-->
ദീപാവലി ഘോഷ് എന്ന എഴുപതുകാരിയായ മുത്തശ്ശിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത്. പതിറ്റാണ്ടുകളായി ഹോട്ടല്‍ ബിസിനസ് നടത്തിയാണ് ഈ മുത്തശ്ശി ജീവിക്കുന്നത്. ലോക്ഡൗണിന് ശേഷം തന്റെ ബിസിനസ് തകര്‍ച്ചയിലായെങ്കിലും, പ്രായത്തിന്റെ അവശതകളും കേള്‍വിക്കുറവും അവഗണിച്ചു കൊണ്ട് അവര്‍ തന്റെ ചെറിയ റൈസ് ഹോട്ടല്‍ മുന്നോട്ട് കൊണ്ടുപോകുകയാണ്. ഇന്‍ഫ്‌ലുവന്‍സറായ ആരാധന ചാറ്റര്‍ജി പങ്കുവെച്ച വീഡിയോയിലൂടെയാണ് ദീപാലി മുത്തശ്ശിയുടെ ജീവിതം ലോകമറിഞ്ഞത്. തനിക്കും കുടുംബത്തിനും ഒരുകാലത്ത് അന്നം നല്‍കിയ ആ ചെറിയ കട തന്നെയാണ് ഇന്നും അവരുടെ ഏക ആശ്രയം.
ഭര്‍ത്താവിന്റെ മരണശേഷം കഴിഞ്ഞ മുപ്പത് വര്‍ഷമായി ഈ ഭക്ഷണശാല ദീപാലി ഒറ്റയ്ക്കാണ് നടത്തിവരുന്നത്. സാധനങ്ങള്‍ വാങ്ങുന്നത് മുതല്‍ പാചകം ചെയ്യുന്നതും പാത്രങ്ങള്‍ കഴുകുന്നതും കട വൃത്തിയാക്കുന്നതും വരെ അവര്‍ തനിയെ ചെയ്യുന്നു. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയും കരിപിടിച്ച ചുവരുകളുമുള്ള ആ കൊച്ചു കടയ്ക്കുള്ളിലെ ഒരു പ്ലൈവുഡ് കഷ്ണത്തിന് മുകളിലാണ് അവരുടെ ഉറക്കം. ദിവസവും അഞ്ചില്‍ താഴെ മാത്രം ഉപഭോക്താക്കള്‍ എത്തുന്ന ഈ കടയില്‍ നിന്നുള്ള വരുമാനം അവരുടെ മരുന്നിനും ഭക്ഷണത്തിനും പോലും തികയാത്ത അവസ്ഥയിലാണ്.
വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ വേട്ടയാടുമ്പോഴും ആരുടെയും സഹായമില്ലാതെ അന്തസ്സോടെ ജീവിക്കാനാണ് ഈ മുത്തശ്ശി ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു വൃദ്ധസദനത്തിലേക്ക് മാറാന്‍ അവര്‍ തയ്യാറല്ല. കുടുംബത്തിന്റെ പിന്തുണയില്ലാതെ, സ്വന്തം അധ്വാനത്തില്‍ വിശ്വസിച്ച് ജീവിക്കുന്ന അവരുടെ നിശ്ചയദാര്‍ഢ്യം ഏതൊരാളെയും അത്ഭുതപ്പെടുത്തുന്നതാണ്. ഈ പോരാട്ടവീര്യം തിരിച്ചറിഞ്ഞ ആരാധന ചാറ്റര്‍ജിയും കൂട്ടരും മുത്തശ്ശിയുടെ കട പുതുക്കിപ്പണിയാനും അവര്‍ക്ക് മാന്യമായ ഒരു ജീവിതസാഹചര്യം ഒരുക്കാനുമുള്ള തയ്യാറെടുപ്പിലാണ്.
സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി സഹായങ്ങള്‍ മുത്തശ്ശിയെ തേടിയെത്തി. മുത്തശ്ശിയെ നേരിട്ട് കണ്ട് സഹായിക്കണമെന്നും കടയുടെ അറ്റകുറ്റപ്പണികള്‍ക്കായി പണം നല്‍കാമെന്നും അറിയിച്ച് നിരവധി യുവാക്കള്‍ രംഗത്തെത്തി. എഴുപതാം വയസ്സിലും ആരെയും ആശ്രയിക്കാതെ സ്വതന്ത്രമായി ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.