-->
തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞു സംസ്ഥാനത്തെ പകുതിയോളം ഹോട്ടലുകള്‍ പൂട്ടി. തട്ടുകടകള്‍, ഹോസ്റ്റല്‍ മെസ്സുകള്‍, ചെറുകിട ഹോട്ടലുകള്‍ എന്നിവയുടെ പ്രവര്‍ത്തനം താളംതെറ്റി.
പലയിടങ്ങളിലും മെനു വെട്ടിക്കുറയ്ക്കുകയും ഭക്ഷണസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുകയും ചെയ്തു. ഗ്യാസ് ലഭ്യത കുറഞ്ഞതോടെ പലരും വിറകടുപ്പുകളി ലേക്കും ബയോഗ്യാസ് സംവിധാനങ്ങളിലേക്കും തിരിച്ചുപോയിത്തുടങ്ങി. എല്‍പിജിയില്‍ നിന്ന് പിഎന്‍ജിയിലേക്ക് മാറാന്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രതിസന്ധി കൂടുതല്‍ കടുക്കുമെന്നാണ് സൂചന.
ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ബുക്കിംഗ് നമ്പറുകളില്‍ നിന്ന് മറുപടി ലഭിക്കാത്തത് ഉപഭോക്താക്കളെ വലയ്ക്കുന്നു. അതിനിടയില്‍ സൗദി അറേബ്യയില്‍ നിന്ന് ക്രൂഡ് ഓയിലുമായി ഒരു കപ്പല്‍ കൂടി ഇന്ന് ഇന്ത്യയിലെത്തും.
പ്രതിസന്ധി മുതലെടുത്ത് പാചകവാതകം അമിതവിലയ്ക്ക് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ രണ്ട് കപ്പലുകള്‍ക്ക് ഇറാന്‍ അനുമതി നല്‍കിയത് ആശ്വാസമായിട്ടുണ്ട്.