-->
ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് പ്രവേശനം നിഷേധിച്ച ദക്ഷിണ കൊറിയന്‍ ഹോട്ടല്‍ വിവാദത്തില്‍. 'തങ്ങള്‍ ഏകാന്തത വില്‍ക്കുന്നില്ല' എന്നാണ് ഇതിന് കാരണമായി ഹോട്ടല്‍ അധികൃതര്‍ പറയുന്നത്.ദക്ഷിണ ജിയോള പ്രവിശ്യയിലെ യോസു നഗരത്തിലുള്ള ഈ ഹോട്ടല്‍, ഒറ്റയ്ക്ക് വരുന്ന ഉപഭോക്താക്കള്‍ക്കായി നാല് നിര്‍ദേശങ്ങളടങ്ങിയ ഒരു ബോര്‍ഡും സ്ഥാപിച്ചിരുന്നു. രണ്ടു പേര്‍ക്കുള്ള പണം നല്‍കുക, രണ്ടുപേര്‍ക്കുള്ള ഭക്ഷണം കഴിക്കുക, ഒരു സുഹൃത്തിനെ വിളിച്ചുവരുത്തുക, അല്ലെങ്കില്‍ അടുത്ത തവണ ഭാര്യയുമായി വരിക എന്നിവയായിരുന്നു നിര്‍ദേശങ്ങള്‍.
കൊറിയയില്‍ 'ഹോന്‍ബാപ്' എന്നറിയപ്പെടുന്ന, തനിച്ച് ഭക്ഷണം കഴിക്കുന്ന രീതിക്ക് അടുത്ത കാലത്തായി ഏറെ പ്രചാരം ലഭിച്ചിട്ടുണ്ട്. ഏകാന്തത ഇഷ്ടപ്പെടുന്ന അനേകംപേര്‍ ഈ രീതി സ്വീകരിച്ചിട്ടുണ്ടെങ്കിലും ചില ഹോട്ടലുകള്‍ക്ക് ഇതിനോട് വലിയ എതിര്‍പ്പാണ്.ഹോട്ടലിന്റെ നടപടി പ്രാദേശിക സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. തനിച്ച് ഭക്ഷണം കഴിക്കുന്നത് ഏകാന്തതയാണെന്ന ചിന്താഗതിയെ പലരും വിമര്‍ശിച്ചിട്ടുണ്ട്. 'ഞങ്ങള്‍ ഏകാന്തത വില്‍ക്കുന്നില്ല. ദയവായി തനിച്ച് വരരുത്' എന്ന് ഒരു സംഭാഷണ ശകലത്തിന്റെ രൂപത്തില്‍ ഹോട്ടല്‍ അറിയിപ്പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ദക്ഷിണ കൊറിയയില്‍ ഒരാള്‍ മാത്രമുള്ള കുടുംബങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ വിവാദം. സ്റ്റാറ്റിസ്റ്റിക്‌സ് കൊറിയയുടെ കണക്കനുസരിച്ച്, രാജ്യത്തെ മൊത്തം കുടുംബങ്ങളില്‍ 29 ശതമാനവും ഇത്തരത്തിലുള്ളതാണ്.'ഉടമയുടെ ചിന്താഗതി കാലഹരണപ്പെട്ടതാണ്' എന്ന് ഒരാള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. 'തനിച്ച് ഭക്ഷണം കഴിക്കുന്നതിനെ എന്തിന് ഏകാന്തതയുമായി കൂട്ടിക്കെട്ടണം?' എന്ന് മറ്റൊരാള്‍ ചോദിച്ചു. 'ഈ ഹോട്ടല്‍ ഉപഭോക്താക്കളെ വില മതിക്കുന്നില്ല' എന്ന് മൂന്നാമതൊരാള്‍ എഴുതി.