-->
പ്രായമായവരെ സംബന്ധിച്ച് അല്പം കഠിനമായ ജോലി ചെയ്യുക എന്നുള്ളത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് മുപ്പത് കഴിഞ്ഞ യുവതീ യുവാക്കള്‍ക്കാണ് ഈ പ്രശ്‌നം. തെറ്റായ ജീവിത ശൈലിയും, തിരക്കുപിടിച്ച ജോലിയുമെല്ലാം പലരെയും മാരക രോഗങ്ങള്‍ക്ക് അടിമയായിക്കൊണ്ടിരിക്കുകയാണ്. നടുവേദനയും, സന്ധിവേദനയും, മുട്ടുവേദനയുമെല്ലാം ഇന്ന് ചെറുപ്പക്കാരുടെ സ്ഥിരം പ്രശ്‌നങ്ങളാണ്. എന്നാല്‍ ഇതിനിടയിലാണ് 100-ാം വയസ്സിലും വീട്ടു ജോലികളെല്ലാം ഒറ്റയ്ക്കു ചെയ്യുന്ന ആരോഗ്യവതിയായ ഒരു മുത്തശ്ശിയുടെ കഥ കൊച്ചുമകള്‍ പങ്കുവച്ചത്. ടെയ്‌ലര്‍ ബ്രൌണ്‍ എന്ന യുവതിയാണ് 100 വയസ്സുള്ള തന്റെ മുത്തശ്ശിയുടെ ആരോഗ്യമുള്ള ജീവിതശൈലിയുടെ വിഡിയോ പങ്കുവച്ചത്.
വിഡിയോയില്‍ ബെര്‍ണി എന്ന മുത്തശ്ശി ഏറെ സന്തോഷവതിയായാണ് കാണപ്പെടുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന മുത്തശ്ശി വീട്ടിലെ ജോലികളെല്ലാം തനിയെയാണ് ചെയ്യുന്നത്. മുപ്പതു വയസ്സില്‍ത്തന്നെ മുട്ടു മടങ്ങുന്നില്ല, നടുവേദന കാരണം ജോലി ചെയ്യാന്‍ പറ്റുന്നില്ല എന്ന് പറയുന്ന ചെറുപ്പക്കാര്‍ നൂറിന്റെ നിറവില്‍ ചുറുചുറുക്കോടെ ജീവിക്കുന്ന ഈ മുത്തശ്ശിയുടെ കഥ തീര്‍ച്ചയായും അറിയണം. ദിവസം മുഴുവന്‍ എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുന്നതാണ് ബെര്‍ണി മുത്തശ്ശിയുടെ വ്യായാമം. മുട്ടു കുത്തിയിരുന്നു തറ തുടയ്ക്കുക, നിന്നും ഇരുന്നും നടന്നും കുനിഞ്ഞും പല വിധത്തിലുള്ള ജോലികള്‍ ചെയ്യുക എന്നിങ്ങനെ ദിവസം മുഴുവന്‍ ഊര്‍ജ്ജ്വസ്വലയായിരിക്കും മുത്തശ്ശി. വീട്ടില്‍ പൊടിയൊന്നും കയറാതെ വൃത്തിയായി തൂത്തും തുടച്ചുമിടുന്നതും മുത്തശ്ശിതന്നെ.
വീട്ടില്‍ പാചകം ചെയ്യുന്ന ലളിതമായ അതേ സമയം പോഷകഗുണങ്ങളുള്ള ആഹാരമാണ് മുത്തശ്ശി കഴിക്കുന്നത്. വൈറ്റമിനുകള്‍ അടങ്ങിയ സമീകൃതാഹാരം ശീലമാക്കിയ മുത്തശ്ശി എത്ര ഇഷ്ടപ്പെട്ട ഭക്ഷണമാണെങ്കിലും മിതമായ അളവിലെ കഴിക്കൂ. ഭക്ഷണം ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കുമെന്ന് മുത്തശ്ശിക്കറിയാം. പുതിയ തലമുറയിലെ ആളുകളെപ്പോലെ ദിവസത്തില്‍ ഏറിയ പങ്കും വീടിനുള്ളിലിരുന്ന് ഫോണില്‍ ചെലവഴിക്കാന്‍ മുത്തശ്ശിക്കിഷ്ടമല്ല. കഴിയുന്നിടത്തോളം സമയം വീടിനു പുറത്ത് ചെലവഴിക്കും. പറ്റുന്നത വെയില്‍ കൊള്ളും. ശുദ്ധമായ വായുവും വെളിച്ചവുമുള്ള അന്തരീക്ഷവും മനസ്സിലും ശരീരത്തിലും ഉന്‍മേഷം നിറയ്ക്കുമെന്നാണ് മുത്തശ്ശിയുടെ പക്ഷം. ഒരിക്കല്‍പ്പോലും സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചിട്ടില്ലെന്നു പറഞ്ഞ് മുത്തശ്ശി ഒരു കള്ളച്ചിരി ചിരിക്കും. മുത്തശ്ശിയുടെ അഭിപ്രായത്തില്‍ മതിയായ അളവിലുള്ള സൂര്യപ്രകാശം ശരീരത്തിലെ വൈറ്റമിന്‍ ഡി വര്‍ധിപ്പിക്കാനും അസ്ഥികളെ ശക്തിപ്പെടുത്താനും മാനസികാവസ്ഥ ഉയര്‍ത്താനും സഹായിക്കും.
മാത്രമല്ല വ്യായാമം ചെയ്യാനും ബെര്‍ണി മുത്തശ്ശി സമയം കണ്ടെത്താറുണ്ട്. എല്ലാ ദിവസവും വൈകുന്നേരം പസിലുകള്‍ സോള്‍വ് ചെയ്താണ് മുത്തശ്ശി ബുദ്ധിയെ ഉണര്‍ത്തുന്നത്. മാനസിക സന്തോഷത്തോടൊപ്പം ഈ വിനോദം ബുദ്ധിയ്ക്ക് ഉണര്‍വു കൂടി പ്രദാനം ചെയ്യും. 100 വയസ്സിലും അപാരമായ സ്വാതന്ത്യ്രത്തോടുകൂടിയാണ് മുത്തശ്ശിയുടെ ജീവിതം. സ്വന്തം ഇഷ്ടപ്രകാരം തനിയെ ജീവിക്കാനും ഒറ്റയ്ക്കു ജോലികള്‍ ചെയ്യാനും താളാത്മകതയോടെ ജീവിതം ആസ്വദിക്കാനും മുത്തശ്ശിയ്ക്ക് കഴിയുന്നുണ്ട്. പുതിയ കാലത്തെ ട്രെന്‍ഡുകള്‍ പിന്തുടരാതെ, ഒന്നിനെക്കുറിച്ചും അമിതമായി ആലോചിക്കാതെ മുത്തശ്ശി ജീവിതം ആസ്വദിക്കുകയാണ്. കടന്നു പോയ യുവത്വത്തെ പിന്തുടരാനുള്ള ഓട്ടപ്പാച്ചിലുകള്‍ നടത്താതെ, അവനവനോട് സത്യസന്ധത പുലര്‍ത്തി, ചെറിയ ദിനചര്യകള്‍ പാലിച്ച് മുന്നോട്ടുപോകുന്നതാണ് തന്റെ ആരോഗ്യത്തിന്റെയും ദീര്‍ഘായുസ്സിന്റെയും യഥാര്‍ഥ രഹസ്യമെന്നാണ് മുത്തശ്ശി പറയുന്നത്.