-->
വിവാഹഘോഷങ്ങള്‍ ഏറ്റവും വ്യത്യസ്തമാക്കാനാണ് ആളുകള്‍ ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും ഇന്ത്യയില്‍ നടക്കുന്ന ഇത്തരം വിവാഹഘോഷങ്ങള്‍ അതിരുകടക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇത് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ വീഡിയോ. കൈകളില്‍ ഫ്‌ലെയര്‍ ഗണ്ണുമായി വിവാഹവേദിയിലേക്കു വരുന്ന വധൂവരന്മാരുടെതാണ് വിഡിയോയാണിത്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. ഒരു യുദ്ധത്തിനുള്ള തയാറെടുപ്പാണോ? വിവാഹം തന്നെയല്ലേ ഇത്? എന്ന കുറിപ്പോടെയാണ് വിഡിയോ പ്രചരിച്ചത്. ടെലിവിഷന്‍ സീരിയല്‍ മഹാഭാരതത്തിന്റെ പശ്ചാത്തല സംഗീതത്തോടെയാണ് വിവാഹവേദിയിലേക്ക് വധൂവരന്മാരുടെ ഗ്രാന്റ് എന്‍ട്രി. വേദിയില്‍ ഒരുക്കിയിരിക്കുന്ന പാളത്തിലൂടെ അരയന്നരൂപത്തിലുള്ള വാഹനത്തിലായിരുന്നു വധൂവരന്മാരുടെ വരവ്. വധൂവരന്മാരുടെ കയ്യില്‍ ഓരോ തോക്കുകളും ഉണ്ട്. ഈ തോക്കുകളില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് തീജ്വാലകള്‍ ഉയരുന്നതും കാണാം. വധൂവരന്മാരെത്തുന്ന അരയന്ന വാഹനങ്ങള്‍ അടുത്തെത്തുമ്പോള്‍ പ്രണയചിഹ്നമായി മാറുന്നതും വിഡിയോയിലുണ്ട്.
സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായ വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ഇത് വിവാഹമല്ലേ, യുദ്ധമൊന്നുമല്ലല്ലോ എന്നായിരുന്നു പലരുടെയും ചോദ്യം. വിവാഹജീവിതം യുദ്ധക്കളമാകുമോ എന്നും ചിലര്‍ തമാശരൂപേണ ചോദിച്ചു. വിവാഹത്തിനു ശേഷമുള്ള ജീവിതമാണ് ഉദ്ദേശിച്ചത്. ആഘോഷങ്ങള്‍ അതിരു കടക്കുന്നു എന്നാണ് മറ്റുചിലര്‍ കുറിച്ചത്.