണെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. ‘‘വിജയ്യുടെ ഇപ്പോഴത്തെ കരിയര്‍ പാതയ്ക്ക് സംവിധായകന്‍ എ. ആര്‍ മുരുഗദോസിനും പങ്കുണ്ട്. കരിയറിന്റെ തുടക്കത്തിൽ, കഥകൾ കേൾക്കുമ്പോൾ വിജയ്ക്കൊപ്പം ഞാനും ചേരുമായിരുന്നു. ഒരു വാക്കുപോലും പറയാതെ വിജയ് അതെല്ലാം നിശബ്ദമായി ആസ്വദിക്കുമായിരുന്നു, വികാരങ്ങള്‍ പ്രകടിപ്പിക്കാറില്ലായിരുന്നു. എന്നാൽ 2012 ല്‍ തുപ്പാക്കിയുടെ ആദ്യ വിവരണത്തിനുശേഷം, അദ്ദേഹം മുരുഗദോസിനെ കെട്ടിപ്പിടിച്ചു. ആ തിരക്കഥ കാരണം ആ ചിത്രം ഇന്നും ഒരു കള്‍ട്ട് ക്ലാസിക് ആണ്...’’ കൈയ്യടികള്‍ക്കിടെ ചന്ദ്രശേഖര്‍ പറഞ്ഞു. വിജയ് സാമൂഹിക പ്രാധാന്യമുള്ള സിനിമകളിൽ അഭിനയിച്ചതിനെപ്പറ്റിയും കരിയറിൽ ഒരു മാറ്റമുണ്ടാക്കിയതുമായ നേട്ടങ്ങൾ കൈവരിച്ചതിനെക്കുറിച്ചും എസ്.എ ചന്ദ്രശേഖർ നന്ദിയും പറഞ്ഞു. ചെന്നൈയിൽ ബിഹൈൻഡ്‌വുഡ്‌സ് നടത്തിയ പരിപാടിയിലാണ് വിജയ് യുടെ അച്ഛനിത് പറഞ്ഞത്. വിജയിയെ കുറിച്ച് ചന്ദ്രശേഖര്‍ പറയാന്‍ തുടങ്ങിയപ്പോള്‍ തന്നെ സദസ്സില്‍ നിന്ന് നിര്‍ത്താതെ കൈയ്യടിയും ആരവുമുണ്ടായി. ഇത് ശമിക്കാന്‍ ചന്ദ്രശേഖര്‍ ഏറെ നേരം കാത്തു നിന്ന ശേഷമാണ് പ്രസംഗം തുടര്‍ന്നത്.
2024ല്‍ പുറത്തിറങ്ങിയ വെങ്കട്ട് പ്രഭുവിന്റെ ‘ദി ഗോട്ട്’ ആണ് വിജയ് അവസാനമായി അഭിനയിച്ച ചിത്രം. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകന്‍’ എന്ന വിജയ് ചിത്രം അടുത്ത ജനുവരി 9-ന് പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍ എത്തും.