-->
തായ്‌ലന്‍ഡിലെ പ്രശസ്ത ദ്വീപുകളായ കോ ടാവോയ്ക്കും കോ സമുയിക്കും ഇടയിലുണ്ടായ ഫെറി അപകടത്തെക്കുറിച്ച് ഏറെ ഞെട്ടലോടെയാണ് നാം കേട്ടത്. അപകത്തില്‍ ഫെറിയാത്രക്കാരെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയെങ്കിലും യാത്രക്കാരുടെ സ്യൂട്ട്‌കേസുകളും ബാക്ക്പാക്കുകളും ബാഗുകളും കടലില്‍ ഒഴുകി നടക്കുകയാണ്. ഇത് മറ്റൊരു ദുരന്തമാണെന്ന് സമൂഹ മാധ്യമ ഉപോയോക്തക്കളും പറന്നു.
കടല്‍ക്ഷോഭത്തില്‍ ഫെറിയുടെ മുകള്‍ത്തട്ടില്‍ വെച്ചിരുന്ന ലഗേജുകള്‍ നനഞ്ഞ ഡെക്കിലൂടെ തെന്നിമാറി കടലിലേക്ക് പതിക്കുകയായിരുന്നു. കടലില്‍ ഒഴുകി നടക്കുന്ന സ്യൂട്ട്‌കേസുകളുടെ ദൃശ്യങ്ങള്‍ ഒരു ഓസ്‌ട്രേലിയന്‍ ടൂറിസ്റ്റാണ് തന്റെ സമൂഹ മാധ്യമ പേജിലൂടെ പങ്കുവെച്ചത്. തിരമാലകളില്‍ ഒഴുകി നടക്കുന്ന സ്യൂട്ട്‌കേസുകളും അവ തിരിച്ചെടുക്കാന്‍ പാടുപെടുന്ന ജീവനക്കാരെയും ദൃശ്യങ്ങളില്‍ കാണാം. വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, പാസ്‌പോര്‍ട്ടുകള്‍, ഇന്‍ഷുറന്‍സ് പേപ്പറുകള്‍ യാത്രാ രേഖകള്‍ തുടങ്ങി യാത്രക്കാരുടെ നിരവധി വസ്തുക്കളാണ് നഷ്ടപ്പെട്ടത്.
കടല്‍ക്ഷോഭത്തിന് സാധ്യതയുള്ള റൂട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന തായ്‌ലന്‍ഡിലെ ഫെറി സര്‍വീസുകളുടെ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് സംഭവം വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. അതോടൊപ്പം തീര്‍ത്തും ഉത്തരവാദിത്വമില്ലാതെ സഞ്ചാരികളുടെ ലഗേജുകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ നടപടിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. ലഗേജുകള്‍ സുരക്ഷിതമാക്കുന്നതില്‍ ജീവനക്കാര്‍ക്ക് തീരെ ഉത്തരവാദിത്വമില്ലെന്നാണ് മുന്‍പ് യാത്ര ചെയ്തിട്ടുള്ളവരും ആരോപണം ഉയര്‍ത്തിയിരുന്നു.