-->
ജാംനഗര്‍ (ഗുജറാത്ത്): ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ ലോക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി വന്യജീവി സംരക്ഷണ-പുനരധിവാസ കേന്ദ്രമായ 'വന്‍താര'യില്‍ പ്രത്യേക സന്ദര്‍ശനം നടത്തി. വ്യവസായ പ്രമുഖനായ അനന്ത് അംബാനി സ്‌ഥാപിച്ച ഈ കേന്ദ്രത്തില്‍, പ്രകൃതിയോടുള്ള ആദരവും എല്ലാ ജീവജാലങ്ങളോടുമുള്ള ബഹുമാനവും ഊന്നിപ്പറയുന്ന സനാതന ധര്‍മമനുസരിച്ചുള്ള ആചാരങ്ങളോടെയാണ് മെസ്സിയുടെ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. അദ്ദേഹം പരമ്പരാഗത ഹൈന്ദവ ആചാരങ്ങളില്‍ പങ്കെടുത്തു, വന്യജീവികളെ നിരീക്ഷിച്ചു, സംരക്ഷണ സംഘാംഗങ്ങളുമായും പരിചരിക്കുന്നവരുമായും സംസാരിച്ചു.
മെസ്സിയുടെ ഈ സന്ദര്‍ശനം, വന്യജീവി സംരക്ഷണത്തോടുള്ള പൊതുവായ പ്രതിബദ്ധതയില്‍ അധിഷ്‌ഠിതമായ അദ്ദേഹവും അനന്ത് അംബാനിയും തമ്മിലുള്ള ഊഷ്‌മളമായ സൗഹൃദത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നതായിരുന്നു വൈല്‍ഡ് ലൈഫ് ഫുട്‌ബോള്‍, മഹാ ആരതി, ലയണ്‍ 'ലയണല്‍' ഇന്റര്‍ മയാമി ടീമംഗങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവര്‍ക്കൊപ്പമെത്തിയ മെസ്സിയെ വര്‍ണ്ണാഭമായ നാടന്‍ സംഗീതവും, അനുഗ്രഹത്തിന്റെയും ശുദ്ധിയുടെയും പ്രതീകമായി പൂക്കള്‍ വര്‍ഷിച്ചുകൊണ്ടുള്ള സ്വീകരണവും, ആരതിയും ഉള്‍പ്പെടുന്ന പരമ്പരാഗത ശൈലിയിലാണ് വന്‍താരയില്‍ വരവേറ്റത്.
കേന്ദ്രത്തിലെ ക്ഷേത്രത്തില്‍ നടന്ന മഹാ ആരതിയിലും മെസ്സി പങ്കാളിയായി. അംബേ മാതാ പൂജ, ഗണപതി പൂജ, ഹനുമാന്‍ പൂജ, ശിവ അഭിഷേകം എന്നിവയില്‍ അദ്ദേഹം പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. ലോക സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് മെസ്സി കാതോര്‍ത്തു. സ്വീകരണത്തിനു ശേഷം മെസ്സി വന്‍താരയുടെ വിശാലമായ സംരക്ഷണ കേന്ദ്രത്തിലൂടെ സഞ്ചരിച്ചു. രക്ഷപ്പെടുത്തിയ സിംഹങ്ങള്‍, പുലികള്‍, ആനകള്‍, മറ്റ് വന്യജീവികള്‍, ഉരഗങ്ങള്‍, ലോകമെമ്പാടുമുള്ള മൃഗങ്ങള്‍ എന്നിവയുടെ കേന്ദ്രങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
ഏറ്റവും വലിയ റിഫൈനറി സമുച്ചയവും, ഗ്രീന്‍ എനര്‍ജി കോംപ്ലക്‌സും കണ്ട മെസ്സി അതിന്റെ വ്യാപ്‌തിയും കാഴ്‌ചപ്പാടും കണ്ട് അത്ഭുതം രേഖപ്പെടുത്തി. സിംഹങ്ങള്‍, പുലികള്‍, കടുവകള്‍, മറ്റ് വംശനാശഭീഷണി നേരിടുന്ന ജീവികള്‍ എന്നിവയുടെ സംരക്ഷണ കേന്ദ്രത്തില്‍, സ്വാഭാവികമായ ചുറ്റുപാടില്‍ വളരുന്ന മൃഗങ്ങളുമായി മെസ്സി ഇടപഴകി. അവയില്‍ പലതും കൗതുകത്തോടെ അദ്ദേഹത്തെ സമീപിച്ചു. തുടര്‍ന്ന്, ഹെര്‍ബിവോര്‍ കെയര്‍ സെന്ററും റെപ്‌റ്റൈല്‍ കെയര്‍ സെന്ററും സന്ദര്‍ശിച്ച മെസ്സി, വന്യജീവി ക്ഷേമത്തില്‍ വന്‍താര പുലര്‍ത്തുന്ന ആഗോള നിലവാരത്തിലുള്ള പരിചരണ രീതികള്‍ നേരില്‍ കണ്ടു. മള്‍ട്ടി സ്‌പെഷാലിറ്റി വൈല്‍ഡ് ലൈഫ് ഹോസ്‌പിറ്റല്‍ സന്ദര്‍ശിച്ച അദ്ദേഹം തത്സമയക്ലിനിക്കല്‍, ശസ്‌ത്രക്രിയാ നടപടികള്‍ക്ക് സാക്ഷ്യം വഹിച്ചു.
ഒകാപികള്‍, കാണ്ടാമൃഗങ്ങള്‍, ജിറാഫുകള്‍, ആനകള്‍ എന്നിവയ്‌ക്ക് തീറ്റ നല്‍കാനും അദ്ദേഹം സമയം കണ്ടെത്തി. രാജ്യത്തെ വന്യജീവി സംരക്ഷണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. രക്ഷകര്‍ത്താക്കളില്ലാത്ത, ദുര്‍ബലരായ മൃഗങ്ങള്‍ക്കായുള്ള ഫോസ്‌റ്റര്‍ കെയര്‍ സെന്ററില്‍, അവയുടെ അതിജീവന കഥകളെക്കുറിച്ച് മെസ്സി മനസിലാക്കി. സന്ദര്‍ശനത്തിന്റെ ഓര്‍മയ്‌ക്ക്, അനന്ത് അംബാനിയും രാധിക അംബാനിയും ചേര്‍ന്ന് ഒരു സിംഹക്കുഞ്ഞിന് "ലയണല്‍" എന്ന് പേര്‍ നല്‍കി. ഫുട്‌ബോള്‍ ഇതിഹാസത്തോടുള്ള ആദരസൂചകമായി നല്‍കിയ ഈ പേര്‍ പ്രത്യാശയുടെയും തുടര്‍ച്ചയുടെയും പ്രതീകമാണ്. സന്ദര്‍ശനത്തിലെ ഏറ്റവും ആകര്‍ഷകമായ നിമിഷം എലഫന്റ് കെയര്‍ സെന്ററിലായിരുന്നു. തടിലോറി ജോലിയില്‍നിന്നുള്ള കഠിനമായ അദ്ധ്വാനത്തില്‍നിന്ന് രണ്ട് വര്‍ഷം മുമ്പ് രക്ഷപ്പെടുത്തിയ 'മാണിക് ലാല്‍' എന്ന ആനക്കുട്ടിയെയും, അതിന്റെ അമ്മ പ്രഥിമയെയും മെസ്സി കണ്ടുമുട്ടി. കേന്ദ്രത്തിലെ എല്ലാവരുടെയും ഹൃദയം കവര്‍ന്ന ആ നിമിഷത്തില്‍, മെസ്സി മാണിക് ലാലുമായി ഒരു ഫുട്‌ബോള്‍ കളിച്ചു. കളിയുടെ സാര്‍വത്രിക ഭാഷ പ്രദര്‍ശിപ്പിച്ചുകൊണ്ട് മെസ്സി പന്ത് തട്ടിയപ്പോള്‍, ആനക്കുട്ടി ആവേശത്തോടെ പ്രതികരിച്ചു.
ഈ അനുഭവം മനസില്‍ തങ്ങും, ഞങ്ങള്‍ വീണ്ടും വരും' വന്‍താര സന്ദര്‍ശിച്ചതിനും നിസ്വാര്‍ത്ഥമായി മനുഷ്യരെയും മൃഗങ്ങളെയും പ്രചോദിപ്പിച്ചതിനും അനന്ത് അംബാനി നന്ദി പറഞ്ഞപ്പോള്‍ സ്‌പാനിഷിലായിരുന്നു മെസ്സിയുടെ മറുപടി: "വന്‍താര ചെയ്യുന്നത് മനോഹരമായ കാര്യമാണ്. മൃഗങ്ങള്‍ക്കുവേണ്ടിയുള്ള ഈ പ്രവൃത്തി, അവയ്‌ക്ക് ലഭിക്കുന്ന പരിചരണം, അവയെ രക്ഷിക്കുന്നതും നോക്കുന്നതുമായ രീതി - ഇത് അത്യധികം ശ്രദ്ധേയമാണ്. ഞങ്ങള്‍ക്കൊരു മികച്ച സമയമായിരുന്നു. ഇവിടെ ഞങ്ങള്‍ പൂര്‍ണമായും സ്വസ്‌ഥരായിരുന്നു, ഈ അനുഭവം മനസില്‍ തങ്ങും. ഈ അര്‍ത്ഥവത്തായ പ്രവൃത്തി തുടര്‍ന്നും പ്രചോദിപ്പിക്കാനും പിന്തുണയ്‌ക്കാനും ഞങ്ങള്‍ തീര്‍ച്ചയായും വീണ്ടും സന്ദര്‍ശിക്കും." സന്ദര്‍ശനത്തിന്റെ ഒടുവില്‍, നല്ല ഉദ്ദേശ്യങ്ങളെയും മംഗളകരമായ തുടക്കങ്ങളെയും പ്രതീകവത്‌കരിക്കുന്ന നാളികേരം ഉടയ്‌ക്കല്‍, മണ്‍കലമുപേക്ഷിക്കല്‍ തുടങ്ങിയ പരമ്പരാഗത ആചാരങ്ങളിലും മെസ്സി പങ്കുചേര്‍ന്നു. സമാധാനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള മന്ത്രോച്ചാരണത്തോടെയാണ് ചടങ്ങ് സമാപിച്ചത്.
സമൂഹിക വിഷയങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കുട്ടികളുടെ ക്ഷേമം എന്നിവയ്‌ക്കായി സമര്‍പ്പിച്ച 'ലയണല്‍ മെസ്സി ഫൗണ്ടേഷന്റെ' തലവനായ മെസ്സി, വന്‍താരയുടെ ലക്ഷ്യങ്ങളോടും മൃഗങ്ങള്‍ക്കുവേണ്ടിയുള്ള ശാസ്‌ത്രീയമായ പരിചരണത്തോടുമുള്ള മതിപ്പും പ്രകടിപ്പിച്ചു.