-->
ന്യൂഡല്‍ഹി: ഗോവയില്‍ 25 പേരുടെ മരണത്തിനിടയാക്കിയ നൈറ്റ്ക്ലബ്ബ് അഗ്നിബാധയ്ക്ക് പിന്നാലെ തായ്‌ലന്റിലേക്ക് മുങ്ങിയ നൈറ്റ്ക്ലബ്ബ് ഉടമകളായ ലൂത്തരാ സഹോദരന്മാര്‍ പിടിയിലായതായി റിപ്പോര്‍ട്ട്. കൂട്ടമരണം ഉണ്ടായ അഗ്നിബാധയ്ക്ക് തൊട്ടുപിന്നാലെ ഇവര്‍ മുങ്ങുകയായിരുന്നു. എന്നാല്‍ ഇന്റര്‍പോള്‍ ബ്‌ളൂ കോര്‍ണര്‍ നോട്ടീസ് പുറത്തുവിട്ടതിനാല്‍ തായ്‌ലന്റിലെ ഫുക്കറ്റില്‍ അറസ്റ്റിലാകുകയായിരുന്നു.
ഇന്നലെ ഇരുവര്‍ക്കുമെതിരേ ബ്‌ളൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി ഇന്ത്യയിലേക്ക് തിരികെയെത്തിക്കുന്നതിന് ഗോവന്‍ പോലീസ് ഉടന്‍ തായ്‌ലന്റിലേക്ക് പറക്കും. നൈറ്റ് ക്ലബ്ബില്‍ തീപിടിച്ച സംഭവം നടന്ന് കേവലം അഞ്ചു മണിക്കൂറിനുള്ളില്‍ ഇന്‍ഡിഗോ വിമാനത്തിലായിരുന്നു ഇരുവരും തായ്‌ലന്റില്‍ എത്തിയത്. എന്നാല്‍ വിമാനക്കമ്പനി പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇരുവരും ഇന്ത്യയില്‍ നിന്നും പറന്നതെന്നത് സംശയാസ്പദമായ സാഹചര്യമായി മാറുന്നുണ്ട്.
ഡിസംബര്‍ 7 ന് പുലര്‍ച്ചെ 1.17 നായിരുന്നു ഇരുവരും ടിക്കറ്റ് ബുക്ക് ചെയ്തത്. ഈ സമയത്ത് ക്ലബ്ബിനുള്ളില്‍ അഗ്നിശമന വിഭാഗം തീയണയ്ക്കാനും കുടുങ്ങിപ്പോയവരെ രക്ഷിക്കാനും നെട്ടോട്ടമോടുകയായിരുന്നു. അതേസമയം ക്ലബ്ബിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ ഇടപെടാറില്ലെന്നും ഇത് പ്രതികാര നടപടിയാണെന്നുമായിരുന്നു ഇവര്‍ കോടതിയില്‍ വ്യക്തമാക്കിയത്. അതേസമയം സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ സ്വത്ത് നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടിസ്ഥാന സുരക്ഷാ നടപടികള്‍ ഇല്ലെന്നും അധികൃതര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പ്രമോദ് മാധവിന്റെ നിര്‍ദ്ദേശപ്രകാരം പൊളിച്ചുമാറ്റി.
സഹോദരന്മാരെ 'ഉടന്‍' തിരികെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മാധവ് പ്രതിജ്ഞയെടുത്തു, തീരദേശ മേഖലയിലുടനീളമുള്ള നൈറ്റ്ക്ലബ് ഉടമകള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അല്ലെങ്കില്‍ സമാനമായ നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച, ബിര്‍ച്ച് ബൈ റോമിയോ ലെയ്നിന്റെ സഹ ഉടമയായ അജയ് ഗുപ്തയെ ഡല്‍ഹിയില്‍ കസ്റ്റഡിയിലെടുത്തു.