-->
ഗുവാഹട്ടി: പോരാട്ടം രവീന്ദ്രജഡേജയില്‍ മാത്രം ഒതുങ്ങി നിന്നതോടെ ഇന്ത്യയ്ക്ക് എതിരേ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 549 റണ്‍സ് വിജയലക്ഷ്യം തേടിപ്പോയ ഇന്ത്യ 140 ന് പുറത്തായതോടെ 408 റണ്‍സിന്റെ കൂറ്റന്‍വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യ ടെസ്റ്റ് 30 റണ്‍സിന് നേരത്തേ ജയിച്ച ഇതോടെ പരമ്പര 2-0 ന് തൂത്തുവാരി. ദക്ഷിണാഫ്രിക്ക ഇതാദ്യമാണ് ഇന്ത്യയില്‍ ഒരു പരമ്പര തൂത്തുവാരുന്നത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 489 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 260 റണ്‍സും എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 201 റണ്‍സിനും രണ്ടാം ഇന്നിംഗ്‌സില്‍ 140 റണ്‍സിനും പുറത്തായി. ആദ്യ ഇന്നിംഗ്‌സില്‍ ജാന്‍സണും രണ്ടാം ഇന്നിംഗ്‌സില്‍ ഹാര്‍മറും ഇന്ത്യന്‍ ബാറ്റിംഗിന്റെ അന്തകനായി. ആറു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
അഞ്ചാംദിനമായ ഇന്ന് ഇന്ത്യ പൊരുതി നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അര്‍ദ്ധശതകം നേടിയ രവീന്ദ്രജഡേജയില്‍ മാത്രമായി ആ പോരാട്ടം ചുരുങ്ങിപ്പോയി. 87 പന്തുകള്‍ നേരിട്ട ജഡേജ 54 റണ്‍സ് എടുത്തു പുറത്തായി. മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കൊന്നും ദക്ഷിണാഫ്രിക്കന്‍ സ്പിന്നിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോയി. വാലറ്റം പൊരുതാതെ തന്നെ കീഴടങ്ങിയതോടെ ഇന്ത്യയുടെ തോല്‍വി വേഗത്തിലായി. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ സിമോണ്‍ ഹാര്‍മറാണ് ഇന്ത്യയെ പൊളിച്ചടുക്കിയത്. 37 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകള്‍ വീഴ്ത്തി.
രവീന്ദ്ര ജഡേജ 54 റണ്‍സിന് മഹാരാജിന്റെ പന്തില്‍ വെരേയ്‌നെയ്ക്ക് ക്യാച്ച് നല്‍കി. 16 റണ്‍സ് എടുത്ത വാഷിംഗ്ടന്‍ സുന്ദര്‍ ഹാര്‍മറിന്റെ പന്തില്‍ മാര്‍ക്രത്തിന്റെ കയ്യില്‍ കുടുങ്ങി. 13 റണ്‍സ് എടുത്ത നായകന്‍ ഋഷഭ് പന്തിനും അതു തന്നെയായിരുന്നു വിധി. നിതീഷ് കുമാര്‍ റെഡ്ഡി പൂജ്യത്തിന് പുറത്തായി. ഹാര്‍മറിന്റെ പന്തില്‍ വെരേയ്‌നേയ്ക്കായിരുന്നു ക്യാച്ച്. ഇന്ന് കുല്‍ദീപ് യാദവിനെ അഞ്ചിന് ക്ലീന്‍ ബൗള്‍ ചെയ്തുകൊണ്ടായിരുന്നു ഹാര്‍മര്‍ തുടങ്ങിയത്. പിന്നാലെ ധ്രുവ് ജ്യറുറലിനെ മാര്‍ക്രമിന്റെ കയ്യിലും എത്തിച്ചു.